Connect with us

Kannur

ചരിത്രത്തിന്റെ ഏടുകള്‍ മറിഞ്ഞ ആ മുറി ഇനി അനാഥം

Published

|

Last Updated

കണ്ണൂര്‍: ഒരായുസ്സ് മുഴുവന്‍ സമൂഹത്തിന് വേണ്ടി ജീവിതം മാറ്റിവെക്കുകയും മദ്‌റസാ വിജ്ഞാന വിപ്ലവത്തിന് തുടക്കം കുറിക്കുകയും സമൂഹ്യ മാറ്റത്തിന് പേന ചലിപ്പിക്കുകയും ചെയ്ത മഹാമനീഷിയുടെ ആരാധനാ കര്‍മങ്ങളും എഴുത്തുകളും ചിന്തകളും രൂപംകൊണ്ട ആ മുറി ഇനി അനാഥം. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് ബദരിയാ മന്‍സിലിലെ പൂമുഖവും കടന്ന് വലത് ഭാഗത്തുള്ള ചെറിയ മുറിയാണ് ഇന്ന് എം എ ഉസ്താദ് എന്ന വലിയ ചിന്തകന്റെ വിയോഗത്തോടെ അനാഥമായത്.

ജീവിത കാലത്ത് രചിച്ച നാല്‍പ്പതോളം ഗ്രന്ഥങ്ങളും പുസ്തകങ്ങളും ആനുകാലികങ്ങളിലെഴുതിയ ലേഖനങ്ങളുമുള്‍ക്കൊള്ളുന്ന സംയുക്ത കൃതികളുടെ മൂന്ന് വാള്യങ്ങള്‍ ആ മുറിയുടെ ഒരു ഭാഗത്ത് ഒതുക്കിവെച്ചിരിക്കുന്നു. മൂവായിരം പേജുകള്‍ വരുന്ന ആ ഗ്രന്ഥങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് ഈയടുത്ത് ഉസ്താദ് മുഴുവനും വായിച്ച് എഡിറ്റ് ചെയ്തിരുന്നതായി മകന്‍ അബ്ദുല്‍ വഹാബ് സാക്ഷ്യപ്പെടുത്തുന്നു.
മുസ്‌ലിംകൈരളി ഏറെ ചര്‍ച്ച ചെയ്യുകയും പഠനങ്ങള്‍ നടത്തുകയും ചെയ്ത നിരവധി വിഷയങ്ങളുള്‍ക്കൊള്ളുന്ന ആ ചരിത്ര ഗ്രന്ഥങ്ങള്‍ അടുക്കുംചിട്ടയോടെ ഒരുമിച്ച് കണ്ട സംതൃപ്തിയോടെയാണ് നൂറുല്‍ ഉലമ യാത്രയായത്. ആധുനിക സാങ്കേതികവിദ്യകളൊന്നും ഉപയോഗപ്പെടുത്താതെ പരന്നവായനയിലൂടെയും നീണ്ട പഠനങ്ങളിലൂടെയും പാകപ്പെടുത്തിയതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അറബി ഭാഷയിലും നൂറുല്‍ ഉലമയുടെ നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്.
വിശ്രമില്ലാത്ത എഴുത്തുജീവിതമാണ് എം എയുടെത്. ഒരു പുസ്തക രചന തീര്‍ന്നാല്‍ അടുത്തതിനുള്ള തയ്യാറെടുപ്പ്. ഇതായിരുന്നു ഉസ്താദിന്റെ രീതിയെന്ന് തൃക്കരിപ്പൂര്‍ മുജമ്മഅ് ക്യാമ്പസ് ജുമാ മസ്ജിദ് ഖത്തീബ് സ്വാദിഖ് അഹ്‌സനി പറഞ്ഞു. ആരെക്കൊണ്ടും എഴുതിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അവസാന ഘട്ടത്തില്‍ ശാരീരിക അവശതയനുഭവിച്ചപ്പോള്‍ മാത്രമാണ് ഉസ്താദ് മറ്റൊരാളെക്കൊണ്ട് എഴുതിച്ചത്. ചരിത്രത്തിന്റെ താളുകള്‍ മറിഞ്ഞ ഉസ്താദിന്റെ വീട്ടിലെ മുറിയിലെ അലമാരയില്‍ ചരിത്രത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ നിരവധി മാസികകളും വാരികകളും ഒതുക്കത്തോടെ സൂക്ഷിച്ച് വെച്ചത് കാണാം. അല്‍ബയാന്‍ പത്രത്തിന്റെ കോപ്പികളും സിറാജ് പത്രത്തിന്റെ നിരവധി കോപ്പികളും അവിടെ ഉസ്താദ് എടുത്തുവെച്ചിട്ടുണ്ടായിരുന്നു. കൂടാതെ, ആ ചരിത്രപുരുഷന് കാലം സാക്ഷി നല്‍കിയ നിരവധി അംഗീകാര പത്രങ്ങളും ഫലകങ്ങളും ആ മുറിയിലും വരാന്തയിലും ചുമരില്‍ തൂക്കിയിട്ടത് കാണാം. നിസ്‌കാരത്തിനും മറ്റു ഇബാദുത്തകള്‍ക്കും ഉപയോഗിച്ച ആ മുറിയില്‍ ഉസ്താദിന്റെ ചെറിയ ശരീരത്തിന് ഒതുങ്ങിയ മുസല്ലയും ഇനി ഓര്‍മയാവുകയാണ്. ഏത് യാത്രയിലും ഈ മുസല്ല ഉസ്താദ് കൂടെ കരുതിയിരുന്നു.
വാര്‍ധക്യസഹജമായ കേള്‍വിക്കുറവോ കാഴ്ചക്കുറവോ ഓര്‍മക്കുറവോ ഉസ്താദിനെ അലട്ടിയിട്ടില്ലെന്ന് ഭാര്യാ സഹോദരന്‍ തൃക്കരിപ്പൂരിലെ ടി സി അബ്ദുല്ല അടിവരയിടുന്നു. ക്ഷീണാധിക്യത്തില്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയങ്ങളില്‍ അദ്ദേഹം എപ്പോഴും ഉസ്താദിനെ കാണാന്‍ പോകുമായിരുന്നു. രാത്രി സമയങ്ങളില്‍ കുടുംബക്കാരെ വിളിച്ചിരുത്തി ഉസ്താദ് ഖുര്‍ആന്‍ പാരായണം, ഹദ്ദാദ്, മൗലിദ്, ബുര്‍ദ തുടങ്ങിയവ ചൊല്ലിക്കുമായിരുന്നു. ഉസ്താദിന്റെ പേരമകന്‍ ഡിഗ്രിക്ക് പഠിക്കുന്ന അഫ്‌സലായിരുന്നു ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചിരുന്നത്. ശ്രവണമധുരമായ അവന്റെ ഖിറാഅത്ത് ഉസ്താദ് ഇഷ്ടപ്പെട്ടിരുന്നതായും അബ്ദുല്ല ഓര്‍മിക്കുന്നു. ഉസ്താദിന്റെ പേരമക്കളായ ഐനിക്കാട് ഇബ്‌റാഹിം മുസ്‌ലിയാരുടെ മകന്‍ ഹാരിസ്, എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അബ്ദുല്‍ വഹീദ്, അല്‍ത്താഫ് എന്നിവരും ഉസ്താദിന്റെ മക്കളും സദാ സേവനം ചെയ്യാന്‍ ചുറ്റിപ്പറ്റിയിരുന്നതായും ടി സി അബ്ദുല്ല പറഞ്ഞു. മരിക്കുന്നതിന്റെ അവസാന നിമിഷങ്ങളില്‍ ഉസ്താദ് വുളുഅ് ചെയ്ത് നല്ല വസ്ത്രങ്ങള്‍ ധരിച്ച് ബുര്‍ദ പാരായണവും മറ്റും ചൊല്ലിപ്പിച്ചാണ് കിടന്നിരുന്നത്.
പിന്നെ പൂര്‍ണചാരിതാര്‍ഥ്യത്തോടെയും മനസമാധാനത്തോടെയുമാണ് അന്ത്യശ്വാസം വലിച്ചതെന്ന് അതിന് സാക്ഷിയായ അബ്ദുല്ല പറഞ്ഞു.
നൂറുല്‍ ഉലമക്ക് അറബി പണ്ഡിതന്മാര്‍ സമ്മാനിച്ച തിരുശേഷിപ്പും ഉസ്താദ് ഹജ്ജ് വേളകളില്‍ കരുതിയിരുന്ന സംസം മുക്കിയ തുണിയും കഫന്‍പുടവയില്‍ പുതഞ്ഞാണ് ആ മഹാപണ്ഡിതന്‍ ഇന്ന് സഅദിയ്യയുടെ മുറ്റത്ത് അന്തിയുറങ്ങുന്നത്. അതിനാല്‍ സഅദിയ്യ എന്ന വിജ്ഞാനമുറ്റം ഇനി വെളിച്ചത്തിനുമേല്‍ വെളിച്ചമായി മാറും.

Latest