Connect with us

Kerala

സി പി ഐ സംസ്ഥാന സമ്മേളന പതാക ജാഥക്ക് തുടക്കമായി

Published

|

Last Updated

കയ്യൂര്‍: വിപ്ലവ സ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണില്‍ നിന്ന് കോട്ടയത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പതാക ജാഥക്ക് ആവേശകരമായ തുടക്കം.
കയ്യൂര്‍ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ വച്ച് സെക്രട്ടേറിയറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ജാഥാലീഡറും ദേശീയ കൗണ്‍സിലംഗവുമായ ബിനോയ് വിശ്വത്തിന് രക്തപതാക കൈമാറി. പതാക ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 26ന് കോട്ടയത്തെ പൊതുസമ്മേളന നഗരിയായ വെളിയം ഭാര്‍ഗവന്‍ നഗരിയിലെത്തിച്ചേരും.
ചടങ്ങില്‍ സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ഡെപ്യൂട്ടീ ലീഡര്‍ ദേശീയ കൗണ്‍സിലംഗം കമലാ സദാനന്ദന്‍, ജാഥാ ഡയറക്ടറും സംസ്ഥാന എക്‌സിക്യൂട്ടീവംഗവുമായ വി ചാമുണ്ണി, ജാഥാംഗങ്ങളായ സി രവീന്ദ്രന്‍, ആര്‍ ശശി, ഷീല വിജയകുമാര്‍, അഡ്വ. കെ കെ സമദ്, അഡ്വ. വി സുരേഷ് ബാബു, സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ സംബന്ധിച്ചു. പി എ നായര്‍ സ്വാഗതം പറഞ്ഞു.
22 ാം പാര്‍ട്ടി കോണ്‍ഗ്രസിനെ അനുസ്മരിച്ച് നീങ്ങിയ 22 ബൈക്കുകളിലായി റെഡ് വളണ്ടിയര്‍മാരും നൂറുകണക്കിന് വാഹനങ്ങളും പാര്‍ട്ടി സഖാക്കളും അനുഗമിച്ച പതാക ജാഥക്ക് ചെറുവത്തൂരില്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണമൊരുക്കി. തുടര്‍ന്നു കരിവെള്ളൂരില്‍ വെച്ച് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു.

Latest