Connect with us

Kerala

സംസ്ഥാന കമ്മിറ്റിയില്‍ 13 പേര്‍ കണ്ണൂരുകാര്‍; പാര്‍ട്ടിയെ ഇനിയും കണ്ണൂര്‍തന്നെ 'ഭരിക്കും'

Published

|

Last Updated

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായതോടു കൂടി കാല്‍നൂറ്റാണ്ടായി തുടരുന്ന പാര്‍ട്ടിയിലെ കണ്ണൂര്‍ അപ്രമാദിത്വം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചു. സി പി എമ്മില്‍ എക്കാലത്തും കരുത്തോടെ നിലനിന്ന കണ്ണൂര്‍ മോഡല്‍ അതു പോലെ നിലനിര്‍ത്തുകയും പിന്തുടരുകയും ചെയ്തിരുന്ന നേതാക്കളിലൊരാളാണ് കോടിയേരിയെന്നതിനാല്‍ പാര്‍ട്ടിയുടെ പുതിയ നായകന്റെ അടവും തടയുമെല്ലാം ഇനി കണ്ണൂരിന്റെ സ്വന്തം ശൈലിയിലാകും. പുതിയ സംസ്ഥാന കമ്മിറ്റിയിലെ 87 പേരില്‍ 13 പേരും കണ്ണൂര്‍ക്കാര്‍ തന്നെയാണെന്നതും പാര്‍ട്ടിയുടെ കണ്ണൂര്‍ കരുത്തിന് ശക്തിപകരും. എല്ലാ സമ്മേളനങ്ങളിലുമുള്ളതുപോലെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് തന്നെയാണ് ഇക്കുറിയും ഏറ്റവുമധികം നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയിലെത്തിയത്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിലും കണ്ണൂര്‍ ശൈലി ഉറപ്പിച്ചു നിര്‍ത്തുന്നതിലും പാര്‍ട്ടിയിലെ നേതാക്കളെല്ലൊം ഒറ്റക്കെട്ടാണെന്നത് നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെടാറുള്ള കാര്യമാണ്. അത് ഇത്തവണയും ഉറപ്പിച്ചു. അതേസമയം, പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞാലും സി പി എമ്മിന്റെ കടിഞ്ഞാണ്‍ കണ്ണൂരില്‍ തന്നെയായിരിക്കുമെന്നും ഏതാണ്ട് വ്യക്തമാണ്.
വി എസ് അച്യുതാനന്ദനെ ഒഴിച്ചുനിര്‍ത്തിയാല്‍ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായവരെല്ലാം കണ്ണൂരുകാര്‍ തന്നെയായിരുന്നു. പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം 1964ല്‍ ആദ്യം സെക്രട്ടറിയായത് തലശ്ശേരിക്കാരന്‍ സി എച്ച് കണാരനായിരുന്നു. 1968 മുതല്‍ കുറച്ചുകാലം കണ്ണൂര്‍ പെരളശ്ശേരി സ്വദേശി എ കെ ഗോപാലന്‍. 1972 മുതല്‍ കല്യാശ്ശേരിക്കാരനായ ഇ കെ നായനാരുടെ കാലമായിരുന്നു.1980ല്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വി എസ് അച്യുതാനന്ദന് നറുക്കുവീണു. 1985ലും 88ലും വീണ്ടും വി എസ് സെക്രട്ടറിയായി. 1991ല്‍ കോഴിക്കോട് സമ്മേളനത്തില്‍ വി എസ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. നായനാര്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തി. 1996ല്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ കണ്ണൂര്‍ കമ്പില്‍ സ്വദേശിയായ ചടയന്‍ ഗോവിന്ദന്‍ സെക്രട്ടറിയായി. 98ല്‍ ചടയന്‍ മരിച്ചപ്പോള്‍ പിണറായി സെക്രട്ടറി സ്ഥാനത്തെത്തി. പിന്നെ കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. നീണ്ട 16 വര്‍ഷം സെക്രട്ടറി പദത്തിലിരുന്ന ശേഷമാണ് പിണറായിയുടെ പടിയിറക്കം. സി പി എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെക്രട്ടറിയായിരുന്നതും പാര്‍ട്ടി പിറവിയെടുത്ത പിണറായിയില്‍ ജനിച്ച വിജയന്‍ തന്നെയാണ്.
സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിയുടെ തലപ്പത്തുതന്നെ ഈ എഴുപതുകാരന്‍ ഉണ്ടാകും. സംസ്ഥാനത്ത് നിന്നുള്ള നാല് പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ മുന്നില്‍ തന്നെയുള്ളയാളാണ് പിണറായി. പാര്‍ട്ടിയില്‍ കണ്ണൂര്‍ലോബി പിടിമുറുക്കിയത് ചടയന്‍ ഗോവിന്ദനു ശേഷം സെക്രട്ടറിയായ പിണറായി വിജയന്‍ വിശ്വസ്തരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചതുകൊണ്ടാണെന്ന ആരോപണം നേരത്തെ തന്നയുണ്ടായിരുന്നു. വി എസ് പക്ഷവും പിണറായി പക്ഷവും നേര്‍ക്കുനേര്‍ പോരാടി ബലാബലംനിന്ന കാലത്ത് വര്‍ഗ സംഘടനകളെ പൂര്‍ണമായും പിണറായി പക്ഷത്തേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇ പി ജയരാജനെപ്പോലുള്ളവര്‍ തന്നെയാണ് കോടിയേരിയുടെ കാലത്തും ഇനി പാര്‍ട്ടിയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുക.
സി പി എമ്മിലെ കണ്ണൂര്‍ ലോബിയെ ന്യായീകരിച്ച് പിണറായി കണ്ണൂരിലെ പൊതുസമ്മേളനങ്ങളില്‍ പലപ്പോഴും ആവേശഭരിതനായിത്തന്നെ സംസാരിക്കാറുമുണ്ടായിരുന്നു.
ഇതിനകം 160 രക്തസാക്ഷികളാണ് സി പി എമ്മിന് ജില്ലയിലുണ്ടായത്. അതിനേക്കാളേറെയാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അംഗഭംഗം വന്നവരുടെ എണ്ണം. ഇതൊന്നും മറ്റു ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.
പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാനും സംരക്ഷിക്കാനും ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ് കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍. അതുകൊണ്ട് തന്നെ കണ്ണൂരിലെ നേതൃത്വത്തെയോ സി പി എമ്മിലെ കണ്ണൂര്‍ മോഡലിനെയോ തള്ളിപ്പറയാന്‍ മറ്റു ജില്ലയിലെ ഒരു നേതാവും തയ്യാറാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest