ഗ്യാലറിയിലും സച്ചിന്‍ തന്നെ താരം

Posted on: February 23, 2015 12:21 am | Last updated: February 23, 2015 at 10:22 am

sachin-tendulkar-mcg-67മെല്‍ബണ്‍: ഇന്നലെ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഗ്യാലറിയില്‍ ഒരു ഇതിഹാസമിരിപ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യക്ക് വേണ്ടി ബാറ്റുകൊണ്ട് കവിത വിരിയിച്ച സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കറായിരുന്നു അത്. ലോകകപ്പ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സച്ചിന്‍ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് ഗ്യാലറിയിലെത്തിയത്. എം സി ജെയിലെ സ്‌ക്രീനില്‍ സച്ചിന്റെ മുഖം തെളിഞ്ഞപ്പോഴെല്ലാം സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന തൊണ്ണൂറായിരത്തോളം വരുന്ന കാണികള്‍ സച്ചിന്‍, സച്ചിന്‍ വിളികളില്‍ മുഴുകി. തുടക്കത്തില്‍ റണ്‍ വരള്‍ച്ച നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്തിയതും ഈ ആരവത്തിനിടയിലായിരുന്നു. അനില്‍ കുംബ്ലെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗ്യാലറിയില്‍ നിന്ന് ഒരു സെല്‍ഫിയുമെടുത്ത സച്ചിന്‍ അത് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ലൈക്കുകളാണ് ഫോട്ടോക്ക് ലഭിച്ചത്.