Connect with us

Kerala

വി എസിന് ഇനി വഴങ്ങില്ല; എന്ത് ചെയ്യുമെന്ന് ആകാംക്ഷ

Published

|

Last Updated

ആലപ്പുഴ: പാര്‍ട്ടി അച്ചടക്കം വിട്ടൊരു കളിയില്ലെന്ന് നേതാക്കളെല്ലാം ഒറ്റസ്വരത്തില്‍ പറഞ്ഞതോടെ സി പി എമ്മില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഭാവി എന്താകുമെന്നതില്‍ ആകാംക്ഷ. പൂര്‍ണമായി കീഴടങ്ങുക, അല്ലെങ്കില്‍ നിലപാടില്‍ ഉറച്ചുനിന്ന് പാര്‍ട്ടിക്ക് പുറത്തേക്ക് ഇറങ്ങുക. രണ്ടിലൊന്ന് സ്വീകരിക്കുകയേ ഇനി വി എസിന് വഴിയുള്ളൂ.

വി എസ് വിട്ടുനിന്നിട്ടും സമ്മേളനത്തിന്റെ സമ്പൂര്‍ണ വിജയം നിലപാട് കൂടുതല്‍ കടുപ്പിക്കാന്‍ നേതൃത്വത്തിന് കരുത്താകും. സമ്മേളനം ബഹിഷ്‌കരിച്ച് വി എസ് നടത്തിയ വിലപേശല്‍ പാര്‍ട്ടി സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തെന്ന വികാരമാണ് നേതൃത്വത്തിന്. മുതിര്‍ന്ന നേതാവ് എന്ന പരിഗണന പലവട്ടം നല്‍കിയിട്ടും പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത് ഇനി സ്വീകാര്യമല്ലെന്ന നിലപാടിലാണ് നേതൃത്വം.
സമാപന സമ്മേളനത്തില്‍ സംസാരിച്ച നേതാക്കളെല്ലാം പങ്കുവെച്ച വികാരവും ഇതുതന്നെ. പാര്‍ട്ടി സ്ഥാപകരില്‍ ഒരാളെന്ന പരിഗണന വി എസിന് നല്‍കും. എന്നാല്‍ അച്ചടക്കം വിട്ടൊരു കളിയില്ല. ഇതായിരുന്നു നേതാക്കളുടെയെല്ലാം പ്രസംഗത്തിന്റെ സാരം. സമ്മേളന റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കുക, സമ്മേളന തലേന്ന് പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ച് പാസാക്കിയ പ്രമേയം പിന്‍വലിക്കുക, ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടി പി കുഞ്ഞനന്തനും മനോജിനുമെതിരെ നടപടി സ്വീകരിക്കുക- ഇതാണ് വി എസിന്റെ ആവശ്യങ്ങള്‍.
സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം പി ബി പരിശോധിക്കാമെന്ന ഉറപ്പ് മാത്രമാണ് ഇതുവരെ വി എസിന് നല്‍കിയിട്ടുള്ളത്. പ്രമേയം മരവിപ്പിക്കില്ലെന്ന് മാത്രമല്ല, അതിലെ ഒരു വാക്ക് പോലും തിരുത്തിയിട്ടില്ലെന്ന് പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും സമാന അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. ഒരുപടി കൂടി കടന്ന്, ടി പി കേസില്‍ പാര്‍ട്ടിക്കാരനായ ഒരാള്‍ക്ക് മാത്രമേ പങ്കുള്ളൂവെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും കാരാട്ട് വ്യക്തമാക്കി. അയാള്‍ക്കെതിരെ നടപടിയെടുത്തു. ഇനിയാര്‍ക്കെതിരെയും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
സമ്മേളന റിപ്പോര്‍ട്ടിലെ ചിലപരാമര്‍ശങ്ങള്‍ ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. എസ് രാജേന്ദ്രന്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കി വി എസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ചിലതാണ് മരവിപ്പിച്ചത്. ഇതില്‍ കവിഞ്ഞ് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് പാര്‍ട്ടി നല്‍കുന്ന സന്ദേശം. പാര്‍ട്ടി അച്ചടക്കം പാലിച്ച് വഴങ്ങിയാല്‍ സംസ്ഥാനകമ്മറ്റിയില്‍ തിരിച്ചെത്താം. ഉപാധികളൊന്നും സ്വീകരിക്കില്ല-വി എസിന് ഒടുവില്‍ പാര്‍ട്ടി നല്‍കുന്ന സന്ദേശം ഇത് തന്നെ. ഈ സാഹചര്യത്തെ വി എസ് ഇനി എങ്ങനെ നേരിടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുന്‍കാല അനുഭവങ്ങള്‍ അനുസരിച്ചാണെങ്കില്‍ വി എസ് പാര്‍ട്ടിക്ക് വഴങ്ങിയേക്കും. അങ്ങനെ വന്നാല്‍ത്തന്നെ, സമ്മേളനത്തില്‍ വിട്ടുനിന്നതിന്റെ പേരില്‍ എന്ത് നടപടി നേരിടേണ്ടിവരുമെന്നതും നിര്‍ണായകമാണ്. പാര്‍ട്ടിയുമായി വഴങ്ങാതെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസോടെ കേന്ദ്ര കമ്മിറ്റി അംഗത്വവും നഷ്ടപ്പെടും. അങ്ങനെവന്നാല്‍ വി എസ് വെറും ബ്രാഞ്ച് കമ്മിറ്റി അംഗമായി മാറേണ്ടിവരും.