Connect with us

Articles

കൊടി പിടിക്കാന്‍ കോടിയേരി

Published

|

Last Updated

“നിങ്ങളെന്താ നടപടിയെക്കുറിച്ച് മാത്രം ചോദിക്കുന്നത്. ആരെയെങ്കിലും പുറത്താക്കാന്‍ കഴിയുമോയെന്നല്ല ഞങ്ങള്‍ നോക്കുന്നത്. വി എസ് ഞങ്ങളുടെ സമുന്നത നേതാവാണ്. വി എസില്‍ ഞങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ട്.”- സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ചോദ്യങ്ങള്‍ കൊണ്ട് പ്രകോപനം സൃഷ്ടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ശ്രമിച്ചപ്പോഴും സൗമ്യത വിടാതെയുള്ള പ്രതികരണം. വി എസ് ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ആഴം മനസ്സിലാകാത്തത് കൊണ്ടൊന്നുമല്ല ഇത്. കോടിയേരി ബാലകൃഷ്ണന്‍ അങ്ങനെയാണ്. പ്രകോപനത്തില്‍ വീഴ്ത്താന്‍ നോക്കിയാലും വീഴാന്‍ കോടിയേരിയെ കിട്ടില്ല. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം സമ്മാനിച്ചതാണ് ഈ കോടിയേരി സ്റ്റൈല്‍. “കോടിയേരി നയതന്ത്രം” എന്നൊരു പ്രയോഗം തന്നെ കേരളാ രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ കേള്‍ക്കാറുണ്ട്. മുഖം തിരിഞ്ഞ് നടക്കുന്നവരേയും പരസ്പരം കടിച്ചുകീറുന്നവരേയും ഒരേ ലൈനിലെത്തിക്കുന്ന രസതന്ത്രം. അപ്പോള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ വരുമോയെന്നാകും സംശയം. എന്നാല്‍ പാര്‍ട്ടി വിട്ടൊരു കളിക്ക് കോടിയേരിയെ കിട്ടില്ല. സംഘാടനമികവും നേതൃപാടവവും ഭരണമികവും ചേര്‍ന്നാല്‍ അത് കോടിയേരി ബാലകൃഷ്ണനാകും. സൗമ്യവും പ്രസാദാത്മകവുമാണ് പെരുമാറ്റം. സംഭവബഹുലമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭൂതകാലം. പിണറായി വിജയനെ പോലെ തന്നെ അടിയന്തരാവസ്ഥ കാലം തന്നെയാണ് കോടിയേരിയിലെ രാഷ്ട്രീയം പാകപ്പെടുത്തിയത്.
ഒന്നര പതിറ്റാണ്ട് പിണറായി വിജയന്‍ ഇരുന്ന കസേരയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തുമ്പോള്‍ സി പി എം രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വിഭാഗീയതയുടെ വലിയ വെല്ലുവിളിക്കാലത്താണ് പിണറായി വിജയന്‍ സെക്രട്ടറി പദമേറ്റതെങ്കില്‍ വി എസ് തുറന്ന പോര്‍മുഖത്തേക്കാണ് കോടിയേരിയുടെ വരവ്. വി എസ്-പിണറായി പോരാട്ടമെന്ന് വ്യാഖ്യാനിക്കപ്പെട്ട ഈ പോര്‍വിളിക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്ത് ഉത്തരം നല്‍കുമെന്നാണ് ഉയരുന്ന വലിയ ചോദ്യം. പിണറായിക്കൊപ്പം തോള്‍ചേര്‍ന്ന് പാര്‍ട്ടിയില്‍ വളര്‍ന്ന കോടിയേരി അദ്ദേഹത്തെ വിട്ടൊരു കളിക്ക് എന്തായാലും തത്കാലം മുതിരില്ല.
സി പി എമ്മിലെ ചിരിക്കുന്ന മുഖമെന്നാണ് കോടിയേരിയുടെ വിശേഷണം. എല്ലാവരെയും കേള്‍ക്കും, ഉള്‍ക്കൊള്ളും. ശത്രുക്കളാണെങ്കിലും പിണക്കാതിരിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയുമായി അടുക്കാന്‍ മടിക്കുന്നവര്‍ക്കിടയില്‍ നയതന്ത്രത്തിന്റെ പാലം പണിയും. മത സംഘടനകള്‍ സി പി എമ്മിനോട് അകല്‍ച്ച കാണിച്ചാലും കോടിയേരി അവര്‍ക്ക് മിത്രമായിരിക്കും. ഒട്ടുമിക്ക മതസംഘടനകളുമായും അദ്ദേഹം വലിയ അടുപ്പം സൂക്ഷിക്കുന്നു.
പാര്‍ട്ടിയുടെ പരമോന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലെത്തുന്നത് കോയമ്പത്തൂര്‍ പാര്‍ട്ടികോണ്‍ഗ്രസിലാണ്. ഇതിലും വലിയ ഒരു സ്ഥാനം ഇനി കിട്ടാനില്ലെന്നായിരുന്നു അന്ന് കോടിയേരിയുടെ പ്രതികരണം. സ്വന്തം ഗ്രാമത്തിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായി തുടങ്ങിയ പ്രവര്‍ത്തനമാണ് ഇന്ന് കേരള പാര്‍ട്ടിയുടെ നായക പദവിയിലെത്തുന്നത്. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വര്‍ഷങ്ങക്കിപ്പുറം ആലപ്പുഴയില്‍ നിന്നുതന്നെ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നതും യാദൃച്ഛികം.
തലശ്ശേരി കോടിയേരിയില്‍ കല്ലറ തലായി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. കോടിയേരി ബേസിക് സ്‌കൂള്‍, ഓണിയന്‍ ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാഹി മഹാത്മാ ഗാന്ധി കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. കെ എസ് എഫ് പ്രവര്‍ത്തകനായിരുന്ന കോടിയേരി കോളജ് യൂണിയന്‍ ചെയര്‍മാനായി. പതിനേഴാം വയസ്സില്‍ സ്വന്തം ഗ്രാമത്തിലെ ബ്രാഞ്ചില്‍ അംഗത്വം സ്വീകരിച്ചാണ് സി പി എമ്മിലെത്തിയത്. ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് ലോക്കല്‍സെക്രട്ടറിയും തലശ്ശേരി മുനിസിപ്പല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായി. തുടര്‍ന്നാണ് സംസ്ഥാനതലത്തിലേക്ക് കളംമാറുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ പഠനം നടത്തവേ 1973 ല്‍ എസ് എഫ് ഐയുടെ സംസ്ഥാനസെക്രട്ടറിയായി. അഖിലേന്ത്യാ ജോയിന്റ്‌സെക്രട്ടറിയായി. 1980 മുതല്‍ 82 വരെ ഡി വൈ എഫ് ഐയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി. 1990ലാണ് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാകുന്നത്. കൂത്ത്പറമ്പ് വെടിവെപ്പ് ഉള്‍പ്പെടെ കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഘട്ടത്തിലായിരുന്നു കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത്. തലശ്ശേരി ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് യൂണിയന്‍, തലശ്ശേരി വോല്‍കാഡ് ബ്രദേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍, തലശ്ശേരി ചെത്തുതൊഴിലാളി യൂണിയന്‍ സി ഐ ടി യു ഏരിയാസെക്രട്ടറി, കേരള കര്‍ഷക സംഘം ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
പാര്‍ലിമെന്ററി രംഗത്തും കോടിയേരിയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. യുക്തിഭദ്രതയും പഴുതില്ലാത്ത വാഗ്‌ധോരണിയും അദ്ദേഹത്തെ മികച്ചയൊരു പാര്‍ലിമെന്റേറിയനാക്കി. 1982ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന്, 87, 2001,2006,2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എല്‍ ഡി എഫ് സര്‍ക്കാറില്‍ ആഭ്യന്തരം, ടൂറിസം മന്ത്രിയായി മികവ് തെളിയിച്ചു. പോലീസിന്റെ ആധുനീകരണം മുതല്‍ ജയില്‍ നവീകരണം, സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. ജനമൈത്രി പദ്ധതിയും കോടിയേരിയുടെ സംഭാവന തന്നെ.
പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ നിയമസഭയില്‍ എല്‍ ഡി എഫിന്റെ നാവായി. സര്‍ക്കാറിനെതിരായ പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു ഇന്നും കോടിയേരിയാണ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, ആഭ്യന്തരവകുപ്പ് സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. സി പി എം നേതാവും തലശ്ശേരി എം എല്‍ എയുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നാവരാണ് മക്കള്‍. ഡോ. അഖിലയും റിനിറ്റയുമാണ് മരുമക്കള്‍.

Latest