Connect with us

National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് അവധിയെടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലീവെടുത്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസിന്റെ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ രാഹുലിന്റെ അസാന്നിധ്യം ഉണ്ടാകുമെന്നും അതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈയടുത്തുണ്ടായ സംഭവവികാസങ്ങളെ സംബന്ധിച്ചും പാര്‍ട്ടിയുടെ ഭാവിയെ കുറിച്ചും ആലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് രാഹുല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. രാഹുലിന്റെ പദ്ധതികളെയോ എവിടെയാണന്നതിനെയോ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളില്ല. അതേസമയം, രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് മുന്നോടിയായുള്ള നടപടിയാണെന്ന് സംസാരമുണ്ട്. അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ രാഹുല്‍, ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംയുക്ത അഭിസംബോധനയില്‍ പങ്കെടുത്തില്ല.
രാഹുലിനെ സംബന്ധിച്ചിടത്തോളം ഇടവേള നല്ലതാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. തങ്ങള്‍ ഇനിയും സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ തുടരാന്‍ സന്നദ്ധമാണെന്ന സന്ദേശമാണ് ഇതിലൂടെ നേതാക്കള്‍ നല്‍കുന്നത്. അടുത്ത എ ഐ സി സി സമ്മേളനം നല്‍കുന്ന ദിശ, പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. അതിനാല്‍ ഈ ദിശ നിര്‍ണയിക്കുന്നതിന് മുന്നൊരുക്കം അനിവാര്യവുമാണ്. ഏപ്രില്‍ ആദ്യത്തില്‍ എ ഐ സി സി സമ്മേളനം ഉണ്ടാകും. ഇതില്‍ രാഹുല്‍ നേതൃസ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, രാഹുല്‍ ലീവെടുത്തതിനെ ബി ജെ പിയും ശിവസേനയും പരിഹസിച്ചു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എന്‍ സി പിയും വിമര്‍ശമുന്നയിച്ചു. എല്ലാവരും പാര്‍ലിമെന്റിനെ വളരെ ഗൗരവമായി കാണണം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും വേണം. എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ലീവെടുക്കാമെങ്കില്‍ ആയിക്കോട്ടെ. രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് ദൈര്‍ഘ്യമേറിയ ലീവ് നല്‍കിയിരിക്കുകയാണ്. അത് തീര്‍ച്ചയാണ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പാര്‍ലിമെന്റില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ നഷ്ടഭൂമിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് രാഹുലെന്നായിരുന്നു ശിവസേനയുടെ സഞ്ജയ് റൗതിന്റെ ഒളിയമ്പ്.

Latest