Connect with us

Kerala

ചരിത്രം തിരിഞ്ഞുകുത്തി; തട്ടകത്തില്‍ വി എസിനെ വെട്ടിനിരത്തി

Published

|

Last Updated

ആലപ്പുഴ: സി പി എമ്മില്‍ സി ഐ ടി യു പക്ഷം സര്‍വപ്രതാപമുയര്‍ത്തിയ കാലത്ത് കരുത്ത് കൊണ്ട് സംഘടനയെ പിടിച്ചെടുത്ത ചരിത്രമുണ്ട് വി എസ് അച്യുതാനന്ദന്. അന്ന് കരുത്തായി കൂടെയുണ്ടായിരുന്നത് പിണറായി വിജയന്‍. പിണറായി നല്‍കിയ പിന്‍ബലത്തില്‍ സി ഐ ടി യു പക്ഷത്തെ പ്രബലരെയാണ് അന്ന് വി എസ് വെട്ടിനിരത്തിയത്. കെ എന്‍ രവീന്ദ്രനാഥ് മുതല്‍ എം എം ലോറന്‍സ് വരെയുള്ള പ്രമുഖര്‍ അന്ന് വീണു. വെട്ടിനിരത്തപ്പെട്ട പലരും പാര്‍ട്ടിക്ക് പുറത്തായി. പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്വന്തം തട്ടകത്തില്‍ സമ്മേളനം നടക്കുമ്പോള്‍ ചരിത്രം വി എസ് അച്യുതാനന്ദനെ തിരിഞ്ഞ് കുത്തുകയാണ്. സ്വന്തംനാട്ടില്‍ ജനലക്ഷങ്ങള്‍ ചരിത്ര സംഗമം തീര്‍ക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പോലും ഒഴിവാക്കപ്പെട്ട് കന്റോണ്‍മെന്റ് ഹൗസില്‍ കഴിയുകയായിരുന്നു വി എസ്. കൂടെ നില്‍ക്കാന്‍ ആരുമില്ലെന്നത് വി എസ് എത്രമാത്രം പാര്‍ട്ടിയില്‍ നിരായുധനാണെന്ന് അടിവരയിടുന്നു. വി എസിനൊപ്പം നിന്നതിന്റെ പേരില്‍ നടപടിക്ക് വിധേയനായി തരംതാഴ്ത്തപ്പെട്ട എന്‍ എന്‍ കൃഷ്ണദാസ് പോലും സംസ്ഥാനകമ്മിറ്റിയില്‍ തിരിച്ചെത്തിയപ്പോഴാണ് വി എസിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയം. പാലക്കാട് വി എസിന്റെ നേതൃത്വത്തില്‍ വെട്ടിനിരത്തപ്പെട്ട എം എം ലോറന്‍സും കെ എന്‍ രവീന്ദ്രനാഥും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പാര്‍ട്ടി ഇവരെ പ്രത്യേക ക്ഷണിതാക്കളാക്കി. ഔദ്യോഗിക പക്ഷത്തിനൊപ്പം എന്നും ഉറച്ചു നിന്ന പാലോളി മുഹമ്മദ് കുട്ടിയും ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. വി എസിനൊപ്പം പ്രായാധിക്യം അലട്ടിയവരെയെല്ലാം കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി യുവാക്കള്‍ക്ക് നല്‍കിയ പ്രാധാന്യം സി പി എമ്മിന് പുതുമുഖം നല്‍കുമെന്നാണ് പ്രതീക്ഷ. വി എസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശം നടത്തിയവരാണ് കമ്മിറ്റിയില്‍ ഇടംപിടിച്ചവര്‍. ഒരു കാലത്ത് വി എസിന്റെ വിശ്വസ്തനായിരുന്ന എന്‍ എന്‍ കൃഷ്ണദാസ് പൊടുന്നനെയാണ് നിലപാട് മാറ്റിയത്. കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെടുക്കണമെന്ന് വി എസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അന്നൊന്നും പരിഗണിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസിന് സീറ്റ് നിഷേധിക്കപ്പെട്ടത് പോലും വിഭാഗീയത ആരോപിച്ചായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ വി എസിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയതോടെ കൃഷ്ണദാസില്‍ പാര്‍ട്ടിക്ക് വിശ്വാസം കൂടിയെന്ന് വേണം കരുതാന്‍. പാര്‍ട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം അച്ചടക്കലംഘനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സമ്മേളനത്തില്‍ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നത്.

പുതിയ നാല് ജില്ലാ സെക്രട്ടറിമാര്‍ക്ക് പുറമെ കമ്മിറ്റിയിലെത്തിയ മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പോഷക സംഘടനകള്‍ക്ക് നല്‍കിയ പ്രാധാന്യവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സി ഐ ടി യുവിനെ പ്രതിനിധാനം ചെയ്താണ് പി നന്ദകുമാര്‍ കമ്മിറ്റിയില്‍ വരുന്നത്. എം ബി രാജേഷ്, എം സ്വരാജ്, ഡോ. വി ശിവദാസന്‍, പുത്തലത്ത് ദിനേശന്‍ തുടങ്ങിയവരുടെ സാന്നിധ്യം കമ്മിറ്റിയുടെ യുവപ്രാതിനിധ്യം വര്‍ധിപ്പിക്കും.

Latest