സാംസ്‌കാരിക സമ്മേളനത്തോടെ താജുല്‍ ഉലമ നഗരിയുണര്‍ന്നു

Posted on: February 22, 2015 8:59 pm | Last updated: February 22, 2015 at 9:02 pm
expo
മലപ്പുറം പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് അബ്ദുലത്തീഫ് നഹ ദമഷ്‌ക് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നു

 

എടരിക്കോട്: എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക സമ്മേളന പരിപാടികള്‍ക്ക് സംസ്‌കാരിക സമ്മേളനത്തോടെ എടരിക്കോട്ട് തുടക്കമായി. സമ്മേളനത്തിന് കൊടിയുയരാന്‍ മൂന്ന് ദിനം ബാക്കി നില്‍ക്കെ അനുബന്ധ സമ്മേളനങ്ങള്‍ക്കാണ് താജുല്‍ ഉലമ നഗരിയില്‍ ആരവമുയര്‍ന്നത്. സാംസ്‌കാരിക സമ്മേളനത്തിന് തന്നെ ജനം നഗരിയിലേക്ക് കുത്തിയൊഴുകി. സമ്മേളനത്തിന് മുമ്പ് തന്നെ നിറഞ്ഞ നഗരി പൊതുജനത്തിന് കൗതുകവും പുതുമയുമായി.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് അബ്ദുലത്തീഫ് നഹ ദമഷ്‌ക് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.  മലപ്പുറത്തിന്റെ സ്‌നേഹ പൈതൃകം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ ബഹുസ്വരത അറിയാന്‍ മലപ്പുറത്തിന്റെ സാനിധ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എം സുരേഷ്ബാബു, ഡോ ശശിധരന്‍ ക്ലാരി, എം അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു, ബശീര്‍ പറവന്നൂര്‍, എം അബ്ദുറഹ്മാന്‍ സംസാരിച്ചു. പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, ഡോ മുഹമ്മദ്കുഞ്ഞി സഖാഫി, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി, വേങ്ങര അബ്ദുഹാജി സംബന്ധിച്ചു.

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ‘ദിമഷ്‌ക് എക്‌സ്‌പോ’ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. ഒരു നഗരത്തിലെ എല്ലാം നഗരിയിലൊരുക്കിയാണ് ദിമസ്‌ക് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പുസ്തക പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്ന റീഡ് പ്രസ്സും ഐ പി ബിയും ചേര്‍ന്നൊരുക്കുന്ന പുസ്തകോല്‍സവത്തില്‍ ഇന്ത്യയിലെ 25 പ്രസാധകരുടെ പുസ്തകങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. ഒരേ സമയം കൗതുകവും വിജ്ഞാനപ്രദവുമായ ഇസ്‌ലാമിക് ഡിജിറ്റല്‍ തിയേറ്ററും ദിമസ്‌കിന്റെ മുഖ്യ ആകര്‍ഷകമാണ്.

നാളെവൈകുന്നേരം 7 മണിക്ക് സമസ്ത പ്രസിഡന്റായിരുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികളുടെ പ്രകാശനവും അനുസ്മരണ പ്രഭാഷണവും നടക്കും. റീഡ് പ്രസ്സ് പ്രസിദ്ധീകരിച്ച സമ്പൂര്‍ണ്ണ കൃതികളുടെ മൂന്ന് വാള്യങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും.