Connect with us

Kasargod

തുടക്കം മഹാഗുരുവിനോടുള്ള ആദരമായി

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: ചരിത്ര സംഗമത്തിനൊരുങ്ങി നില്‍ക്കുന്ന താജുല്‍ ഉലമ നഗരി ഇന്നലെ മഹാഗുരുവിന്റെ വേര്‍പാടിന്റെ വേദനക്കൊപ്പമായിരുന്നു. പണ്ഡിത തറവാട്ടിലെ കാരണവര്‍ എം എ ഉസ്താദിനോടുള്ള ആദരവായി സമ്മേളന നഗരിയില്‍ പതിനായിരങ്ങള്‍ ഒത്തുച്ചേര്‍ന്നു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കത്തിനിടെ വിട ചൊല്ലിയ പണ്ഡിതവര്യന്റെ ചിന്തയും ദര്‍ശനവും പങ്കുവെച്ച നഗരി പ്രാര്‍ഥനക്കൊപ്പം നൂറുല്‍ ഉലമയുടെ ഓര്‍മ പുതുക്കി. മദ്‌റസ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലും പണ്ഡിതസഭയുടെ അമരത്തും പതറാതെ നിന്ന നായകന്റെ ഉജ്ജ്വല സ്മരണകള്‍ വായിച്ചെടുക്കുകയായിരുന്നു നിറഞ്ഞുകവിഞ്ഞ നഗരി.

എം എ ഉസ്താദ് സംയുക്ത കൃതികളുടെ പ്രകാശനത്തിനും അനുസ്മരണത്തിനുമായി അപ്രതീക്ഷിത ആള്‍ക്കൂട്ടമാണ് എത്തിയത്. സമ്മേളന ഉപഹാരമായാണ് സംയുക്തകൃതികള്‍ പുറത്തിറക്കിയത്. റീഡ് പ്രസ്സ് പ്രസിദ്ധീകരിച്ച സമസ്ത പ്രസിഡന്റായിരുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികളുടെ പ്രകാശനം സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ടി സി മമ്മുഞ്ഞി ഹാജി കാസര്‍കോട് ആദ്യപ്രതി ഏറ്റുവാങ്ങി. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആദ്യപതിപ്പിലെ മുഴുവന്‍ കോപ്പികളും പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് പൂര്‍ത്തിയാക്കിയത് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയായി.
സി മുഹമ്മദ് ഫൈസി സംയുക്ത കൃതികള്‍ പരിചയപ്പെടുത്തി. എം എ ഉസ്താദ് രചനകളുടെ അറുപത് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കാസിം ഇരിക്കൂര്‍ സംസാരിച്ചു. അനുസ്മരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ വി അബ്ദുറസാഖ് സഖാഫി സംബന്ധിച്ചു. എന്‍ അലി അബ്ദുല്ല സ്വാഗതവും മുസ്തഫ കോഡൂര്‍ നന്ദിയും പറഞ്ഞു.
ഇന്ന് ഏഴ് മണിക്ക് മാപ്പിളപ്പാട്ടിന്റെ പാരമ്പര്യം”എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം നടക്കും. ഡോ ഉമര്‍ തറമേല്‍ ഉദ്ഘാടനം ചെയ്യും. കാനേഷ് പൂനൂര്‍, കെ അബൂബക്കര്‍, എ പി അഹമ്മദ്, നാസര്‍ എടരിക്കോട് ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ ഏഴ് മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം ഡോ. പി എം വാര്യര്‍ ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ തൈകാടന്‍, കോട്ടക്കല്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ പരവക്കല്‍ ഉസ്മാന്‍കുട്ടി, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാങ്ങാട്ട് ബാവ, തെന്നല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്‌റഫ് തെന്നല, കെ പി കെ ബാവഹാജി, ബഷീര്‍ എടരിക്കോട്, വറൈറ്റി ബീരാന്‍കുട്ടി ഹാജി, റജിമാത്യു പങ്കെടുക്കും. 8 മണിക്ക് എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. എല്ലാ ദിവസവും കലാനിശയും ഒരുക്കിയിട്ടുണ്ട്. 26ന് എസ് വൈ എസിന്റെ സേവന സന്നദ്ധ സംഘമായ സ്വഫ്‌വ റാലിയോടെയാണ് സമ്മേളനത്തിന് ഓദ്യോഗികമായി തുടക്കം. പ്രത്യേക യൂനിഫോമില്‍ കാല്‍ ലക്ഷം സ്വഫ്‌വ അംഗങ്ങളാണ് റാലിയില്‍ സംബന്ധിക്കുക.

Latest