Connect with us

Kerala

വി എസിന്റേത് അന്തിമയുദ്ധം; ഉറച്ച നിലപാടില്‍ പാര്‍ട്ടി

Published

|

Last Updated

ആലപ്പുഴ: സംസ്ഥാന സമ്മേളനം തന്നെ ബഹിഷ്‌കരിച്ച് പാര്‍ട്ടിക്കുള്ളില്‍ അന്തിമപോരാട്ടം നടത്തുകയാണ് വി എസ്. വിജയിക്കില്ലെന്ന് ബോധ്യം വന്നതോടെ എല്ലാം ഉപേക്ഷിച്ച് പാര്‍ട്ടിയോട് സലാം പറയാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇങ്ങനെയൊരു നടപടി വി എസില്‍ നിന്ന് അപ്രതീക്ഷിതമായിരുന്നു.

സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയെങ്കിലും തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. നേതാക്കള്‍ തുടക്കം മുതല്‍ പങ്കുവെച്ചതും ഈ വികാരം തന്നെ. കേന്ദ്രനേതൃത്വം ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതുമാണ്.
മുന്‍മന്ത്രി എസ് ശര്‍മ്മയെയും മുന്‍ എം പി ചന്ദ്രന്‍പിള്ളയെയും വി എസിനെ അനുനയിപ്പിക്കാന്‍ വേലിക്കകത്ത് വീട്ടിലേക്ക് അയച്ചത് ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍, സമ്മേളന പ്രതിനിധികളും നേതാക്കളുമെല്ലാം ഉറക്കം ഉണരും മുമ്പ് വി എസ് ആലപ്പുഴ വിട്ടു. വി എസ് തിരുവനന്തപുരത്തെത്തിയെന്ന വാര്‍ത്തകളുടെ അമ്പരപ്പില്‍ തന്നെയായിരുന്നു ഇന്നലെ സമ്മേളന നഗരി. ബഹിഷ്‌കരണവും മൗനവുമായി വി എസ് തുറന്ന പുതിയ പോര്‍മുഖം തന്നെയായിരുന്നു ഇന്നലെത്തെയും പ്രധാന ചര്‍ച്ച.
കേന്ദ്രനേതൃത്വം അനുനയനീക്കങ്ങള്‍ നടത്തുമ്പോഴും സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒരു വിട്ടുവീഴ്ച്ചക്കും സന്നദ്ധനായിട്ടില്ലെന്ന വാര്‍ത്തകളും വി എസിനെ ആലപ്പുഴ വിടാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല, സമ്മേളനത്തില്‍ നിന്ന് മാറി സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വിലപേശല്‍ നടത്തുന്നുവെന്ന പ്രചാരണം പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വന്നതും വി എസിനെ പ്രകോപിപ്പിച്ചു. ഈ സമ്മേളനത്തോടെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാകുമെന്ന തിരിച്ചറിവും വി എസിനെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചെന്ന് വേണം കരുതാന്‍.
സമ്മേളനത്തലേന്ന് തനിക്കെതിരെ കൊണ്ടുവന്ന പ്രമേയമാണ് വി എസിനെ ഏറെ പ്രകോപിപ്പിച്ചത്. സംസ്ഥാന കമ്മറ്റിയിലേക്കുള്ള ഔദ്യോഗിക പാനലില്‍ തന്നെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കമായാണ് വി എസിനെ ഇതിനെ കണ്ടത്. പ്രമേയം അംഗീകരിച്ചതിനൊപ്പം അത് പരസ്യപ്പെടുത്തിയതും പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതും തന്നെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നുവെന്ന നിലപാടാണ് വി എസ് സ്വീകരിച്ചത്. അതാണ് പ്രമേയം മരവിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ വി എസിനെ പ്രേരിപ്പിച്ചത്.
സമ്മേളന നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങളുടെ പോക്കിനെകുറിച്ച് വി എസിന് ബോധ്യമുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങിയതോടെ അതിന്റെ രൂക്ഷത അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടു. സംഘടനാറിപ്പോര്‍ട്ടിലും സമ്മേളന തലേന്ന് അംഗീകരിച്ച പ്രമേയത്തിലും തന്റെ കുറ്റങ്ങള്‍ എണ്ണിപറഞ്ഞതിന് പിന്നില്‍ തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് വി എസിന്റെ പക്ഷം. തനിക്കെതിരായ കുറ്റപത്രമായി മാറിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ണമായി തനിക്കെതിരെ തിരിക്കാന്‍ വേണ്ടിയാണ് സമ്മേളനത്തലേന്ന് തനിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. പ്രതിനിധികള്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ ആവേശം പകരനാണ് അത് പ്രസിദ്ധീകരിച്ചതെന്നും വി എസ് കരുതുന്നു. ചര്‍ച്ചകളുടെ തുടര്‍ച്ചയായി തന്നെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും സ്വാഭാവികമായി രൂപപ്പെടാന്‍ ഇടയുള്ള ജനവികാരത്തെ തന്റെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നേരിടാനുമാണ് പത്രസമ്മേളനം നടത്തി പിണറായി വിജയന്‍ പ്രമേയം പരസ്യപ്പെടുത്തിയതെന്നുമാണ് വി എസിന്റെ പക്ഷം.

Latest