Connect with us

Kerala

ഉദ്വേഗമുയര്‍ത്തി കന്റോണ്‍മെന്റ് ഹൗസ്; ഒന്നും മിണ്ടാതെ വി എസ്

Published

|

Last Updated

തിരുവനന്തപുരം: രാവിലെ 3.45ന് ആലപ്പുഴ വേലിക്കകത്തു വീട്ടില്‍ നിന്ന് പുറപ്പെട്ട വി എസ് വെളിപ്പിന് 5.45ഓടെ കന്റോണ്‍മെന്റ് ഹൗസിലേക്കെത്തിയ നേരം മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ തമ്പടിച്ചു.
ഒരിടവേളക്കു ശേഷം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന തരത്തില്‍ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസ് മാറുന്ന കാഴ്ചയായിരുന്നു ഇന്നലെ. രാവിലെ മുതല്‍ മാധ്യമപ്പട കന്റോണ്‍മെന്റ് ഹൗസിനുമുന്നില്‍ തടിച്ചുകൂടിയെങ്കിലും ഒരു പ്രതികരണവും വി എസില്‍ നിന്നുണ്ടായില്ല. പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയ വികാരത്തില്‍ നിന്ന് വി എസിന് പുറത്തു വരാനായില്ലെന്നതായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. രാത്രി വൈകിയും ഓഫീസില്‍ ചര്‍ച്ചകള്‍ തുടര്‍ന്നു.
കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ വി എസ് പതിവു നടത്തത്തിനുശേഷം പത്രവായനയിലേക്ക് കടന്നു. പ്രഭാതഭക്ഷണത്തിനുശേഷം അല്‍പനേരം ടി വി കണ്ടു. സാധാരണ പതിനൊന്നു മണിക്കുശേഷമാണ് പ്രതിപക്ഷനേതാവിന്റെ ഓഫീസ് സജീവമാകാറുള്ളതെങ്കില്‍ ഇന്നലെ ഒമ്പത് മണിക്ക് മുമ്പായി പേഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ ഓഫീസിലെത്തി.
പത്ത് മണിയോടെ വി എസ് അനുഭാവിയായ അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വി എസിനെ കാണാനെത്തി. മാധ്യമപ്രവര്‍ത്തകര്‍ കൂടിയതോടെ കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റുകള്‍ അടഞ്ഞു. പിന്നാലെ മുന്‍ ഐ ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും എത്തി. അല്‍പ സമയത്തിനുശേഷം തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ ജയപ്രകാശുമെത്തി. പതിനൊന്നു മണിയോടെ ഇവര്‍ മടങ്ങി. ഇതിനിടെ വി എസ് മാധ്യമങ്ങളെ കാണുമെന്നു പ്രചാരണമുണ്ടായെങ്കിലും നടന്നില്ല. 2006ല്‍ വി എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായ കന്റോണ്‍മെന്റ് ഹൗസ് ഇന്നലെ ശാന്തമായിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ചകള്‍ നീണ്ടപ്പോള്‍ സുരക്ഷ ജീവനക്കാര്‍ ടി വി ഓണ്‍ ചെയ്തു. വാര്‍ത്തകള്‍ മടുത്തപ്പോള്‍ ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക്…
ഉച്ചയോടെ വി എസിന്റെ മകന്‍ അരുണ്‍കുമാറും മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം വി കെ ശശിധരനും എത്തി. ഇതിനിടെ പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ വി എസിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, നിലപാടില്‍ മാറ്റം വരുത്താന്‍ വി എസ് തയ്യാറായില്ല. സംസ്ഥാന നേതൃത്വവും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാന്‍ വി എസ് തയ്യാറായില്ല. മടങ്ങിവരണമെന്ന സന്ദേശം പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ വഴി അറിയിച്ചു. വി എസ് നിലപാട് മാറ്റിയില്ല.
അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു വി എസിനെ സന്ദര്‍ശിച്ചശേഷം പുറത്തേക്കിറങ്ങിയ ഒരു അനുയായിയുടെ പ്രതികരണം. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചത് വി എസിനെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ അറിയിച്ചു. വി എസിന്റെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ വീണ്ടും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഉച്ചക്ക് 1.30 ഓടെ ഉച്ചഭക്ഷണത്തിനുശേഷം വി എസ് വിശ്രമത്തിനായി പോയി. ഉച്ചക്കുശേഷം ജോസഫ് സി മാത്യു വീണ്ടും കന്റോണ്‍മെന്റ് ഹൗസിലെത്തിയതോടെ അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ ഒരു പാര്‍ട്ടി നേതാവും ഇവിടെയെത്തി.
ഉച്ചക്ക്‌ശേഷം പി ബി യോഗം ചേര്‍ന്നതോടെ യോഗതീരുമാനം അറിഞ്ഞശേഷം വി എസ് പ്രതികരിക്കുമെന്ന പ്രചാരണമുണ്ടായി. മാധ്യമപ്പട കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടി. വി എസിന്റെ നിലപാടുകളെ പി ബി തള്ളിയതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി എസ് രാജിവെക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നു. അപ്പോഴും യാതൊരുവിധത്തിലുള്ള പ്രതികരണത്തിനും വി എസോ, ഓഫീസോ തയ്യാറായില്ല. ഒടുവില്‍ പത്ത് മണിക്കുശേഷവും ചര്‍ച്ചകള്‍ നീണ്ടതോടെ തീരുമാനം നാളത്തേക്കുമാറ്റിയെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയിപ്പുണ്ടാവുകയായിരുന്നു.