Connect with us

Kerala

പടിയിറക്കം; പിണറായി ഇനി പാര്‍ലിമെന്ററി രംഗത്തേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിലേറെ കാലം സി പി എമ്മിനെ നയിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് നേതൃപദവി ഒഴിയുന്നു. പിണറായിയുടെ കാര്യത്തില്‍ ഇതിനെ പടിയിറക്കമെന്ന് വിശേഷിപ്പിക്കാനാകില്ല. ഒരു നിലയില്‍ അദ്ദേഹം പുതിയ പടവുകള്‍ കയറാന്‍ ഒരുങ്ങുകയാണ്. സംഘടനാതലം വിട്ട് പാര്‍ലിമെന്ററി രംഗത്തേക്കുള്ള പടികയറ്റം.

കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിയെയും മുന്നണിയെയും ആര് നയിക്കുമെന്നതില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. വി എസ് മത്സരിക്കുമോ ഇല്ലയോ എന്നതില്‍ കേന്ദ്രീകരിച്ചു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍. എന്നാല്‍, ഇനി അങ്ങിനെ ഒരു സംശയത്തിന് ഇടമില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ മുന്നില്‍ നിന്ന് നയിക്കാന്‍ പിണറായി വിജയനുണ്ടാകും.
സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാക്കിയെന്നതാണ് പിണറായിയുടെ വിജയം. സി പി എമ്മില്‍ രൂപപ്പെട്ട വിഭാഗീയത അവസാനിപ്പിക്കുകയെന്ന വലിയ ദൗത്യമായിരുന്നു പാര്‍ട്ടിയെ നയിച്ച ഘട്ടത്തില്‍ പിണറായി നേരിട്ട വെല്ലുവിളി. പാര്‍ട്ടി രൂപവത്കരണത്തിന് മുന്‍കൈയെടുത്ത വി എസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ചായിരുന്നു ഈ വെല്ലുവിളി. സെക്രട്ടറി പദമൊഴിയുന്ന ഈ സമ്മേളന കാലത്തും ഇതേ പ്രതിസന്ധി സംഘര്‍ഷാത്മകത സൃഷ്ടിക്കുന്നുവെന്നതും ശ്രദ്ധേയം.
അടിയന്തിരാവസ്ഥയുടെ ദുരിത പര്‍വങ്ങള്‍ക്കെതിരെ തീക്കാറ്റ് പെയ്ത പ്രക്ഷോഭ കാലമാണ് പിണറായി വിജയനെന്ന നേതാവിനെ കേരള രാഷ്ട്രീയത്തിന് സമ്മാനിച്ചത്. അനുഭവങ്ങളുടെ കരുത്തിലാണ് പ്രതിസന്ധികളെ നേരിടാന്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ പാകപ്പെടുത്തിയത്. മികച്ച നേതൃപാടവം, സംഘാടക മികവ്, പാര്‍ട്ടി അച്ചടക്കത്തിന് മേല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്. ഈ ഗുണങ്ങളാണ് തുടര്‍ച്ചയായി പതിനാറ് വര്‍ഷം സി പി എമ്മിനെ നയിക്കാന്‍ പിണറായിക്ക് കരുത്ത് നല്‍കിയത്. രണ്ട് ചേരികളായി നിന്ന് പോരടിച്ച സി പി എമ്മിലെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെ പൂര്‍ണമായി ഒരു ചേരിയോട് അടുപ്പിച്ച് നിര്‍ത്തിയ ശേഷമാണ് പിണറായി പടിയിറങ്ങുന്നത്. പാര്‍ട്ടി സംഘടനാ സംവിധാനത്തെ പൂര്‍ണമായി തന്റെ കൈപ്പിടിയിലൊതുക്കിയ ശേഷമാണ് പിണറായി വിജയന്റെ പിന്മടക്കം. മലപ്പുറം സമ്മേളനത്തില്‍ നിന്ന് ആലപ്പുഴയില്‍ എത്തുമ്പോള്‍ സി പി എമ്മില്‍ വന്ന പ്രധാന മാറ്റവും ഇത് തന്നെ.
സെക്രട്ടറിപദം പിണറായിക്ക് പരീക്ഷണ കാലം കൂടിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിയുമായി ഉണ്ടാക്കിയ ബന്ധവും എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും തിരിച്ചടികളില്‍ പ്രധാനം. ഈ തിരിച്ചടികളെയെല്ലാം നെഞ്ചുറപ്പോടെ നേരിട്ടു. സംസ്ഥാനസെക്രട്ടേറിയറ്റിനെയും പോളിറ്റ്ബ്യൂറോയെയും ചുറ്റും നിര്‍ത്തിയാണ് പിണറായി പ്രതിരോധ കവചം തീര്‍ത്തു. ലാവ്‌ലിന്‍ കേസില്‍ നിന്ന് സി ബി ഐ കോടതി ഒഴിവാക്കിയതോടെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട തടസ്സവും നീങ്ങി. സി പി എം നേതൃനിരയിലെ കാര്‍ക്കശ്യമുള്ള ശബ്ദമാണ് പിണറായിയുടേത്. സംഘടനാ നേതൃപാടവത്തില്‍ ഒരുതരം പിണറായി സ്റ്റൈ ല്‍ തന്നെ അദ്ദേഹം രൂപപ്പെടുത്തി. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ച്ചക്കും ഒരുക്കമല്ലെന്ന നിലപാടില്‍. ഇടഞ്ഞ് നില്‍ക്കുന്ന വി എസിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സന്നദ്ധമല്ലെന്ന നേതൃത്വത്തിന്റെ നിലപാടിന് പിന്നിലും ഈ പിണറായി സ്റ്റൈല്‍ കാണാം.
1998ല്‍ ആദ്യമായി സെക്രട്ടറി പദം ഏറ്റെടുക്കുമ്പോള്‍ പിണറായിയുടെ നേതൃപാടവത്തിന്റെ ആഴം അധികമാര്‍ക്കും ബോധ്യപ്പെട്ടിരുന്നില്ല. സെക്രട്ടറി പദം ഏറ്റെടുത്തതോടെ തീര്‍ത്തും സ്വതന്ത്ര രൂപത്തിലായിരുന്നു പ്രവര്‍ത്തനം. വി എസ് അച്യുതാനന്ദനേക്കാള്‍ പ്രവര്‍ത്തനപഥത്തില്‍ കാല്‍നൂറ്റാണ്ടിന്റെ പിന്‍മുറക്കാരനാണെങ്കിലും വി എസിന്റെ സഹായത്തോടെ തന്നെയാണ് പിണറായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയത്. 2002ല്‍ പോളിറ്റ് ബ്യൂറോയിലെത്തിയ പിണറായി മലപ്പുറം സമ്മേളനത്തോടെയാണ് പാര്‍ട്ടിയില്‍ പിടിമുറുക്കിയത്.
പാര്‍ട്ടി വിമര്‍ശകര്‍ എത്ര വലിയവരായാലും അവരെ ചെറുത്തു തോല്‍പ്പിച്ചു. ആര്‍ എസ് എസ് ആയിരുന്നു എന്നും പിണറായിയുടെ മുഖ്യശത്രു. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്ല്യാണിയുടെയും ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ ജനനം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയപ്രവേശം. തലശേരി ബ്രണ്ണന്‍കോളേജില്‍ ബി എ ഇക്കണോമിക്‌സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ എസ് എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 മുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. കെ എസ് എഫ് സംസ്ഥാന സെക്രട്ടറി, കെ എസ് വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാപ്ലീനത്തില്‍ സിപി എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം. 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 60കളുടെ ആദ്യം മുതലേ പലപ്പോഴായി പോലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് എം എല്‍ എയായിരിക്കെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെത്തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതു മുതല്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെതുടര്‍ന്ന് വൈദ്യുതിമന്ത്രിയായിരിക്കെ 1998 സെപ്തംബറിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനവും 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനവും കോട്ടയത്ത് 2008 ഫെബ്രുവരിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനവും പിണറായിയെ തന്നെ സെക്രട്ടറിയാക്കി.
1970ല്‍ 26ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിലും മികവു പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂ ത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണ മന്ത്രിയായി. അധ്യാപികയായ ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. സുനീഷ്, ദീപ എന്നിവര്‍ മരുമക്കള്‍.