ജയലളിത മുഖ്യമന്ത്രിപദം ഏറ്റെടുക്കണം; യുവാവ് കുരിശിലേറി

Posted on: February 24, 2015 4:31 am | Last updated: February 24, 2015 at 9:33 am

ചെന്നൈ: ജയലളിത മുഖ്യമന്ത്രിപദത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിച്ച് യുവാവ് കുരിശിലേറി. എ ഐ എ ഡി എം കെയെ പിന്തുണക്കുന്ന യുവാവാണ് ജയലളിതക്കു വേണ്ടി ആണിതറച്ച് സ്വയം കുരിശിലേറിയത്. കരാട്ടെയില്‍ വിദഗ്ധനായ ഷിഹാന്‍ ഹുസൈനി എന്നയാളാണ് കൂട്ടുകാരുടെ സഹായത്തോടെ 6.7 മിനുട്ട് നേരത്തേക്ക് കുരിശിലേറിയത്.
ചൊവ്വാഴ്ച ജയലളിതയുടെ 67ാം ജന്മദിനമാണ്. അതിന്റെ ഭാഗമായാണ് പ്രായത്തോട് സാമ്യമുള്ള രീതിയില്‍ 6.7 മിനുട്ട് ഷിഹാന്‍ തിരഞ്ഞെടുത്തത്. ഒരു സംഘം ഡോക്ടര്‍മാരും ആംബുലന്‍സും സമീപത്ത് തയ്യാറാക്കിയാണ് ഷിഹാന്‍ സാഹസികതക്ക് തയ്യാറായത്. അനധികൃതമായി 53 കോടി രൂപ സമ്പാദിച്ച കേസില്‍ ബെംഗളൂരു കോടതി നാല് വര്‍ഷത്തെ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത സ്ഥാനമൊഴിഞ്ഞത്. പിന്നീട് ഒരു മാസത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം വാങ്ങുകയായിരുന്നു. ജയലളിതക്ക് ബെംഗളൂരു കോടതി ശിക്ഷ വിധിച്ചതിന് ശേഷം പാര്‍ട്ടി അനുയായികള്‍ വ്യാപകമായ പ്രതിഷേധങ്ങളാണുയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സൗജന്യമായി ലാപ്‌ടോപ്, ഫാന്‍ എന്നിവ വിതരണം നടത്തിയിരുന്നു ജയലളിത.