Connect with us

Kerala

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വി എസിനെ ഒഴിവാക്കിയേക്കും

Published

|

Last Updated

ആലപ്പുഴ: അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മിന്റെ പുതിയ സംസ്ഥാനസെക്രട്ടറിയാകും. കോടിയേരിയുടേതല്ലാത്ത ഒരു പേര് ഇതുവരെ സെക്രട്ടറി പദത്തിലേക്ക് ഉയര്‍ന്നിട്ടില്ല. പാര്‍ട്ടിയിലെ രണ്ടാമന്‍ എന്നത് തന്നെയാണ് കോടിയേരിക്ക് മുന്‍ഗണന നല്‍കുന്നത്.

കേരളത്തില്‍ നിന്ന് എം എ ബേബിയും പി ബിയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് ഇത് വരെ ഉയര്‍ന്നിട്ടില്ല. പി ബി അംഗമല്ലാത്ത ഒരാളെ സെക്രട്ടറിയാക്കുന്നതിനെക്കുറിച്ചും ആലോചനകളൊന്നും നടന്നിട്ടില്ല. അതേസമയം, സമ്മേളനത്തിലേക്ക് തിരികെ വരണമെന്ന ആവശ്യം വി എസ് അച്യുതാനന്ദന്‍ തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചനകള്‍. ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക പാനലില്‍ വി എസിനെ ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം.
അതേസമയം, വി എസിനെ പോലെ മുതിര്‍ന്ന ഒരംഗത്തെ പാനലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് ശരിയല്ലെന്ന നിലപാട് കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടെന്നാണ് വിവരം. പ്രായാധിക്യം മുന്‍നിര്‍ത്തി വി എസിനെ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന കമ്മറ്റിയില്‍ ഏതാനും പുതുമുഖങ്ങള്‍ ഇടംപിടിക്കും. 84 അംഗ കമ്മിറ്റിയില്‍ രണ്ടുപേരുടെ നിര്യാണം മൂലം രണ്ട് ഒഴിവുകളുണ്ട്.
കഴിഞ്ഞ സമ്മേളനത്തിനുശേഷം പ്രത്യേക ക്ഷണിതാക്കളാക്കിയ എം ബി രാജേഷ് എം പി, എസ്എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശന്‍, എ കെ ജി സെന്റര്‍ ഓഫിസ് സെക്രട്ടറി കെ സജീവന്‍ എന്നിവരെ സ്ഥിരാംഗങ്ങളാക്കും. നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത നാലു പുതിയ ജില്ലാ സെക്രട്ടറിമാരും സംസ്ഥാനകമ്മറ്റിയില്‍ ഇടംപിടിക്കും.
വി എന്‍ വാസവന്‍ (കോട്ടയം), കെ പി ഉദയഭാനു (പത്തനംതിട്ട), സജി ചെറിയാന്‍ (ആലപ്പുഴ), പി മോഹനന്‍ (കോഴിക്കോട്) എന്നിവരാണ് സംസ്ഥാനകമ്മറ്റിയില്‍ ഇല്ലാത്ത ജില്ലാസെക്രട്ടറിമാര്‍.
അനാരോഗ്യവും മറ്റു കാരണങ്ങളും കണക്കിലെടുത്തു ചിലരെയെങ്കിലും ഒഴിവാക്കിയാല്‍ മാത്രമെ പുതുമുഖങ്ങളെ കമ്മറ്റിയില്‍ എടുക്കാന്‍ കഴിയൂ. ടി ശിവദാസമേനോന്‍, എം കെ ഭാസ്‌കരന്‍, വി ആര്‍ ഭാസ്‌കരന്‍, സി ടി കൃഷ്ണന്‍, എ കെ നാരായണന്‍ തുടങ്ങിയവരെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കാനിടയുണ്ട്. സ്വയം മാറി നില്‍ക്കുമെന്ന് എം എം ലോറന്‍സ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ എന്‍ രവീന്ദ്രനാഥ്, കെ എം സുധാകരന്‍ തുടങ്ങിയവരും സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറിയേക്കുമെന്ന സൂചനയുണ്ട്.

Latest