Connect with us

National

പന്‍സാര വധം; ഘാതകരെ കുറിച്ച വിവരത്തിന് അഞ്ച് ലക്ഷം രൂപ

Published

|

Last Updated

മുംബൈ: സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം. കോല്‍ഹാപൂര്‍ പോലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പന്‍സാരെയുടെ കൊലപാതകികളെ സംബന്ധിച്ച സൂചനകളോ വിവരങ്ങളോ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കോല്‍ഹാപൂര്‍ ഐ ജി റിതേഷ് കുമാര്‍ പറഞ്ഞു. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പന്‍സാരെയുടെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇടത് പാര്‍ട്ടികള്‍ ഇന്നലെ മഹാരാഷ്ട്രയിലുടനീളം ബന്ദാചരിച്ചു. കോണ്‍ഗ്രസ്, എന്‍ സി പി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവരും ബന്ദിനെ പിന്തുണച്ചു. ബന്ദ് സമാധാനപരമായിരുന്നു.
പ്രഭാത സവാരിക്ക് പോയി തിരിച്ചുവരുന്ന വഴി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പന്‍സാരെക്കും ഭാര്യ ഉമക്കും അജ്ഞാതരുടെ വെടിയേറ്റത്. പന്‍സാരെയുടെ കഴുത്തിലും കൈക്കുഴയിലും വലതു കാലിലുമാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന അദ്ദേഹം മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.