Connect with us

Kerala

അട്ടപ്പാടിയിലെ പെണ്‍കുട്ടികളില്‍ വിളര്‍ച്ച

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ ഹോസ്റ്റലുകളിലടക്കമുള്ള പെണ്‍കുട്ടികളില്‍ വന്‍തോതില്‍ വിളര്‍ച്ച. അട്ടപ്പാടിയിലെ ആദിവാസികളടക്കമുള്ള ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. 2,653 കുട്ടികളില്‍ പരിശോധന നടത്തിയതില്‍ 714 കുട്ടികളില്‍ വിളര്‍ച്ച കണ്ടെത്തിയതായി പറയുന്നു. കൗമാരക്കാരായ കുട്ടികള്‍ക്കും യുവതികള്‍ക്കും പോഷകാഹാരം നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അട്ടപ്പാടിയിലെ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും പെണ്‍കുട്ടികളുടെ രക്തപരിശോധന നടത്തിയത്.
വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ആയുര്‍വേദൗഷധങ്ങളും പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും അടങ്ങിയ പോഷകാഹാരങ്ങളും കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങും. ഷോളയൂര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന 12 കുട്ടികള്‍ക്ക് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ പി സി തോമസിന്റെ പഠനകേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് ക്രിസ്മസ് അവധിക്കാലത്ത് സൗജന്യമായി നല്‍കി. ഇതിന് മുന്‍കൈയെടുത്തത് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ്. ഈ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞാല്‍ മുഴുവന്‍ സമയ പരിശീലനം സൗജന്യമായി ലഭ്യമാക്കും.
അഗളി, കണ്ടിയൂര്‍ ഊരുകളില്‍ ശൗച്യാലയങ്ങളും കുടിവെള്ള സംവിധാനവും ചെയ്തു നല്‍കി. വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തുന്നുണ്ട്. വൃക്കരോഗ ചികിത്സ, സൗജന്യ ഡയാലിസിസ്, ഹൃദ്രോഗ ചികിത്സ തുടങ്ങിയവയും രക്തദാനം, അവയവദാനം എന്നിവക്കുവേണ്ട ബോധവത്കരണവും നല്‍കിവരുന്നു.
ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഉമാ പ്രേമന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവരെ സഹായിക്കാന്‍ സദാ സന്നദ്ധനായി ബ്ലോക്ക് പഞ്ചായത്തംഗം പി ഷറഫുദീനും രണ്ട് നഴ്‌സുമാരും നാട്ടുകാരും ഉണ്ട്. ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനാണ് ഇവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിവരുന്നത്.

---- facebook comment plugin here -----

Latest