Connect with us

Palakkad

പടിഞ്ഞാറ്റുംപുറം പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി

Published

|

Last Updated

കൊപ്പം : വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറ്റുംപുറം പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി. കൂരാച്ചിപ്പടി – പടിഞ്ഞാറ്റുംപുറം റോഡ് നന്നാക്കി നാടിന് സമര്‍പ്പിച്ചു.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് പൂര്‍ണ്ണമായും ശോച്യാവസ്ഥയിലായിരുന്നു. കൂരാച്ചിപ്പടി മുതല്‍ കരിങ്കറപ്പാടം വരെ നേരത്തെ ടാറിംഗ് നടത്തിയിരുന്നെങ്കിലും മെറ്റല്‍ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നില്ല. കരിങ്കറപ്പാടംഭാഗത്തായിരുന്നു പരുക്ക് കൂടുതലും. വര്‍ഷക്കാലത്ത് ഇതുവഴി യാത്രചെയ്യാന്‍ നിര്‍വാഹമില്ലാതെ ജനങ്ങള്‍ കഷ്ടത്തിലായിരുന്നു. റോഡ് ചെളിക്കുളമാകുന്നതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും വരാന്‍ കഴിഞ്ഞിരുന്നില്ല. പടിഞ്ഞാറ്റുംപുറം പ്രദേശവാസികള്‍ക്കായിരുന്നു ഏറെയും ദുരിതം. മെയിന്‍ റോഡിലെത്താന്‍ കരിങ്കറപ്പാടം വഴിയല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നില്ല. കുപ്പൂത്ത് വഴി യാത്ര ചെയ്യാമെങ്കിലും ദൂരം പ്രശ്‌നമായിരുന്നു. വെള്ളിയാഴ്ചകളില്‍ കൂരാച്ചിപ്പടിയിലെ ജുമാഅത്ത് പള്ളിയിലേക്ക് പോകാനും മരണമോ അപകടമോ സംഭവിച്ചാല്‍ വാഹനങ്ങള്‍ക്ക് വരാനും റോഡ് തകര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. സി പി മുഹമ്മദ് എം എല്‍ എ 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ടെണ്ടര്‍ എടുക്കാന്‍ ആരും വരാത്തതിനാല്‍ പണി നടന്നില്ല. നാട്ടുകാരുടെ പ്രശ്‌നം സിറാജ് വാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ഫണ്ട് അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ പണി തുടങ്ങുകയുമായിരുന്നു. കരിങ്കറപ്പാടം മുതല്‍ പടിഞ്ഞാറ്റും പുറം വരെ റോഡ് മെറ്റലിംഗും ടാറിംഗും നടത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടുകാര്‍ക്ക് ലഭിച വികസനനേട്ടം ഉദ്ഘാടന ചടങ്ങും ഉത്സവ പ്രതീതിയോടെയായിരുന്നു. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് എടപ്പലം പാലം വഴി മൂര്‍ക്കനാട്ടേക്ക് പോകാനും പടിഞ്ഞാറ്റുംപുറം വഴിയാണ് എളുപ്പമെന്നതിനാല്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യ ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായെത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷൈലജ അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോവിന്ദന്‍കുട്ടി, പഞ്ചായത്തംഗംരാമദാസ് മാസ്റ്റര്‍, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ കൃഷ്ണന്‍കുട്ടി, ടി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest