Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ കൊറിയര്‍ സര്‍വീസ്

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയില്‍ കൂപ്പുകുത്തിയിരിക്കുന്ന കെ എസ് ആര്‍ ടി സി ആധുനിക വത്കരണങ്ങളുടെ ഭാഗമായി കെറിയര്‍ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. കെ എസ് ആര്‍ ടി സിക്ക് അല്‍പമെങ്കിലും സാമ്പത്തിക ലാഭം ഇതില്‍നിന്ന് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ കൊറിയര്‍ സര്‍വീസ് ആരംഭിക്കാനാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്.
കൊറിയര്‍ സര്‍വീസിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് വളരെ മുമ്പേ തന്നെ കെ എസ് ആര്‍ ടി സിയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇപ്പോഴാണ് പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. കൊറിയര്‍ സര്‍വീസിംഗ് നടത്തിക്കൊണ്ടുപോകുന്നതിന് ടെന്‍ഡര്‍ നടത്തി ബിഡ്ഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്. ഇവരില്‍നിന്നാണ് ഒരു ബിഡറെ തെരഞ്ഞെടുത്തത്.
കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള കൊറിയര്‍ ബോക്‌സുകള്‍ വഴി സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ബസുകളില്‍ അവയുടെ നിര്‍മാണ സമയത്തുതന്നെ കൊറിയര്‍ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സര്‍വീസ് നടത്തുന്നതിനാല്‍ തന്നെ മറ്റ് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നതിനേക്കാള്‍ കൊറിയര്‍ സര്‍വീസിംഗ് കൂടുതല്‍ ഫലപ്രദമായി നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറിയര്‍ ഓഫീസിനായുള്ള സ്ഥലം കെ എസ് ആര്‍ ടി സിയുടെ പ്രധാന സ്റ്റേഷനുകളോട് ചേര്‍ന്ന് കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ കര്‍ണാടക, തമിഴ്‌നാട് ആര്‍ ടി സി സര്‍വീസുകളില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ട്. 2009ല്‍ ഗരുഡ കൊറിയര്‍ സര്‍വീസിംഗ് എന്നൊരു പദ്ധതി കെ എസ് ആര്‍ ടി സി ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതി നടപ്പാക്കാന്‍ പ്രൈവറ്റ് പാര്‍ട്‌നര്‍മാരെ കിട്ടാത്തതിനാല്‍ അന്ന് അത് യാഥാര്‍ഥ്യമാകാതെ പോകുകയായിരുന്നു.