റാഫേല്‍ ഇടപാട് ഉറപ്പിക്കാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്നെത്തും

Posted on: February 23, 2015 9:31 am | Last updated: February 23, 2015 at 10:08 am

imagesന്യൂഡല്‍ഹി: ബഹുകോടികളുടെ റാഫേല്‍ കരാര്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വൈവസ് ലി ഡ്രൈന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി അദ്ദേഹം ചര്‍ച്ച നടത്തും. വ്യോമസേനക്കായി റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അന്തിമ തീരുമാനമെടുക്കുന്നത് അനന്തമായി നീളുന്നതില്‍ ഫ്രാന്‍സ് അസ്വസ്ഥമാണ്. റഷ്യയില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി നേരിട്ടെത്തി ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത്.
എന്നാല്‍ യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ സന്ദര്‍ശനമെന്ന നിലയിലാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. രണ്ട് മാസം മുമ്പ് പരീക്കറുമായി ഡ്രൈന്‍ ചര്‍ച്ച നടത്തിയിരുന്നു. 10,000 കോടി രൂപയുടെ കരാര്‍ അതിവേഗം തീര്‍പ്പാക്കാമെന്നായിരുന്നു അന്നത്തെ ധാരണ. ഇതില്‍ പുരോഗതിയില്ലാത്തതിനാലാണ് അദ്ദേഹം വീണ്ടും ചര്‍ച്ചക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. രണ്ട് മാസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്. റാഫേല്‍ ഇടപാട് സംബന്ധിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും അത് കരാര്‍ കൂടിയാലോചനാ സമിതിയുടെ പരിഗണനയിലാണെന്നും പരീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി എന്‍ സി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടുതല്‍ റഷ്യന്‍ നിര്‍മിത സുകോയ് 30 വിമാനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യോമസേനാ മേധാവി അരൂപ് റാഹ തള്ളിക്കളഞ്ഞിരുന്നു. ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ക്ക് പകരം സുകോയ് വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരു വിമാനങ്ങളും ഒരേ പ്രത്യേകതകള്‍ ഉള്ളവയാണെന്ന് വ്യക്തമാക്കിയ വ്യോമസേനാ മേധാവി, ഒന്നിനു പകരം മറ്റൊന്ന് വാങ്ങാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ ‘പ്ലാന്‍ എ’ മാത്രമേ മുന്നിലുള്ളൂ. ‘പ്ലാന്‍ ബി’യെ കുറിച്ച് ഒരു ചര്‍ച്ചയും മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.