Connect with us

Kasargod

നൂറുല്‍ ഉലമയുടെ മഖ്ബറയിലേക്ക് സന്ദര്‍ശന പ്രവാഹം; വീര്‍പ്പുമുട്ടി സഅദാബാദ്

Published

|

Last Updated

ദേളി(കാസര്‍കോട്): മുക്കാല്‍ നൂറ്റാണ്ടുകാലം സമുദായത്തെ മുന്നില്‍നിന്ന് നയിച്ച എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വഫാത്തിനുശേഷവും വിശ്വാസികള്‍ക്ക് അഭയമാകുന്നു.

എം എ ഉസ്താദിനെ ഖബറടക്കിയ ദേളി സഅദാബാദിലെ മസാറിലേക്ക് രാപകല്‍ ഭേദമന്യേ സന്ദര്‍ശക പ്രവാഹം തുടരുകയാണ്. വഫാത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ ഉസ്താദിന്റെ ആത്മീയ സാന്നിധ്യം കൊതിച്ച് വിദൂര ദിക്കുകളില്‍നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ ഉസ്താദിനെ ഖബറടക്കം ചെയ്ത ഉടനെ മസാറില്‍ ആരംഭിച്ച ഖുര്‍ആന്‍ പാരായണം 40 ദിവസം വരെ തുടരും. ഒരേസമയം നൂറുകണക്കിനാളുകള്‍ ഖുര്‍ആന്‍ പാരായണങ്ങളില്‍ പങ്കാളികളാകുന്നു. എല്ലാ ദിവസവും മഗ്‌രിബ് നിസ്‌കാരശേഷം സ്ഥാപനത്തിലെ ആയിരത്തിലേറെ വിദ്യാര്‍ഥികളും ഉസ്താദുമാരും ഒത്തുചേര്‍ന്ന് യാസ്വീന്‍ ഓതി പ്രിയ ഉസ്താദിനു വേണ്ടി പ്രാര്‍ഥനയില്‍ മുഴുകുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ തോറും ഉസ്താദിന്റെ പേരില്‍ ഖുര്‍ആന്‍ ഖത്തം പൂര്‍ത്തിയാക്കി. നാടൊട്ടുക്കും എം എ ഉസ്താദിന്റെ പേരില്‍ നടക്കുന്ന പ്രാര്‍ഥനാ മജ്‌ലിസുകളും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. സമസ്തയെ നയിച്ച താജുല്‍ ഉലമക്കുശേഷം അവരുടെ പിന്‍ഗാമിയായി വന്ന നൂറുല്‍ ഉലമ എം എ ഉസ്താദും ആയിരങ്ങള്‍ക്ക് ആത്മീയ വെളിച്ചമേകുകയാണ്. എം എ ഉസ്താദിനെ സിയാറത്ത് ചെയ്ത് ഉസ്താദ് നട്ടുനനച്ച സഅദിയ്യയിലെ അനാഥ-അഗതികള്‍ക്കും മതവിദ്യാര്‍ഥികള്‍ക്കുമുള്ള സംരക്ഷണത്തിന് സംഭാവനകള്‍ നേര്‍ന്ന് ആത്മസാഫല്യത്തോടെയാണ് വിശ്വാസികള്‍ തിരിച്ചുപോകുന്നത്. കുട്ടിക്കാലം മുതല്‍ ജീവിതത്തിന്റെ അവസാന നിമിഷം വരെ സുന്നത്തായ ആരാധനകളില്‍പോലും അതീവ സൂക്ഷ്മതയും കൃത്യതയും കാണിച്ച് ആത്മീയമായി അത്യുന്നതി പ്രാപിച്ച എം എ ഉസ്താദ് നിരവധി ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു. ജീവിതകാലത്ത് ഔറാദുകളിലൂടെയും ആത്മീയ ജ്ഞാനത്തിലൂടെയും ശിഷ്യഗണങ്ങള്‍ക്കും അനുയായികള്‍ക്കും ആത്മീയ വെളിച്ചമേകിയ നൂറുല്‍ ഉലമ സമുദായത്തിന്റെ എക്കാലത്തെയും വെളിച്ചമായി മാറുകയാണ്.
നാളെ ഉച്ചക്ക് സഅദിയ്യയില്‍ ഉസ്താദിന്റെ പേരില്‍ പ്രത്യേക ഖത്തം ദുആ സദസ്സും മാര്‍ച്ച് 29ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനും നടക്കും.

---- facebook comment plugin here -----

Latest