Connect with us

Kerala

കാരാട്ട് വിളിച്ചു; വി എസ് വന്നില്ല

Published

|

Last Updated

ആലപ്പുഴ: പാര്‍ട്ടി നല്‍കിയ അന്ത്യശാസനം തള്ളിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ മടങ്ങിയെത്തിയില്ല. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് വിളിച്ചിട്ടും നിലപാട് മാറ്റാതിരുന്ന വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പാര്‍ട്ടിയും തിരിച്ചടിച്ചു. ബഹിഷ്‌കരിച്ചതാണെന്ന് സ്ഥിരീകരിച്ചും ഉപാധികള്‍ സംബന്ധിച്ച് വിശദീകരിച്ചും വി എസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. പാര്‍ട്ടിയെ ധിക്കരിച്ച വി എസിനെതിരെ കൂടുതല്‍ നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ദേശീയ നേതൃത്വം ഒന്നടങ്കം വി എസിന്റെ നടപടി തള്ളിപ്പറഞ്ഞതോടെ സി പി എമ്മില്‍ വി എസിന്റെ നില പരുങ്ങലിലായി. ഇരുപക്ഷത്തും വിട്ടുവീഴ്ചകള്‍ ഇല്ലാതെ വന്നതോടെ സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യമില്ലാതെ സി പി എം സംസ്ഥാന സമ്മേളനം സമാപിച്ചു.
വി എസ് പാര്‍ട്ടിക്ക് പുറത്തു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ആവശ്യം അംഗീകരിച്ചുള്ള ഒരു ഒത്തുതീര്‍പ്പ് ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. മാര്‍ച്ച് രണ്ടിന് ചേരുന്ന പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം വി എസിന്റെ ഭാവിയില്‍ നിര്‍ണായകമാകും.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ ഒരു ഭാഗം മരവിപ്പിക്കുകയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ നേരിട്ട് വിളിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, തിരുവനന്തപുരത്തേക്ക് പോയ വി എസ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷ.
പി ബി തീരുമാനം അംഗീകരിച്ച് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മടങ്ങി വന്നാല്‍ വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു. പുതിയ കമ്മിറ്റിയിലേക്കുള്ള പാനല്‍ തയ്യാറാക്കിയപ്പോള്‍ ഒരു സ്ഥാനം ഒഴിച്ചിട്ടതും ഇതിന് വേണ്ടി തന്നെ. എന്നാല്‍, പാര്‍ട്ടിവിരുദ്ധനെന്ന് വിളിച്ചതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് വി എസ് സ്വീകരിച്ചത്. ടി പി കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍ക്കെതിരെ കൂടി പാര്‍ട്ടി നടപടിയെടുക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു.
അവസാനശ്രമം എന്ന നിലയില്‍ ഇന്നലെ രാവിലെ പി ബി അംഗം സീതാറാം യെച്ചൂരിയും വി എസിനെ വിളിച്ചിരുന്നു. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളെല്ലാം അടുത്ത മാസം ചേരുന്ന പി ബി, സി സി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാമെന്നും യെച്ചൂരി വി എസിനെ അറിയിച്ചു. പ്രതിപക്ഷ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും യെച്ചൂരി വി എസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ്, വാര്‍ത്താസമ്മേളനം വിളിക്കാനുള്ള നീക്കം വി എസ് ഉപേക്ഷിച്ചതെന്നാണ് സൂചന.
വി എസിനോട് അനുഭാവപൂര്‍വമായ സമീപനം വേണമെന്ന് കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമ്മേളനം ബഹിഷ്‌കരിച്ചതോടെ അവരും അസംതൃപ്തരാണ്. വി എസിനെതിരായ പ്രമേയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ടി പി കേസില്‍ ഒരു പ്രവര്‍ത്തകന്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.