Connect with us

Malappuram

പ്രായം തളര്‍ത്താത്ത ആവേശത്തില്‍ തേങ്ങയുമായി അബോക്ക നഗരിയില്‍ നടന്നെത്തി

Published

|

Last Updated

കോട്ടക്കല്‍: ഒരുകൈയില്‍ തേങ്ങയും മറുകൈയില്‍ ആദര്‍ശത്തിന്റെ മൂവര്‍ണ പതാകയുമേന്തി അബൂബക്കറാജി താജുല്‍ ഉലമാ നഗറിയില്‍ നടന്നെത്തി. പ്രായത്തിന്റ അവശതയും രോഗത്തിന്റെ വേദനയും മറന്ന് കിലോമീറ്ററുകള്‍ താണ്ടിയെത്തിയ 58കാരനെ കണ്ടപ്പോള്‍ നഗരിയിലെ പാരാവാരത്തിന്ന് കൗതുകവും ആദരവും.
ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനത്തിലേക്കാണ് പാണ്ടികശാലയില്‍ നിന്നും തേലപ്പുറത്ത് അബൂബക്കര്‍ ഹാജി നഗരി ലക്ഷ്യമാക്കി നടന്നത്. ആറുപതിറ്റാണ്ടിന്റെ ആദര്‍ശം നെഞ്ചേറ്റിയ യുവസമൂഹം ചരിത്രം കുറിക്കാനിരികെ പ്രായത്തിനും തളര്‍ത്താനാകാത്ത ആദര്‍ശ വീര്യം ഉയര്‍ത്തിയാണ് ഹാജി നഗരി ലക്ഷ്യമാക്കി നടന്നത്. കത്തി നിന്ന ഉച്ചവെയിലിനെയും അവഗണിച്ച് ഉച്ചക്ക് രണ്ട് മണിയോടെയാണ് തേങ്ങയും സമസ്തയുടെ പതാകയും പിടിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയത്.
നാട്ടുപാതയും ദേശീയ പാതയും പിന്നിട്ട് നാല് മണിക്ക് എടരിക്കോട്ടെ താജുല്‍ ഉലമാ നഗരിയിലെത്തി. സമ്മേളനത്തിലേക്ക് നാളികേരം ശേഖരിച്ച നാള്‍ യുനിറ്റ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വീട്ടിലും എത്തിയിരുന്നു. പക്ഷേ അന്ന് നല്‍കാന്‍ തേങ്ങയുണ്ടായില്ല. കഴിഞ്ഞ ദിവസം വീട്ടു വളപ്പിലെ തെങ്ങില്‍ നിന്നും പറിച്ച തേങ്ങയുമായാണ് നഗറിയിലേക്ക് നടന്നത്. പുറപ്പെടുമ്പോള്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. താജുല്‍ ഉലമയുടെയും, എം എ ഉസ്താദിന്റെയും സ്മരണകള്‍ ഉയരുന്ന ഈ ഭൂമികയില്‍ നിന്നും തന്റെ അസുഖത്തിന് പരിഹാരമുണ്ടാകണം. കാല്‍മുട്ട് വേദനമാറികിട്ടണം. ഇതിനാണിദ്ദേഹം കിലോമീറ്ററുകള്‍ നടന്നത്. പ്രായത്തേപോലും വെല്ലുവിളിച്ച് നടന്നു നീങ്ങിയ ഹാജി പിന്നിട്ട വഴികളിലെല്ലാം ആവേശമായി. ഇദ്ദേഹം നഗരിയിലെത്തുന്നതും പ്രതീക്ഷിച്ച് പ്രവത്തകര്‍ കാത്തിരുന്നു.
സമ്മേളനത്തിലേക്കുള്ള തേങ്ങ നഗരിയില്‍ എസ് ജെ എം ജില്ലാ സെക്രട്ടറി കെ പി എച്ച് തങ്ങള്‍ ഏറ്റുവാങ്ങി. കാലങ്ങളായി യൂനിറ്റിലെ സജീവ സുന്നി പ്രവര്‍ത്തകനാണ് ഇദ്ദേഹം. പ്രവര്‍ത്തകര്‍ സ്‌നേഹ പൂര്‍വം “അബോക്ക” എന്ന വിളിയോടെയാണ് ഇദ്ദേഹത്തെ സ്വീകരിക്കുക. നാട്ടിലെ പത്ര വായനക്കാരനും കൂടിയാണിദ്ദേഹം. വായനയോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന പുതു തലമുറക്ക് വായനയുടെ ആവേശം പകരാന്‍ എന്നും ലൈബ്രറിയിലെത്തി കുട്ടികളെയും പ്രായമായവരെയും കൂട്ടി പത്രവാര്‍ത്തകള്‍ ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിക്കും.
ആരുടെയും പ്രേരണയില്ലാതെ സമ്മേളനം ആവേശമായി ഏറ്റെയുത്ത് ഇദ്ദേഹം നടത്തിയ കാല്‍നട യാത്ര പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശമാകുകയാണ്.

Latest