മാലിദ്വീപ് മുന്‍ പ്രസിഡന്റ് നശീദ് ക്രിമിനല്‍ കേസില്‍ അറസ്റ്റില്‍

Posted on: February 24, 2015 9:41 am | Last updated: February 24, 2015 at 9:41 am

മാലി: മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം ഇന്ത്യയില്‍ അഭയം തേടി കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചവരെ അദ്ദേഹം ഇന്ത്യയിലായിരുന്നു. 2012ലാണ് അട്ടിമറിയിലൂടെ ഇദ്ദേഹത്തെ മാലിദ്വീപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നത്. മാര്‍ച്ച് 15ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തില്‍ നശീദിന്റെ അറസ്റ്റ് കൂടുതല്‍ വാര്‍ത്ത സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യ താത്പര്യപ്പെടുന്നില്ലെങ്കിലും അവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ക്രിമിനല്‍ കേസില്‍ നശീദ് അറസ്റ്റിലായ കാര്യം ചൈനയും അമേരിക്കയും ഇവിടുത്തെ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ വിചാരണ കഴിയാതെ ഇനി ഇദ്ദേഹത്തിന് മാലിദ്വീപിന്റെ പുറത്തേക്ക് യാത്ര പോകാന്‍ അനുവാദം ലഭിക്കില്ല. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ക്രിമിനല്‍ കോടതിയുടെ ചീഫ് ജഡ്ജിയായിരുന്ന അബ്ദുല്ല ഗാസിയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ സംഭവത്തിലാണ് ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ദൂനിദോ ദ്വീപിലെ ജയിലിലാണ് ഇദ്ദേഹത്തെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് നസീമിനെയും മാലിദ്വീപ് അധികൃതര്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.