Connect with us

Kerala

വി എസിനെതിരായ ചില പരാമര്‍ശങ്ങള്‍ മരവിപ്പിച്ചു

Published

|

Last Updated

ആലപ്പുഴ: വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലുണ്ടായിരുന്ന ചില പരാമര്‍ശങ്ങള്‍ മരവിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നതിനിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശമനുസരിച്ചാണ് പരാമര്‍ശങ്ങള്‍ മരവിപ്പിക്കുന്നതെന്ന് പിണറായി അറിയിച്ചു.
വി എസ് മുഖ്യമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളാണ് ഒഴിവാക്കിയത്. ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ഇതിലൊന്ന്. കരുണാകരന്‍ കമ്മിറ്റിക്ക് ലഭിച്ച മൊഴി മാത്രമാണിതെന്നും സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഇത് വരേണ്ട കാര്യമില്ലെന്നും ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പി ബി യോഗം വിലയിരുത്തി. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മരവിപ്പിച്ചതോടെ കടുത്ത നിലപാടില്‍ നിന്ന് വി എസ് അയഞ്ഞേക്കുമെന്നാണ് സൂചനകള്‍.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ ദല്ലാള്‍ നന്ദകുമാറിനെ ഉപയോഗപ്പെടുത്തിയെന്ന സൂചനകളാണ് കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വി എസ് അഴിമതി നടത്തിയെന്ന പരോക്ഷ സൂചനകളും മരവിപ്പിച്ച കൂട്ടത്തില്‍പ്പെടും. ദല്ലാള്‍ നന്ദകുമാറെന്ന കുപ്രസിദ്ധ വ്യക്തിയുമായി വി എസിന് വലിയ അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പാര്‍ട്ടി അറിയാതെ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് അമ്പത് ഏക്കര്‍ ഭൂമി നല്‍കി. കൊച്ചിയിലെ സലാര്‍പൂരിയ പ്രോപ്പര്‍ട്ടീസും എല്‍ ബി ടി മെഡിക്കല്‍ ഇമേജിംഗും ചേര്‍ന്നുള്ള പദ്ധതിക്ക് അനുമതി നല്‍കാനുള്ള നിര്‍ദേശം ഔട്ട് ഓഫ് അജന്‍ഡയായി മന്ത്രിസഭായോഗത്തിന് മുന്നില്‍ കൊണ്ടുവന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ നമ്പര്‍ പ്ലേറ്റ് വെക്കുന്നതുമായി ബന്ധപ്പെട്ടും ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ചില ഇടപെടലുകള്‍ നടത്തി തുടങ്ങിയ പരാമര്‍ശങ്ങളും മരവിപ്പിച്ചു.

---- facebook comment plugin here -----

Latest