Connect with us

International

പാക്കിസ്ഥാനില്‍ വാന്‍ മറിഞ്ഞ് തീപ്പിടിച്ച് പത്ത് പേര്‍ വെന്തുമരിച്ചു

Published

|

Last Updated

കറാച്ചി: പാക്കിസ്ഥാനില്‍ അമിതമായി യാത്രക്കാരെ കയറ്റിവരികയായിരുന്ന വാന്‍ മറിഞ്ഞ് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 10 പേര്‍ വെന്തുമരിച്ചു. ദക്ഷിണ സിന്ധ് പ്രവിശ്യയിലുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കത്തിക്കരിഞ്ഞ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും സംഭവത്തില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥനായ ജംഷോരോ നഈം ശെയ്ഖ് പറഞ്ഞു. നൂരിയാബാദ് നഗരത്തില്‍ രാത്രിയിലാണ് അപകടം. ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഒരു കുഴിയിലേക്ക് മറിഞ്ഞ വാനിന്റെ സിലിന്‍ഡറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ശെയ്ഖ് പറഞ്ഞു. മൂന്ന് സ്ത്രീകള്‍, രണ്ട് കുട്ടികള്‍, നാല് പുരുഷന്‍മാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് പേര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചതായും വാനിന്റെ ഡോറുകളും മറ്റും മുറിച്ചുമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തിരിച്ചറിയാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

Latest