ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ എയര്‍ ഇന്ത്യ തീരുമാനം

Posted on: February 24, 2015 4:02 am | Last updated: February 24, 2015 at 10:03 am

കൊച്ചി: കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി എയര്‍ ഇന്ത്യ ലാഭത്തിന്റെ റണ്‍വേയില്‍ എത്തിയതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന വിധത്തില്‍ വീണ്ടും ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ പത്ത് ശതമാനം ചെലവുചുരുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും എയര്‍ ഇന്ത്യ സി എം ഡി രോഹിത് നന്ദന്‍ വകുപ്പ് മേധാവികള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നടപടിയുടെ ഭാഗമായി ഈ മാസം അവസാനത്തോടെ അധികമുള്ള ജീവനക്കാരെ കണ്ടെത്തി ഒഴിവുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കാനും സ്വയം വിരമിക്കലിനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. കൂടാതെ താത്കാലിക നിയമനങ്ങളെല്ലാം റദ്ദാക്കാനും ഉദ്യോഗസ്ഥര്‍ക്കുള്ള കാറുകളും മറ്റു വാഹനങ്ങളും വാങ്ങുന്നത് നിര്‍ത്തി വെക്കുന്നതിനും ഉപയോഗശൂന്യമായ വണ്ടികള്‍ വിറ്റഴിക്കുന്നതിനും തീരുമാനിച്ചു. വിദേശത്തേക്ക് ഫോണ്‍ ചെയ്യുന്നതിനുള്ള റോമിംഗ് സമ്പ്രദായം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം വിവിധ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാവശ്യ വിമാനയാത്രകളും തടഞ്ഞിട്ടുണ്ട്. ഇനി മുതല്‍ എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വിമാനയാത്ര അനുവദിക്കുകയുള്ളൂ. മുന്‍കൂര്‍ അനുമതിയോടെ ഇക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യാനേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ കോണ്‍ഫറന്‍സുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പകരം ചെലവ് ചുരുക്കും വിധത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് അടക്കം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.