Connect with us

Editorial

തടസ്സമൊഴിയാതെ വിഴിഞ്ഞം പദ്ധതി

Published

|

Last Updated

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നാലാം തവണയും മുടങ്ങി. ഈ മാസം 18ന് നടക്കേണ്ടിയിരുന്ന ടെണ്ടറില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയ കമ്പനികള്‍ ഒഴിഞ്ഞു മാറിയതോടെയാണ് പദ്ധതി വീണ്ടും പ്രതിസന്ധിയിലായത്. അദാനി പോര്‍ട്‌സും എസ് ആര്‍ ഗ്രൂപ്പും സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒ എച്ച് എല്‍. കണ്‍സോര്‍ഷ്യ (സ്പാനിഷ്)വുമാണ് ടെന്‍ഡറിന് അപേക്ഷ നല്‍കിയിരുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദത്തം ചെയ്ത വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് നിര്‍ദേശിച്ച മാനദണ്ഡങ്ങളും സുപ്രീം കോടതിയിലെയും ഹരിത ട്രൈബ്യൂണലിലെയും കേസുകളുമാണ് കമ്പനികളുടെ പിന്മാറ്റത്തിന് പറയപ്പെടുന്ന കാരണങ്ങളെങ്കിലും, തുറമുഖ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടത് പോലെ, തുറമുഖ വിരുദ്ധ ലോബികളുടെ ചരടുവലികളും സംശയിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഴിഞ്ഞം പദ്ധതിക്ക്, റിസോര്‍ട്ട് മാഫിയയില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മറ്റും എതിര്‍പ്പുണ്ടെന്നത് രഹസ്യമല്ല. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളുടെ വക്താക്കളെന്ന പേരില്‍ ചിലര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതിന് പിന്നില്‍ റിസോര്‍ട്ട് മാഫിയയാണെന്ന് പിന്നീട് വെളിപ്പെട്ടതാണ്. വിഴിഞ്ഞം പ്രദേശത്ത് ഒട്ടേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമാണ് ഇവയില്‍ കൂടുതലും. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം രൂപവത്കരിച്ച കേരളാ കോസ്റ്റല്‍ സോണ്‍ അഥോറിറ്റി നടത്തിയ പഠനത്തില്‍ വിഴിഞ്ഞം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ 95 ശതമാനവും, തീരമേഖലകളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്നും അവയുടെ പ്രവര്‍ത്തനം നിയമ വിധേയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തുറമുഖത്തിന്റെ വരവ് ഇവയുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുമെന്നതിനാലാണ് പദ്ധതിക്ക് അവര്‍ അള്ള് വെക്കുന്നത്.
തൂത്തുക്കുടി തുറമുഖത്തിനായി തമിഴ്‌നാട് വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ പരാതി നേരത്തെയുണ്ട്. യു പി എ ഭരണ കാലത്ത് കേന്ദ്രമന്ത്രി പി. ചിദംബരം ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയയെ ആയുധമാക്കി വിഴിഞ്ഞത്തിനെതിരെ കരുനീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തൂത്തുക്കുടിക്ക് പരിഗണന നല്‍കി വിഴിഞ്ഞത്തെ തഴഞ്ഞതിനു പിന്നിലും തമിഴ്‌നാടിന്റെ കളി ആരോപിക്കപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് കുളച്ചലില്‍ തുറമുഖം വികസിപ്പിക്കാന്‍ നടത്തുന്ന തിരക്കിട്ട ശ്രമവും ഇതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. വാന്‍കൂവര്‍ ആസ്ഥാനമായ കോസ്റ്റല്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് കുളച്ചലില്‍ തുറമുഖത്തിന്റെ സാധ്യതാപഠനം തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസം കൊണ്ട് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ നടന്ന പഠനത്തില്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തിയ ഈ പദ്ധതിക്ക് വീണ്ടും ഒരു അതിവേഗ പഠനം നടത്തി സാധ്യതാ റിപ്പോര്‍ട്ട് ലഭ്യമാക്കി പെട്ടെന്ന് തന്നെ നിര്‍മാണം തുടങ്ങാനാണ് ആലോചന എന്നാണ് വിവരം. ഇത് വിഴിഞ്ഞം പദ്ധതിയുടെ ഭാവി അവതാളത്തിലാക്കിയേക്കും.
തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ കടലിന് 20 മീറ്റര്‍ ആഴമുള്ള വിഴിഞ്ഞം ഒരു അന്താരാഷ്ട്ര തുറമുഖമായി വികസിപ്പിക്കാന്‍ ഏറെ അനുയോജ്യമായ കടല്‍ത്തീരമാണ്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വിഴിഞ്ഞത്തിന്റെ പത്ത് നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണെന്നത് മറ്റു തുറമുഖങ്ങള്‍ക്കില്ലാത്ത സവിശേഷതയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രത്യക്ഷത്തില്‍ 5000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേര്‍ക്കും തൊഴില്‍ ലഭിക്കും. മാത്രമല്ല, കൊളംബോ, സിംഗപ്പുര്‍, ദുബായ് തുടങ്ങിയ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്ന നമ്മുടെ കണ്ടെയ്‌നറുകളില്‍ ഭൂരിഭാഗവും ഇവിടെ കൈകാര്യം ചെയ്യാനും ഇതുവഴി പ്രസ്തുത തുറമുഖങ്ങള്‍ക്ക് നല്‍കി വരുന്ന ശതകോടികള്‍ വരുന്ന സംഖ്യ രാജ്യത്തിന് ലാഭിക്കാനുമാകും. ഇത്തരം പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്നോ യാഥാര്‍ഥ്യമാകേണ്ട പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അണിയറക്ക് പിന്നില്‍ നിന്ന് ചില ലോബികള്‍ നടത്തുന്ന കളികളോടൊപ്പം നമ്മുട സര്‍ക്കാറുകളുടെ ഉദാസീനത കൊണ്ടു കൂടിയാണ് ഇതുസംബന്ധിച്ച നടപടികള്‍ അനന്തമായി നീണ്ടുപോയത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അടിക്കടി തടസ്സങ്ങള്‍ അനുഭവപ്പെടുമ്പോള്‍, അതിന്റെ കാരണങ്ങള്‍ എത്രയും വേഗം കണ്ടെത്തി പരിഹരിക്കാനും കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകേണ്ട അനുമതികളും സഹായങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാനും സംസ്ഥാനസര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്, പ്രതിപക്ഷം സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുകയും വേണം. കക്ഷിരാഷ്ട്രീയമാണ് പലപ്പോഴും സംസ്ഥാനത്ത് വികസന പദ്ധതികള്‍ നഷ്ടപ്പെടാനും നടത്തിപ്പില്‍ കാലതാമസം വരാനും കാരണം. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസം നീട്ടിയിരിക്കെ, ഇതിനുള്ളില്‍ ലേല നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ചടുല നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest