Connect with us

Articles

മതസ്വാതന്ത്ര്യം: മോദിയില്‍ നിന്ന് രാജ്യം ആഗ്രഹിക്കുന്നത്

Published

|

Last Updated

രാജ്യത്ത് എല്ലാവര്‍ക്കും മതസ്വാതന്ത്യം ഉറപ്പ് നല്‍കിയിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് മത വിശ്വാസത്തെ പിന്തുടരണമെന്നത് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മതങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അംഗീകരിക്കാനാകില്ലെന്നും ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ മതവിദ്വേഷം അനുവദിക്കില്ലെന്നു കൂടി പറയുകയുണ്ടായി. ഉത്തരേന്ത്യയില്‍ ഈയിടെ ക്രിസ്തീയ മതസൂഹത്തിനെതിരെ നടന്ന ആക്രമണങ്ങളുടെയും ഘര്‍വാപസിയുടെയും പശ്ചാത്തലത്തിലായിരിക്കണം, ഡല്‍ഹിയില്‍ നടന്ന ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പ്രഖ്യാപന സമാപന ചടങ്ങില്‍ അദ്ദേഹം മതസ്വാതന്ത്രത്തെക്കുറിച്ചു വാചാലനായത്.
സംഘ് പരിവാര്‍ നേതാക്കള്‍ നടത്തിവരുന്ന വര്‍ഗീയ പ്രസ്താവനകളോട് പ്രതികരിക്കാതെ, മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന അവരുടെ ചെയ്തികള്‍ക്കു നേരെ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെതിരെ രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും വ്യാപകമായ വിമര്‍ശമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ മോദി കൈക്കൊള്ളുന്ന അപകടകരമായ മൗനം വെടിഞ്ഞു വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിക്കണമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ ചില വിദേശ പത്രങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ മോദിക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിച്ച ന്യൂയോര്‍ക്ക് ടൈസ്, തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരിക്കാനുള്ള കാരണമെന്താണെന്ന് ചോദിച്ചു. ഫെബ്രുവരി ആറിന്റെ മുഖപ്രസംഗത്തിലാണ് പത്രം മോദിക്കെതിരെ ആഞ്ഞടിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹവും ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നതാണ്. “ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് വാഗ്ദാനം ചെയ്യുന്നത് എത് മതവിശ്വാസവും പ്രചരിപ്പിക്കാനും വിശ്വസിക്കാനുമുള്ള അവകാശമാണ്. എല്ലാ രാജ്യങ്ങളിലും ഈ അടിസ്ഥാന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്” ഡല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സര്‍ക്കാറിനെ അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി.
ഈ വിധം നാനാഭാഗത്തു നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇനിയും മൗനം പാലിക്കുന്നത് ഉചിതമല്ലെന്നും, തന്റെ പ്രതിച്ഛായയെ തന്നെ അത് ബാധിക്കുമെന്നുമുള്ള തിരിച്ചറിവാണ് മോദിയെക്കൊണ്ട് ഇത് പറയിപ്പിച്ചത്. അതേസമയം ഭരണഘടന നല്‍കിയ മത സ്വാതന്ത്യവും വിശ്വാസ സംരക്ഷണത്തിനുള്ള അവകാശവും മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാനും അേദ്ദഹം ബാധ്യസ്ഥനാണ്. എന്നാല്‍ വിമര്‍ശങ്ങളെ അതിജീവിക്കാനുള്ള തന്ത്രമെന്നതിലുപരി ഈ വാഗ്ദാനം നടപ്പാക്കാനും, മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷയും വര്‍ഗീയ ഫാസിസം ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് മോചനവും നല്‍കാനും അദ്ദേഹത്തിനാകുമോ എന്നതാണ് പ്രശ്‌നം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലും നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലുമാണ്. മത, ജാതി വ്യത്യാസമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി പൊരുതി വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച രാജ്യത്തെ, ഹിന്ദുരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വര്‍ഗീയ ഫാസിസത്തിന്റെ നീക്കമാണ് അവരെ അസ്വസ്ഥരാക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്തിലെ വംശീയ കലാപവും രാജ്യത്ത് അടിക്കടി അരങ്ങേറുന്ന വര്‍ഗീയ കലാപങ്ങളുമെല്ലാം ഈ അജന്‍ഡയുടെ ഭാഗമായിരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ഭരണ മാറ്റം പ്രവചിക്കപ്പെടുകയും മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാത്തിലേറാനുള്ള സാധ്യത തെളിയുകയും ചെയ്തതോടെ വര്‍ഗീയ ഫാസിസത്തിന്റെ ഈ പ്രവണതക്ക് ആക്കം കൂടി. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉടനീളം മുഴങ്ങിക്കേട്ടത് സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളായിരുന്നുവല്ലോ. കേവല ഭൂരിപക്ഷത്തോടെ ബി ജെ പിയുടെ നേതൃത്വത്തില്‍ മോദി അധികാരത്തിലേറിയതോടെ അവരുടെ ഹുങ്ക് പിന്നെയും വര്‍ധിച്ചു. ബി ജെ പി നേതാക്കളായ ഗിരിരാജ് സിംഗ്, ശ്യാം ലാല്‍ ഗോസ്വാമി, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എം പി സാക്ഷി മഹാരാജ്, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ നാവുകള്‍ക്ക് മോദിയുടെ സ്ഥാനാരോഹണത്തോടെ മൂര്‍ച്ച കൂടി. ഈയിടെയായി ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളും ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സെബാസ്റ്റ്യന്‍സ് ദേവാലയം തീയിട്ടു നശിപ്പിച്ചതും തെക്കന്‍ ഡല്‍ഹിയിലെ ഓഖല ഫാത്തിമ മാതാ സീറോ മലബാര്‍ ദേവാലയത്തിനു നേരെ ആക്രമണം നടന്നതും അടുത്ത ദിവസങ്ങളിലാണ്. ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുമത രാഷ്ട്രമാക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം തടഞ്ഞെങ്കില്‍ മാത്രമേ ഈ ലക്ഷ്യത്തിലേക്കെത്താനാവുകയുള്ളൂവെന്നും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി.
ഇന്ത്യക്ക് ഔദ്യോഗിക മതമില്ല. രാഷ്ട്രത്തിന്റെ കണ്ണില്‍ എല്ലാ മതങ്ങളും തുല്യമാണ്. ഒന്നിനോടും പ്രത്യേക മമതയോ വിരോധമോ ഇല്ല. എല്ലാ മതവിഭാഗങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് രാജ്യം. ഇതാണ് നമ്മുടെ ഭരണ ഘടന അംഗീകരിച്ച മതേതരത്വത്തിന്റെ വിവക്ഷ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അതംഗീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ പാക്കിസ്ഥാനിലേക്കോ വത്തിക്കാനിലേക്കോ കെട്ടുകെട്ടണമെന്നും പറയുകയും വര്‍ഗീയ, വംശീയ കലാപങ്ങള്‍ അഴിച്ചുവിട്ടു മതന്യൂനപക്ഷങ്ങളുടെ സൈ്വര ജീവിതം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവരെ ചങ്ങലക്കിട്ടു ഈ തത്വം സംരക്ഷിക്കാനുള്ള ആര്‍ജവമാണ് രാജ്യത്തെ അത്യുന്നത ഭരണാധികാരിയെന്ന നിലയില്‍ മോദിയില്‍ നിന്ന് മതേതര ഇന്ത്യയും ആഗോള സമൂഹവും പ്രതീക്ഷിക്കുന്നത്. അല്ലാതെ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള കേവലം പ്രസ്താവനയല്ല. ആശയ സംവാദങ്ങളിലൂടെയാണ് ഇതര മതങ്ങളെ നേരിടേണ്ടത്. അല്ലാതെ വിശ്വാസങ്ങള്‍ക്കു നേരെ ബലപ്രയോഗം നടത്തിയല്ല. അത്തരം നിലപാടുകളെ ഒരു കാരണവശാലും സ്വയം അംഗീകരിക്കുന്നതോ അംഗീകരിച്ചു കൊടുക്കുന്നതോ ഒരു ഭരണാധികാരിക്ക് ഹിതകരമല്ല.