സൂററ്റില്‍ കര്‍ഷക പ്രക്ഷോഭം

Posted on: February 24, 2015 4:35 am | Last updated: February 24, 2015 at 9:35 am

സൂററ്റ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ സൂററ്റില്‍ കര്‍ഷക പ്രക്ഷോഭം. സൂററ്റില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ നവസാരി ജില്ലിയില്‍ ഗന്ദേവിയില്‍ നൂറ്റമ്പതിലേറെ കര്‍ഷകര്‍ റാലി നടത്തുകയും ഓര്‍ഡിനന്‍സിന്റെ കോപ്പികള്‍ കത്തിക്കുകയും ചെയ്തു. അതിവേഗ ട്രെയിന്‍ ഇടനാഴി, ഡല്‍ഹി മുംബൈ വ്യവസായ ഇടനാഴി എന്നിവക്കെതിരെയുമാണ് ഗന്ദേവി ഖെതുദ് സമാജിന് കീഴില്‍ കര്‍ഷകര്‍ അണിനിരന്നത്.
ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും തങ്ങളുടെ ഗ്രാമങ്ങള്‍ക്കിടയിലൂടെ പോകുന്ന അതിവേഗ ട്രെയിന്‍ ഇടനാഴിയുടെ സ്ഥലം മാറ്റണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ഡല്‍ഹിയില്‍ ആരംഭിച്ച അന്നാ ഹസാരെയുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച കര്‍ഷകര്‍, മറ്റ് താലൂക്കുകളിലും പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഈ ഗ്രാമങ്ങള്‍ക്കിടയിലൂടെയാണ് ഇടനാഴി പോകുന്നതെങ്കിലും വലിയൊരു ഭാഗം ഫലഭൂയിഷ്ഠമായ ഭൂമി നഷ്ടപ്പെടുകയും കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുകയുമില്ലെന്ന് പ്രാദേശിക കര്‍ഷക നേതാവും പരിസ്ഥിതിവാദിയുമായ ഡോ. ജയേഷ് ന്യാക് പറഞ്ഞു.
ഇടനാഴിക്ക് വേണ്ടി 24 ഗ്രാമങ്ങളില്‍ ഈയടുത്ത് സര്‍വേ സംഘടിപ്പിച്ചിരുന്നു. ഡല്‍ഹി മുംബൈ വ്യവസായ ഇടനാഴിക്ക് വേണ്ടി പതുക്കെയാണെങ്കിലും പണി പുരോഗമിക്കുകയാണ്. ഈ പദ്ധതികള്‍ വന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണര്‍ പട്ടിണിയിലാകും. മാത്രമല്ല, മാങ്ങയും ചിക്കുവും വിളയുന്ന 500 ബിഗാ ഫലഭൂയിഷ്ഠമായ ഭൂമി നഷ്ടപ്പെടുകയും ചെയ്യും. വല്‍സാദ്, സൂററ്റ് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും പ്രക്ഷോഭത്തില്‍ ചേരും. അതേസമയം നവസാരി ജില്ലാ കലക്ടര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.