Connect with us

Editorial

ഇസില്‍ ഭീകരത പുതിയ തലത്തിലേക്ക്

Published

|

Last Updated

എല്ലാ ഭീകരവാദ സംഘടനകളും സാമ്രാജ്യത്വത്തിന്റെ അജന്‍ഡകളെയാണ് സഫലമാക്കുന്നതെന്ന സത്യം ഇസില്‍ സംഘത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തമാകുകയാണ്. ഇത്തരം സംഘങ്ങളെ ആയുധവും പരിശീലനവും നല്‍കി വളര്‍ത്തിക്കൊണ്ടു വന്നത് സാമ്രാജ്യത്വ രാജ്യങ്ങളിലെ ചാര സംഘടനകളാണെന്ന നിഗമനവും ഇതോടൊപ്പം പുലരുന്നു. സൃഷ്ടിക്കും നിഗ്രഹത്തിനും ഇടയില്‍ അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ നേടുന്നതും തേടുന്നതും നിരവധി രാഷ്ട്രങ്ങളുടെ ശിഥിലീകരണമാണ്. അതിക്രൂരമായ മനുഷ്യഹത്യകളാണ് ഇസില്‍ സംഘം നടത്തുന്നത്. ഏറ്റവും ഒടുവില്‍ ലിബിയയിലെ ഡെര്‍നയില്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികളെ നിരത്തി നിര്‍ത്തി കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതിന് തൊട്ട് മുമ്പ് ജപ്പാന്‍, യമന്‍ ബന്ദികളെയും ഇങ്ങനെ തന്നെ വധിച്ചു. സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും നിരവധി പ്രദേശങ്ങള്‍ ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ് ഈ സംഘത്തിന് ഇത്ര പ്രഹരശേഷി കൈവന്നത് എന്ന ചോദ്യം ഉത്തരമില്ലാതെ അലയുമ്പോഴും ഈ ചെയ്തികളുടെയും ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. കാരണം എണ്ണ സമ്പന്ന രാഷ്ട്രങ്ങളാണ് തകരുന്നത്. ഈ രാഷ്ട്രങ്ങളിലെല്ലാം അമേരിക്കന്‍ ചേരിക്ക് വ്യക്തമായ താത്പര്യങ്ങളുണ്ട് താനും. സിറിയയില്‍ ബശര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചവരാണ് അവര്‍. റഷ്യയുടെ തണലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ബശര്‍. ഇറാഖില്‍ പെരും നുണയുടെ പുറത്ത് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടമാക്കിയ ശേഷം നെറികെട്ട വംശീയതയാണ് അമേരിക്ക പയറ്റുന്നത്. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നു തള്ളുന്നതിന് മുന്നില്‍ നിന്നതും അമേരിക്കയായിരുന്നു.
ഇപ്പോള്‍ ഇസില്‍ സംഘത്തിന്റെ പേരില്‍ അറബ്, മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കിടയില്‍ പലതരം ചേരികള്‍ രൂപപ്പെടുകയാണ്. ഇറാന്‍ അമേരിക്കയോട് അണിചേരാന്‍ പോകുന്നു. തുര്‍ക്കിയെയും ജോര്‍ദാനെയും സഊദി അറേബ്യയെയും യുദ്ധക്കളത്തിലേക്ക് നേരിട്ട് ഇറക്കാനുള്ള നീക്കുപോക്കുകള്‍ തയ്യാറായിക്കഴിഞ്ഞു. ലിബിയയില്‍ ഈജിപ്ത് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതിന് പിറകേ ഈജിപ്തിലെ അല്‍ സീസി സര്‍ക്കാര്‍ ഏകപക്ഷീയമായ ആക്രമണത്തിന് മുതിര്‍ന്നത് അറബ് ലീഗില്‍ ഭിന്നത സൃഷ്ടിച്ചു കഴിഞ്ഞു. ഖത്തര്‍ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. ഈജിപ്തിലെ തങ്ങളുടെ സ്ഥാനപതിയെ അവര്‍ പിന്‍വലിച്ചിരിക്കുകയാണ്. അറബ് ലീഗ് സമ്മേളനത്തില്‍ രൂക്ഷമായ വാക്കേറ്റമാണ് ഇരു രാജ്യങ്ങളും തമ്മില്‍ അരങ്ങേറിയത്. ലിബിയയിലെ ഡെര്‍നയില്‍ നിലയുറപ്പിച്ചാണ് ഇസില്‍ സംഘം സിറിയയിലേക്ക് തുര്‍ക്കി വഴി നുഴഞ്ഞുകയറുന്നത് എന്നത് യാഥാര്‍ഥ്യമാണ്. തങ്ങളുടെ പൗരന്‍മാരെ വധിച്ചതിനോട് പ്രതികരിക്കാന്‍ ഈജിപ്തിന് അവകാശവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ ദുര്‍ബലമായ ലിബിയന്‍ പരമാധികാരത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നതായിപ്പോയി ഈജിപ്തിന്റെ നടപടി. മേഖലയിലെ രാജ്യങ്ങള്‍ പരസ്പരം ആക്രമിക്കുകയെന്ന പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന ആശങ്ക പരത്തുന്നുമുണ്ട് നാല് കുട്ടികള്‍ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണം. ഇത് ഇസില്‍ സംഘവും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്നത് തന്നെയായിരിക്കും. മാത്രമല്ല, പുതിയ സംഭവവികാസങ്ങള്‍ ലിബിയയില്‍ കൂടുതല്‍ ശക്തമായി നിലയുറപ്പിക്കാന്‍ ഇസില്‍ സംഘത്തിന് അവസരമൊരുക്കുക കൂടി ചെയ്യുന്നുണ്ട് പുതിയ കൂട്ടക്കുഴപ്പങ്ങള്‍.
മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റ പരമ്പരകളുടെ കണക്കിലാണ് ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ പതനം എണ്ണപ്പെടുന്നത്. എന്നാല്‍ സ്വേച്ഛാധിപത്യം അസ്തമിച്ച ലിബിയയില്‍ പകരം വന്നത് എന്താണ്? ശുദ്ധ അരാജകത്വം. സഊദി അറേബ്യ, യു എ ഇ, ഈജിപ്ത് എന്നിവയുടെ പിന്തുണയുള്ള അബ്ദുല്ല അല്‍ താനി സര്‍ക്കാര്‍ ട്രിപ്പോളി കേന്ദ്രമാക്കി ഒരു ഭാഗത്തും ഖത്തറിന്റെയും തുര്‍ക്കിയുടെയും പിന്തുണയുള്ള ഉമര്‍ അല്‍ ഹസ്സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ത്വബ്‌റൂക്ക് കേന്ദ്രമാക്കി മറുഭാഗത്തും പ്രവര്‍ത്തിക്കുന്നു. രണ്ട് പാര്‍ലിമെന്റുമുണ്ട്. എന്നാല്‍ ഭരിക്കുന്നത് ഇവരാരുമല്ല. യദ്ധപ്രഭുക്കളാണ്. ഈ മിലീഷ്യകളാണ് രാജ്യത്തെ എണ്ണക്കിണറുകള്‍ ഊറ്റി തോന്നിയ വിലക്ക് വിറ്റ് കൊണ്ടിരിക്കുന്നത്. നിത്യം സ്‌ഫോടനപരമ്പരകള്‍. തീര്‍ത്തും അശാന്തം. ഇസില്‍ പോലുള്ള ഭീകരവാദികളെ ചെറുക്കാന്‍ ലിബിയയില്‍ അവശ്യം വേണ്ടത് ശക്തമായ ഐക്യ സര്‍ക്കാറാണ്. അല്ലാതെ ഈജിപ്തിന്റെ ആക്രമണമോ അതിന് അന്താരാഷ്ട്ര പിന്തുണയോ അല്ല. അന്താരാഷ്ട്ര സമൂഹം “സഹായിച്ച”തിന്റെ ദുരന്തമാണ് ലിബിയ ഇന്ന് അനുഭവിക്കുന്നത്. ഇറാഖിന്റെയും സിറിയയുടെയും സ്ഥിതി അത് തന്നെ. അതുകൊണ്ട് ഇവിടങ്ങളിലെല്ലാം അവിടുത്തെ ജനത ആഗ്രഹിക്കുന്ന സുസ്ഥിര ഭരണകൂടങ്ങള്‍ നിലവില്‍വരാനുള്ള അവസരമുണ്ടാകുകയും അവ ഇടപെടലില്ലാതെ ഭരിക്കുകയും ചെയ്താല്‍ ഒരു ഇസില്‍ സംഘത്തിനും നിലനില്‍ക്കാനാകില്ല. ഭീകരതയെ നേരിടാന്‍ ആഗോള സമ്മേളനം വിളിക്കുകയും യുദ്ധം ഇസ്‌ലാമിനോടല്ലെന്ന് വാചകമടിക്കുകയും ചെയ്യുന്ന ഒബാമ ചെയ്യേണ്ടത് കുത്തിത്തിരിപ്പുകളില്‍ നിന്ന് പിന്‍വാങ്ങുകയാണ്.