Connect with us

Kerala

സംസ്ഥാന നേതൃത്വം ഉറച്ചുനിന്നു; കേന്ദ്ര നേതൃത്വം വഴങ്ങി

Published

|

Last Updated

ആലപ്പുഴ: സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടാണ് വി എസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിലേക്ക് കേന്ദ്ര നേതാക്കളെയും എത്തിച്ചത്. സമ്മേളനം തന്നെ ബഹിഷ്‌കരിച്ചത് ഗൗരവമായിക്കാണണമെന്ന് സംസ്ഥാന ഘടകം നിലപാടെടുത്തതോടെയാണ് ആദ്യം സമ്മേളനത്തിലേക്ക് വരട്ടെയെന്ന് കേന്ദ്ര നേതാക്കളെക്കൊണ്ട് പറയിപ്പിച്ചത്. സമ്മേളനം ബഹിഷ്‌കരിച്ചുള്ള ഇടപെടല്‍ ഗുരുതരമാണെന്നാണ് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പി ബിയും സെക്രട്ടേറിയറ്റും വിലയിരുത്തിയത്.

ശനിയാഴ്ച സമ്മേളന നഗരിയില്‍ നിന്ന് വിട്ടുപോയെങ്കിലും അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയായിരുന്നു കേന്ദ്രനേതൃത്വത്തിന്. ശനിയാഴ്ച രാത്രിയും കേന്ദ്രനേതാക്കളില്‍ ആരും തന്നെ ബന്ധപ്പെടാതെ വന്നതോടെയാണ് വി എസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സമ്മേളന പ്രതിനിധികള്‍ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരിലൂടെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയ വാര്‍ത്തകളറിഞ്ഞത്. വി എസിന്റെ തുടര്‍നീക്കങ്ങളെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ചകള്‍. പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്ന തിരക്കിട്ട കൂടിയാലോചനകള്‍ അനൗദ്യോഗികമായി രാവിലെ മുതല്‍ തുടങ്ങി. ഒരുവിധ അനുനയശ്രമങ്ങളും വേണ്ടെന്ന നിലപാടാണ് നേതാക്കളില്‍ ഒരുവിഭാഗം സ്വീകരിച്ചത്.
രണ്ടാം തലമുറ നേതാക്കളും വിട്ടുവീഴ്ച്ചയൊന്നും ചെയ്യരുതെന്ന അഭിപ്രായം നേതൃത്വവുമായി പങ്കുവെച്ചു. എന്നാല്‍, വി എസിന്റെ പിണക്കം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളുടെ ആശങ്കയിലായിരുന്നു കേന്ദ്ര നേതാക്കള്‍. പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ ഉണ്ടാകാവുന്ന തുടര്‍ചലനങ്ങളുടെ അസ്വസ്ഥതകളാണ് അവരെ ഇരുത്തി ചിന്തിപ്പിച്ചു.
കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് തുടക്കത്തില്‍ തനിക്കൊപ്പമാക്കാനും വി എസിന് കഴിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തിലെ പാര്‍ട്ടി വിരുദ്ധനെന്ന പ്രയോഗം ശരിയായില്ലെന്ന നിലപാട് പി ബി അംഗങ്ങളില്‍ ചിലര്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍, സമ്മേളനത്തില്‍ നിന്ന് മാറി നിന്ന് വിലപേശുകയാണെന്ന സ്ഥിതി വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. അവൈലബിള്‍ പി ബിയും സെക്രട്ടേറിയറ്റും ചേര്‍ന്നപ്പോള്‍ ആദ്യം വി എസിനോട് സമ്മേളനത്തിലേക്ക് വരാന്‍ പറയൂ എന്ന പൊതുവികാരമാണ് രൂപപ്പെട്ടത്. അതിന് ശേഷം മതി മറ്റുനടപടികളെന്നും അഭിപ്രായമുയര്‍ന്നു.
അഞ്ച് പതിറ്റാണ്ടിന് മുമ്പ് ഒരു സമ്മേളനത്തിലാണ് വി എസ് ഉള്‍പ്പെടെ 32 പേര്‍ ഇറങ്ങിപോന്നത്. അതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട പാര്‍ട്ടിയുടെ മറ്റൊരു സമ്മേളനത്തില്‍ നിന്ന് അന്ന് ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏകന്‍ തന്നെ ഇറങ്ങുമ്പോള്‍ ചരിത്രം പുതിയ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. സമ്മേളനം ബഹിഷ്‌കരിച്ച് കൊണ്ടൊരു പ്രതിഷേധം വി എസ് ഇതുവരെ നടത്തിയിട്ടില്ല. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നെങ്കിലും പ്രതിനിധി സമ്മേളനം ബഹിഷ്‌കരിക്കുന്നതും ഇതാദ്യം.

Latest