വി എസ് സംസ്ഥാന സമിതി പാനലില്‍ നിന്ന് പുറത്ത്

Posted on: February 23, 2015 10:27 am | Last updated: February 24, 2015 at 11:29 am

vs sadആലപ്പുഴ: വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതി അംഗീകരിച്ച പാനലില്‍ നിന്നാണ് വി എസിനെ ഒഴിവാക്കിയത്. തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കാരുതെന്ന് വി എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു അംഗത്തിനുള്ള സ്ഥാനം ഒഴിച്ചിട്ടാണ് പാനല്‍ തയ്യാറാക്കിയത്. സംസ്ഥാന സമ്മേളനത്തില്‍ വി എസ് പങ്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനായാണ് ഒരു സ്ഥാനം ഒഴിച്ചിട്ടതെന്നാണ് സൂചന. 1964ല്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് വി എസ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്.

88 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എം എ ബേബിയേയും പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി ബി അംഗമായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. 80 വയസ്സ് കഴിഞ്ഞ ആരും പുതിയ പാനലില്‍ ഇല്ല. എം എം ലോറന്‍സ്, ടി ശിവദാസമേനോന്‍, വി ആര്‍ ഭാസ്‌കരന്‍, എം കെ ഭാസ്‌കരന്‍, സി പി കൃഷ്ണന്‍ എന്നിവരേയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പാലോളി മുഹമ്മദ്കുട്ടി, എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാനകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും തെരഞ്ഞെടുത്തു. അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണനാണ്. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു.

15ഓളം പുതുമുഖങ്ങളെ പുതുതായി ഉള്‍പ്പെട്ടിട്ടുണ്ട്. പി മോഹനന്‍ (കോഴിക്കോട്), വി എന്‍ വാസവന്‍ (കോട്ടയം), സജി ചെറിയാന്‍ (ആലപ്പുഴ), കെ പി ഉദയഭാനു (പത്തനംതിട്ട), കെ സജീവന്‍, പുത്തലത്ത് ദിനേശന്‍ (എ കെ ജി സെന്റര്‍), എം ബി രാജേഷ്, എന്‍ എന്‍ കൃഷ്ണദാസ് (പാലക്കാട്), പി നന്ദകുമാര്‍, എം സ്വരാജ് (മലപ്പുറം), ഡോ. വി ശിവദാസന്‍ (കണ്ണൂര്‍), എം വി ബാലകൃഷ്ണന്‍ (കാസര്‍കോട്), വി ശിവന്‍കുട്ടി (തിരുവനന്തപുരം), സൂസന്‍ കോടി, എസ് സുദേവന്‍ (കൊല്ലം) എന്നിവരെയാണ് പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.