Connect with us

National

അതിര്‍ത്തി കാക്കാന്‍ പ്രത്യേക പ്രതിഫലം ആവശ്യപ്പെട്ട് ബി എസ് എഫ്

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് പ്രത്യേക തുക നല്‍കണമെന്ന് ബി എസ് എഫ്. ശത്രപക്ഷത്തെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത് ബി എസ് എഫ് സൈനികരാണ്. മിലിട്ടറി സര്‍വീസ് പേ (എം എസ് പി)യില്‍ നിന്ന് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന കരസേനാംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക അലവന്‍സ് ബി എസ് എഫിനും ലഭിക്കണമെന്നാണ് ആവശ്യം. 2.5 ലക്ഷം പേരാണ് ബി എസ് എഫിലുള്ളത്.
കരസേനയെ പോലെ അര്‍ഹതാ മാനദണ്ഡങ്ങള്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഏഴാം ശമ്പള കമ്മീഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി എസ് എഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളുടെ മുന്‍നിര പ്രതിരോധം ബി എസ് എഫാണ് നടത്തുന്നത്. ശത്രുക്കളുടെ നിരന്തര ആക്രമണമുണ്ടാകുന്ന പശ്ചത്താലത്തില്‍ ആദ്യ ആക്രമണം ഇവര്‍ക്ക് നേരെയാണെന്നും 49 വര്‍ഷമായി അതിര്‍ത്തി കാക്കുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ തങ്ങള്‍ക്കൊപ്പം സേവനം ചെയ്യുന്ന കരസേനാംഗങ്ങള്‍ക്ക് പ്രത്യേക പ്രതിഫലവും അലവന്‍സും ലഭിക്കുമ്പോള്‍ ബി എസ് എഫിന് അതില്ലാത്തത് പരിഹസിക്കുന്നതിന് തുല്യമാണ്. നിയന്ത്രണ രേഖയിലും മറ്റിടങ്ങളിലും ഒരേ സാഹചര്യത്തില്‍ ഒരേ പ്രദേശത്ത് ഒരേ ശത്രുവിനെയും ഭീഷണിയെയും നേരിടുന്ന കരസേനാംഗങ്ങള്‍ക്ക് എം എസ് പിക്ക് അര്‍ഹതയുണ്ടാകുമ്പോള്‍ ബി എസ് എഫിന് ഒന്നും ലഭിക്കുന്നില്ല. കരസേനാംഗങ്ങളേക്കാള്‍ വളരെ കാഠിനവും ബുദ്ധിമുട്ടും പ്രശ്‌നം പിടിച്ചതുമാണ് ബി എസ് എഫ് സൈനികന്റെ ജീവിതം-റിപ്പോര്‍ട്ടില്‍ പറയുന്നു.
1965ല്‍ രൂപവത്കൃതമായ ബി എസ് എഫ് ഈ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷ നിറവിലാണ്. പ്രത്യേക അലവന്‍സ് ലഭിച്ചാല്‍ നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമുണ്ടാകും. കരസേനയിലേക്കെന്ന പോലെ ശക്തവും പഴുതടച്ചതുമായ റിക്രൂട്ട്‌മെന്റാണ് ബി എസ് എഫിന്റെത്. നല്ല ശാരീരിക ക്ഷമതയും അച്ചടക്കവും അനിവാര്യമാണ്. എന്നാല്‍ കരസേനയില്‍ നിന്ന് വ്യത്യസ്തമായി സേവന കാലത്ത്, കുടുംബത്തിന്റെ കൂടെ സമാധാന ജീവിതം ഒരിക്കല്‍ പോലും ഇവര്‍ക്ക് പ്രാപ്യമല്ല. കുടുംബം, സമൂഹം എന്നിവയില്‍ നിന്ന് അകന്നാണ് ഇവരുള്ളത്. പ്രത്യേക പ്രതിഫലം ഏര്‍പ്പെടുത്തിയാല്‍ അത് മനോവീര്യം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട ജീവിതാവസ്ഥക്കും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.