തനത് കലകളുടെ ഉത്സവത്തിന് 25ന് തിരിതെളിയും

Posted on: February 23, 2015 11:24 am | Last updated: February 23, 2015 at 11:24 am

മലപ്പുറം: സംസ്ഥാനത്തെ തനതുകലാരൂപങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ടൂറിസം വകുപ്പ് നടത്തുന്ന ‘ഉത്സവം’ ഈമാസം 25ന് തുടങ്ങും. കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് ഒന്ന് വരെ വൈകീട്ട് ആറിന് വിവിധ കലാപരിപാടികള്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും. ഉത്സവത്തിന്റെ ഉദ്ഘാടനം 25ന് വൈകീട്ട് ആറിന് ജില്ലാ കലക്ടര്‍ കെ ബിജു നിര്‍വഹിക്കും.
നൃത്തരൂപങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, സംഗീത, ക്ഷേത്ര കലകള്‍, അനുഷ്ഠാന കലകള്‍ എന്നിവയാണ് ഉത്സവത്തില്‍ അവതരിപ്പിക്കുന്നത്. ഒരോ കലാരൂപങ്ങളിലും മികച്ച് നില്‍കുന്നവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അവതരണം നടത്തുക. സംസ്ഥാനത്തെ തനത് കലാരൂപങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും സാധാരക്കാര്‍ക്ക് അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരം ‘ഉത്സവം’ ഒരുക്കും.
25ന് പ്രസന്നകുമാര്‍ അവതരിപ്പിക്കുന്ന പടയണി, അപ്പുക്കുട്ടന്‍ ആശാന്‍ അവതരിപ്പിക്കുന്ന പരിചമുട്ട് കളി, ഐവര്‍ കളി എന്നിവ അരങ്ങേറും. 26ന് അജിത് കുമാറും സംഘവും ചവിട്ടുനാടകവും രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ തെയ്യാട്ടവും നടക്കും. 27ന് നേതൃത്വത്തില്‍ ചരടുപ്പിന്നിക്കളി, തുടിപ്പാട്ട് എന്നിവയും 28ന് തിറയാട്ടവും തോല്‍പ്പാവക്കൂത്തും അരങ്ങേറും. 28ന് കന്നിയാറകൈയും ചിമ്മാനക്കളിയും നടക്കും.