Connect with us

Articles

നോര്‍ത്ത് കരോലിനയില്‍ വീണ ചോരയും മാധ്യമങ്ങളിലെ മുസ്‌ലിംകളും

Published

|

Last Updated

മാധ്യമങ്ങള്‍ എല്ലാ വാര്‍ത്തകള്‍ക്കും ഇടം നല്‍കുന്നില്ല. വാര്‍ത്തകള്‍ അപ്പടി റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. അവബോധങ്ങള്‍ സൃഷ്ടിക്കുകയും നിഗ്രഹിക്കുകയും ചെയ്യാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് മാധ്യമങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍ക്ക് നന്നായറിയാം. അതിനാല്‍ അവര്‍ ചില വാര്‍ത്തകള്‍ ബോധപൂര്‍വം വിട്ടുകളയുന്നു. വാര്‍ത്തകളുടെ ചില അംശങ്ങള്‍ വെട്ടിമാറ്റുന്നു. പത്രങ്ങളിലും ചാനലുകളിലും ഇടം നേടിയ വാര്‍ത്തകളും വിശകലനങ്ങളുമല്ല, വരാതെ പോയവയാണ് യഥാര്‍ഥത്തില്‍ മാധ്യമ സ്ഥാപനങ്ങളുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. പറയാതിരിക്കുന്നത് കൊണ്ടും കടത്തി പറയുന്നത് കൊണ്ടും ആഴത്തില്‍ മുറിവേറ്റവരുടെ ചരിത്രമാണ് യഥാര്‍ഥ മാധ്യമ ചരിത്രം. പാശ്ചാത്യ മാധ്യമ ലോകം എത്ര ഭീകരമായാണ് അവിടങ്ങളിലെ ഭരണകൂട നിലപാടുകളുടെ നടത്തിപ്പുകാരാകുന്നത്? ഇസ്‌ലാമും മുസ്‌ലിംകളും എങ്ങനെയാണ് ഈ മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശകലനം ചെയ്താല്‍ ഈ ഭീകരത വ്യക്തമാകും. ആയുധ നിര്‍മാതാക്കളുടെ ഇടനിലക്കാരായി അധഃപതിച്ചുപോയ ഭരണകൂടങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാം പേടി സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ അത്യന്തം വിദഗ്ധമായ സങ്കേതങ്ങളാണ് എംബെഡ്ഡഡ് പത്രപ്രവവര്‍ത്തകര്‍ പുറത്തെടുക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന പ്രത്യയശാസ്ത്രപരമായ ബാധ്യതക്ക് ഇന്ന് പ്രസക്തിയില്ല. അതുകൊണ്ട് മുസ്‌ലിം വിരുദ്ധതയുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നു മാധ്യമ കോര്‍പറേറ്റുകള്‍.
അമേരിക്കയിലെ ചാപ്പല്‍ ഹില്ലില്‍ കഴിഞ്ഞ ആഴ്ച മൂന്ന് അമേരിക്കന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. ദിയാ ശാദി ബറകാത്(23), ഇദ്ദേഹത്തിന്റെ ഭാര്യ യസൂര്‍ മുഹമ്മദ്(21), സഹോദരി റസാന്‍ മുഹമ്മദ് അബൂ സ്വാലിഹ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കരോലിന സര്‍വകലാശാല കോംപ്ലക്‌സില്‍ വെച്ചാണ് വിദ്യാര്‍ഥികളെ അക്രമി വെടിവെച്ചുകൊന്നത്. ഇവര്‍ മൂന്ന് പേരും ഗവേഷകരാണ്. യുദ്ധമേഖലയില്‍ സഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുമാണ്. പ്രമുഖ പത്രങ്ങളും ചാനലുകളും തുടക്കത്തില്‍ ഈ കൊലപാതക വാര്‍ത്ത പ്രസിദ്ധീകരിക്കാനേ തയ്യാറായില്ല. സമാന്തര മാധ്യമങ്ങളിലും നെറ്റിലെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയും പ്രതികരണങ്ങളും നിറഞ്ഞപ്പോള്‍ മാത്രമാണ് സംക്ഷിപ്ത വാര്‍ത്തക്കെങ്കിലും മുഖ്യധാരക്കാര്‍ ഇടം നല്‍കിയത്. എപ്പോഴാണ് ഒരു സംഭവം വാര്‍ത്തയാകാതെ പോകുന്നത്? പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല; മനുഷ്യന്‍ പട്ടിയെ കടിച്ചു കിട്ടണം എന്നാണല്ലോ തത്വം. അപ്പോള്‍ സ്വാഭാവികമായ ഒന്നിന്, പുതുമയില്ലാത്ത ഒന്നിന്, ആവര്‍ത്തിക്കുന്ന ഒന്നിന് വാര്‍ത്താ മൂല്യം ഇല്ല. മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ വാര്‍ത്തയില്ലെന്നാണോ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള സന്ദേശം. പാരീസിലെ ഷാര്‍ളി ഹെബ്‌ദോ വാരികക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പ്രതികരണങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ വിവിധ രീതിയില്‍ സംഭവിക്കുമെന്നും അതിലൊന്നാണ് അമേരിക്കയില്‍ സംഭവിച്ചതെന്നും ഫേസ്ബുക്കില്‍ ഒരു മാന്യന്‍ പ്രതികരിച്ചുകണ്ടു. മാധ്യമ സിംഹങ്ങള്‍ ഈ നിലയില്‍ പച്ചയായി ഗര്‍ജിക്കുന്നില്ലെന്നേയുള്ളൂ. അവരുടെയും ഉള്ളിലിരിപ്പ് ഇതു തന്നെയാണെന്ന് പിന്നീട് വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.
ക്രെയിഗ് സ്റ്റീഫന്‍ ഹിക്‌സ് എന്നയാളാണ് കൊല നടത്തിയത്. ഇയാള്‍ തികഞ്ഞ ഇസ്‌ലാംവിരുദ്ധനും തീവ്രവലതുപക്ഷ നിലപാടുകള്‍ സൂക്ഷിക്കുന്നയാളുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം യാതൊന്നും വാര്‍ത്തയില്‍ വന്നില്ല. പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തോക്കെടുത്തു വെടിയുതിര്‍ത്തു എന്ന നിലയിലാണ് വാര്‍ത്ത പോകുന്നത്. ഇവിടെ തോക്കിന് പിറകില്‍ മുസ്‌ലിം ആയിരുന്നുവെങ്കില്‍ ന്യൂസ് റൂമുകള്‍ക്ക് ഈ ആലസ്യം ഉണ്ടാകുമായിരുന്നില്ല. അവര്‍ കൊലയാളിയുടെ വിത്തും വേരും അന്വേഷിക്കും. കുടുംബപരമ്പരയിലെ ആര്‍ക്കെങ്കിലും ഏതെങ്കിലും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തില്‍ വേരുകളുണ്ടെങ്കില്‍ അതു മതിയാകും കഥകള്‍ക്ക്.
കഴിഞ്ഞ വര്‍ഷവും 2009ലുമായി ടെക്‌സാസിലെ ഫോര്‍ട്ട്ഹുഡ് സൈനിക താവളത്തില്‍ നടന്ന വെടിവെപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെക്‌സാസിലെ ഫോര്‍ട്ട്ഹൂഡ് അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളമാണ്. വിദേശദൗത്യങ്ങള്‍ക്കുള്ള പരിശീലനവും ആസൂത്രണവും നടക്കുന്നതിവിടെയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ ഇവാന്‍ ലോപ്പസ് (34)എന്ന സൈനികന്‍ തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സൈനിക ക്യാമ്പില്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സൈനികര്‍ മരിച്ചുവീണു. കൃത്യം നടത്തിയ ശേഷം അതേ തോക്കുകൊണ്ട് ലോപ്പസ് സ്വയം മരണം വരിക്കുകയും ചെയ്തു. 2011ല്‍ ഇറാഖ് ഓപറേഷനില്‍ പങ്കെടുത്തയാളായിരുന്നു ലോപ്പസ്. 2009ല്‍ ഇതേ താവളത്തില്‍ 13 പേരെയാണ് മേജര്‍ നിദാല്‍ ഹസന്‍ മാലിക് എന്ന സൈനികന്‍ വകവരുത്തിയത്. മാനസിക വിഭ്രാന്തിയിലകപ്പെട്ട സൈനികരെ ചികിത്സിക്കുന്ന മനഃശാസ്ത്ര വിദഗ്ധന്‍ കൂടിയായിരുന്നു നിദാല്‍ ഹസന്‍. നിരവധി പേരെ വിഭ്രാന്തിയുടെ നടുക്കടലില്‍ നിന്ന് ജീവിതത്തിന്റെ തീരത്തെത്തിച്ച മനുഷ്യന്‍. വിശിഷ്ട സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയയാള്‍. ഇറാഖിലേക്ക് നിയോഗിക്കപ്പെടാനിരിക്കെയാണ് നിദാല്‍ ഹസന്‍ ഈ ക്രൂരകൃത്യം ചെയ്തത്.
ഈ രണ്ട് സംഭവത്തിലും സൈനികന്റെ മാനസിക നിലയുമായി ബന്ധപ്പെട്ട ഗുരുതരമായ സാമ്യങ്ങളുണ്ടായിരുന്നു. ഭരണകൂടത്തിന്റെ ആക്രമണ പദ്ധതികള്‍ പൗരന്‍, മനുഷ്യന്‍ എന്ന നിലയില്‍ ബോധ്യപ്പെടാതെ പോകുമ്പോള്‍ സൈനികന് ഉദ്യോഗസ്ഥന്‍ എന്ന തന്റെ സ്വത്വം ഭാരമായി അനുഭവപ്പെടുന്നു. ആ കുപ്പായത്തില്‍ നിന്ന് പുറത്ത് കടന്ന് വെറും മനുഷ്യനാകാന്‍ അയാള്‍ കൊതിക്കുന്നു. ഇത്തരം ത്വരയാണ് ലോപ്പസിനെയും ഹസനെയും യഥാര്‍ഥത്തില്‍ കൊലയാളികളാക്കി മാറ്റിയത്. എന്നാല്‍ മാധ്യമങ്ങള്‍ മാനസിക വിഭ്രാന്തിയുടെ ആനുകൂല്യം നല്‍കി ഇവാന്‍ ലോപ്പസിനെ വെറുതെവിട്ടു. ഹസന്‍ ഇന്നും വിശകലനങ്ങളില്‍ നിറയുന്നു. അന്ന് വന്ന കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നു. വെടിവെക്കുമ്പോള്‍ അദ്ദേഹം അല്ലാഹു അക്ബര്‍ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളിലുടനീളം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് “കണ്ടെത്തി”. അദ്ദേഹം അടിയുറച്ച മതവിശ്വാസിയായിരുന്നുവെന്നതും വലിയ കുറ്റമായി ഗണിക്കപ്പെട്ടു. ജൂതനും ക്രിസ്ത്യാനിയും കൊലയാളിയാകുമ്പോള്‍ അത് വ്യക്തിപരമായ അപഭ്രംശമാണ്. മുസ്‌ലിം കുറ്റവാളിയാകുമ്പോള്‍ അയാളുടെ മതം വിചാരണ ചെയ്യപ്പെടുന്നു. മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകളെ ബുദ്ധതീവ്രവാദികള്‍ വംശഹത്യ ചെയ്യുമ്പോള്‍ അത് വാര്‍ത്തയാകുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവിടെ ബുദ്ധമതത്തിന്റെ സംഘടിത ഭീകരവാദം ചര്‍ച്ചയാകുന്നില്ല. എന്നാല്‍ ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ഭീകരവാദം വലിയ പ്രശ്‌നമാണ്. വിഷയം ഉയ്ഗൂര്‍ ആകുമ്പോള്‍ ചൈനയോടുള്ള പതിവ് അലംഭാവമൊന്നും പാശ്ചാത്യ മാധ്യമ ലോകത്തിനില്ല.
ഇത്തരം മാധ്യമ വിവേചനങ്ങള്‍ എത്ര വേണമെങ്കിലും നിരത്താന്‍ സാധിക്കും. എഡ്വേര്‍ഡ് സെയ്ദ് അടക്കമുള്ള ഗ്രന്ഥകര്‍ത്താക്കളും ചിന്തകരും പാശ്ചാത്യ മാധ്യമങ്ങളുടെ മുസ്‌ലിം കവറേജ് നിശിതമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. സെയ്ദിന്റെ പുസ്തകത്തിന്റെ പേര് തന്നെ “കവറിംഗ് ഇസ്‌ലാം” എന്നാണ്. അവരെല്ലാം ഒരുപോലെ എത്തിച്ചേരുന്നത് ഒരിടത്താണ്. പാശ്ചാത്യ മാധ്യമങ്ങളുടെ മുസ്‌ലിം അക്രമോത്സുകനും അവികസിതനും മാറാന്‍ കൂട്ടാക്കാത്തവനുമാണ്. ആത്യന്തികമായി അവന്‍/ അവള്‍ പാശ്ചാത്യ സംസ്‌കാരത്തിന് ഭീഷണിയാണ്. അല്‍ഖാഇദയെയും ഇസിലിനെയും തകര്‍ത്തെറിയേണ്ടത് മുസ്‌ലിംകളുടെയും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെയും പ്രാഥമികമായ ബാധ്യതയാണെന്നാണ് റൂപര്‍ട്ട് മര്‍ഡോക്ക് പറയുന്നത്. എല്ലാ ഭീകരവാദ സംഘടനകളും മുസ്‌ലിം സമൂഹത്തെ ശിഥിലമാക്കുന്നതിനും കൊന്നൊടുക്കുന്നതിനും മുസ്‌ലിം രാഷ്ട്രങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയാണ് പാശ്ചാത്യ ശക്തികള്‍ക്ക്. ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണ്. “ഇവര്‍ ഞങ്ങളില്‍ പെട്ടവര”ല്ലെന്ന് മുസ്‌ലിം പണ്ഡിത സമൂഹം നിരന്തരം വിളിച്ചുപറഞ്ഞിട്ടും ആ ശബ്ദം കേട്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങള്‍.
പാശ്ചാത്യ മാധ്യമങ്ങളില്‍ മുസ്‌ലിം സംബന്ധമായി വരുന്ന വാര്‍ത്തകളും വിശകലനങ്ങളും വെറുമൊരു മാസത്തേത് മാത്രമെടുത്ത് വിലയിരുത്തിയാല്‍ തന്നെ അതിന്റെ പൊതുസ്വഭാവം വ്യക്തമാകും. മുസ്‌ലിമിനെ മറ്റേതോ രാജ്യത്ത് വേരുകളും കൂറുമുള്ള മനുഷ്യനായി കാണുന്നുവെന്നതാണ് അതില്‍ ഏറ്റവും ഗുരുതരമായിട്ടുള്ളത്. അഥവാ സ്വന്തം രാഷ്ട്രത്തില്‍ അവനെ അന്യനാക്കുന്നു. അല്ലെങ്കില്‍ രാഷ്ട്രരഹിതനാക്കുന്നു. മുസ്‌ലിമിന്റെ പ്രാദേശിക സ്വത്വത്തെ അവഗണിക്കുന്നു. പ്രാദേശിക സാംസ്‌കാരികതയില്‍ നിന്ന് അവന്‍ സ്വീകരിച്ചിട്ടുള്ളതും നല്‍കിയിട്ടുള്ളതും മായ്ച്ചു കളയുന്നു. കുടിയേറ്റത്തെ കുറിച്ചുള്ള വേവലാതികളിലാണ് മുസ്‌ലിംകളെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുക. മുസ്‌ലിംകള്‍ ഒന്നടങ്കം സംശയിക്കപ്പെടേണ്ടവരും ഭയപ്പെടേണ്ടവരുമാണെന്നും മാധ്യമങ്ങള്‍ നിരന്തരം ധ്വനിപ്പിക്കുന്നു. മുസ്‌ലിമിന്റെ വിദ്യാഭ്യാസം, വിവാഹം, പ്രജനനം, ഉപജീവനോപാധികള്‍ എല്ലാം തികച്ചും നെഗറ്റീവായ തലത്തിലാണ് ചര്‍ച്ച ചെയ്യുക. നിഗൂഢതയുടെ മേലങ്കിയണിയിച്ചു മാത്രമേ മുസ്‌ലിമിന്റെ വ്യവഹാരങ്ങള്‍ അവതരിപ്പിക്കപ്പെടുകയുള്ളൂ. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിംകളെ അറിയാത്ത പ്രശ്‌നമുണ്ട്. മിക്കവരും അറിവില്ലായ്മ അഭിനയിക്കുകയാണ്. മുസ്‌ലിംകളിലെ ധാരാ വൈജാത്യങ്ങളെ തങ്ങള്‍ക്ക് ആവശ്യമായ നിലയില്‍ ഉപയോഗിക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍, കുറ്റാരോപണങ്ങള്‍ നിരത്തുമ്പോള്‍ പൊതുവെ ഏകജാതീയ (ഹോമോജിനസ്)മായാണ് മുസ്‌ലിംകളെ അവതരിപ്പിക്കുക.
ലോകത്തെ ഏത് ഭാഷയിലിറങ്ങുന്ന പത്രത്തിലെയും പ്രധാന ചര്‍ച്ചാവിഷയം തീവ്രവാദമാകുകയും അതിന്റെ കേന്ദ്രത്തില്‍ മുസ്‌ലിമിനെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനായി നടത്തുന്ന എഴുത്തുകള്‍ പോലും ഫലത്തില്‍ ആക്രമണങ്ങളായി മാറുകയാണ്. ബരാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞു. “ഞാന്‍ ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല, ഭീകരതയോടാണ് യുദ്ധ”മെന്ന്. അവിടെയും മതം പ്രയോഗിക്കപ്പെടുന്നത് ഭീകരതയുടെ കൂടെയാണ്. ഭീകരവാദികളെ സൃഷ്ടിക്കുകയും ആയുധമണിയിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ അധിപന്‍ മുസ്‌ലിംകള്‍ തന്നെ തെറ്റിദ്ധരിച്ചുവെന്ന നിലയിലാണ് സംസാരിക്കുന്നത്. ഈ പരിതപിക്കലുകള്‍ സത്യത്തില്‍ മുസ്‌ലിംകളായ മനുഷ്യരുടെ വിവേകത്തെ അപഹസിക്കുന്നതിന് തുല്യമാണ്. സല്‍മാന്‍ റുഷ്ദിമാരും ഷാര്‍ളി ഹോബ്‌ദോമാരും ഇളക്കിവിടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളും ആത്യന്തികമായി പാവം മുസ്‌ലിമിനെയാണ് മുറിവേല്‍പ്പിക്കുന്നത്.
എന്തിന് പുറത്തേക്ക് നോക്കണം. ഇവിടെ മലയാളത്തില്‍ മുസ്‌ലിം കടന്നുവരുന്ന ചര്‍ച്ചകള്‍ ഏതൊെക്കയാണ്? ലൗ ജിഹാദ്, വിവാഹ പ്രായം, മുസ്‌ലിം സ്ത്രീയുടെ വസ്ത്രം…. കുറേ ആക്രമണങ്ങള്‍. അതിലേറെ പ്രതിരോധങ്ങള്‍. മുഖ്യധാര അടിച്ചേല്‍പ്പിക്കുന്ന അജന്‍ഡകളില്‍ നിന്ന് മുസ്‌ലിംപക്ഷ/മുസ്‌ലിം നടത്തിപ്പിലുള്ള മാധ്യമങ്ങളെങ്കിലും പുറത്തുകടക്കേണ്ടിയിരിക്കുന്നു. ഈ മനുഷ്യരുടെ കലയും സംസ്‌കാരവും കാഴ്ചപ്പാടുകളും ജീവിതവും നേട്ടങ്ങളും മുന്നേറ്റങ്ങളും വാര്‍ത്തകളിലും വിശകലനങ്ങളിലും നിറയട്ടേ. അതായിരിക്കും യഥാര്‍ഥ പ്രതിരോധം. നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വീണ ചോര ആഹ്വാനം ചെയ്യുന്നതും അതാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്