Connect with us

National

എച്ച് എസ് ബി സിക്ക് ആദായ നികുതി വകുപ്പിന്റെ സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രിട്ടീഷ് മള്‍ട്ടി നാഷനല്‍ കമ്പനിയായ എച്ച് എസ് ബി സിക്ക് ആദായ നികുതി വകുപ്പ് സമന്‍സ് നല്‍കി. നികുതി വെട്ടിപ്പ്, നിയമവിരുദ്ധമായ ബേങ്കിംഗ് ഇടപാടുകള്‍ എന്നിവയെ തുടര്‍ന്നാണ് സമന്‍സ്. ക്രമക്കേടുകളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പുകളുടെ അന്വേഷണം നേരിടുന്നുണ്ടെന്ന് ബേങ്ക് അധികൃതര്‍ തന്നെ പറഞ്ഞു. എച്ച് എസ് ബി സിയുടെ സ്വിസ് ബേങ്ക് യൂനിറ്റില്‍ 1195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെ പുറത്തായിരുന്നു.
തുടര്‍ന്നാണ് ഇന്ത്യയോടൊപ്പം മറ്റു രാജ്യങ്ങളും ബേങ്കുകളില്‍ നിക്ഷേപിച്ച പണത്തില്‍ നിയമവിരുദ്ധമായത് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. അന്വേഷണം നടത്തുന്നവരുമായി സഹകരിക്കുമെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച് എസ് ബി സിയുടെ സ്വിസ് പ്രൈവറ്റ് ബേങ്കിനെ കുറിച്ച് ഈ മാസം ആദ്യം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പൊതു പ്രൊസിക്യൂട്ടര്‍ അന്വേഷണം നടത്തുകയും ഇന്ത്യന്‍ ആദായ നികുതി വകുപ്പ് രാജ്യത്തെ എച്ച് എസ് ബി സി ബേങ്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുകയും സമന്‍സയക്കുകയും ചെയ്തു. എച്ച് എസ് ബി സിയുടെ ജനീവ ഓഫീസില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സ്വിസ് പോലീസ് റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായ ബേങ്കിംഗ് ഇടപാടിനെ തുടര്‍ന്ന് ഇന്ത്യക്കു പുറമെ ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ആദായ നികുതി സ്ഥാപനങ്ങളില്‍ നിന്ന് അന്വേഷണം നേരിടുന്നതായി എച്ച് എസ് ബി സി അധികൃതര്‍ പറഞ്ഞു.