ഉനൈസ് വധശ്രമം: കാര്‍ പോലീസ് കസ്റ്റഡിയില്‍

Posted on: February 23, 2015 11:20 am | Last updated: February 23, 2015 at 11:20 am

വടകര: എസ് എസ് എഫ് പ്രവര്‍ത്തകരായ വള്ള്യാട്ട് തെയ്യത്താകണ്ടി ഉനൈസിനെയും കുയ്യാലില്‍ സാജിറിനേയും വധിക്കാന്‍ ശ്രമിച്ച കേസില്‍ അക്രമി സംഘം സഞ്ചരിച്ച കാര്‍ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. കെ എല്‍ 18 എം 5321 മാരുതി കാറാണ് വടകര സി ഐ. പി എം മനോജ് കസ്റ്റഡിയിലെടുത്തത്. കോട്ടപ്പള്ളിയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കാര്‍. ആര്‍ സി ഉടമയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാജരായില്ലെങ്കില്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ പതിനേഴിന് ഉച്ചക്ക ഒരു മണിയോടെയാണ് തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് വെച്ച് എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിത അക്രമണമുണ്ടായത്. മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം എസ് വൈ എസ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും സാന്ത്വന കേന്ദ്രം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഉനൈസിനെയും സാജിറിനെയും കാറില്‍ കരുതിവെച്ച കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും നിലത്തു വീണ ഉനൈസിന്റെ കാലിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.