വി എസിന് അന്ത്യശാസനം

Posted on: February 22, 2015 8:00 pm | Last updated: February 24, 2015 at 11:29 am

cpm vs karatആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മടങ്ങി വരാന്‍ പാര്‍ട്ടിയുടെ അന്ത്യശാസനം. സമ്മേളനം ബഹിഷ്‌കരിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതൃത്വം നിലപാട് സ്വീകരിച്ചു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ മടക്കമില്ലെന്ന് വി എസ് നിലപാടെടുത്തെങ്കിലും റിപ്പോര്‍ട്ടില്‍ തനിക്കെതിരായ ചില ഭാഗങ്ങള്‍ മരവിപ്പിച്ചതോടെ വി എസ് വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് സൂചനകള്‍.

ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഔദ്യോഗിക വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃപദവിയില്‍ നിന്നുള്ള രാജിവരെ ആലോചിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും വിലപേശല്‍ നടത്താന്‍ അനുവദിക്കില്ലെന്നും വി എസ് സമ്മേളനത്തിലേക്ക് മടങ്ങിവരണമെന്നുമാണ് പാര്‍ട്ടിയുടെ അന്ത്യശാസനം.
അവൈലബിള്‍ പി ബിയും കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേര്‍ന്നാണ് വി എസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഒരിക്കല്‍ കൂടി വി എസിനെ ഫോണില്‍ വിളിച്ച് സമ്മേളനത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടാനായിരുന്നു പി ബി തീരുമാനം. ഇതനുസരിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വി എസിനെ ഫോണില്‍ വിളിച്ച് പാര്‍ട്ടി നിലപാട് അറിയിച്ചു. സമ്മേളനത്തിലേക്ക് വി എസ് മടങ്ങിവരണമെന്നായിരുന്നു ആവശ്യം. സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും അറിയിച്ചതോടെ താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ എന്തായെന്നായിരുന്നു വി എസിന്റെ മറുചോദ്യം. അത് സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണല്ലോ എന്ന മറുപടി നല്‍കി. അങ്ങനെയെങ്കില്‍ താന്‍ മടങ്ങിവരേണ്ട സാഹചര്യമില്ലെന്ന് വി എസും അറിയിച്ചു.
സമ്മേളനം ബഹിഷ്‌കരിച്ച വി എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നേതൃയോഗങ്ങളിലെ പൊതുവികാരം. സമ്മേളനത്തിലേക്ക് ആദ്യം മടങ്ങിവരട്ടെ, സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം പി ബി പരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. വിലപേശല്‍ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും യോഗം നിലപാടെടുത്തു.
വി എസിന്റെ വിട്ടുനില്‍ക്കല്‍ സമ്മേളനത്തിന്റെ തന്നെ ശോഭ കെടുത്തുകയാണ്. വിഭാഗീയത അവസാനിച്ചെന്നും ഐക്യത്തിന്റെ വിളംബരമാണെന്നുമുള്ള സന്ദേശം തന്നെ ഇല്ലാതാക്കുന്ന നടപടിയാണിത്. പാര്‍ട്ടിക്ക് അകത്ത് ഒരു ഛിദ്രപ്രവര്‍ത്തനവും അനുവദിക്കാന്‍ പറ്റില്ല. ശിഥിലീകരണവും വിഭാഗീയതയും തുടരാന്‍ അനുവദിക്കരുത്. ആരും പാര്‍ട്ടിക്ക് അധീതരല്ല, സമ്മേളനം ബഹിഷ്‌കരിച്ച് വിലപേശല്‍ നടത്തുന്നത് അംഗീകരിക്കരുത്. പാര്‍ട്ടി ഭരണഘടനക്ക് എല്ലാവരും വിധേയരാകണമെന്ന നിലപാടും പി ബിയോഗത്തിലുണ്ടായി.
ശനിയാഴ്ച സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദന്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സമ്മേളനം ബഹിഷ്‌കരിച്ച വി എസ് ആദ്യ ദിവസം വേലിക്കകത്ത് വീട്ടില്‍ തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് എസ ശര്‍മയും കെ ചന്ദ്രന്‍പിള്ളയും ശനിയാഴ്ച രാത്രി അനുനയ ശ്രമങ്ങളുമായി വി എസിനെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തനിക്കെതിരെ പാസ്സാക്കിയ പ്രമേയം മരവിപ്പിക്കണമെന്ന നിലപാടില്‍ വി എസ് ഉറച്ചുനില്‍ക്കുകയായിരുന്നു. കേന്ദ്ര നേതാക്കളാരും ആദ്യ ദിവസം തന്നെ സമീപിക്കാതിരുന്നതും വി എസിനെ പ്രകോപിപ്പിച്ചു. പുലര്‍ച്ചെ മകന്‍ അരുണ്‍കുമാറുമായി സംസാരിച്ച ശേഷം വി എസ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
ഇനിയും ഇവരുടെ ഔദാര്യത്തിന് കാത്തിരുന്നാല്‍ ജനം എന്ത് വിശ്വസിക്കുമെന്നായിരുന്നു തിരുവനന്തപുരത്തേക്ക് മടങ്ങിയ ശേഷം തന്റെ വിശ്വസ്തരുമായി പങ്കുവെച്ചത്. വി എസ് ആവശ്യപ്പെട്ട പ്രകാരം വിശ്വസ്തരില്‍ ചിലര്‍ ആലപ്പുഴയിലെത്തിയെങ്കിലും അവര്‍ പോലും വി എസ് തിരുവനന്തപുരത്തേക്ക് പോയകാര്യം അറിഞ്ഞിരുന്നില്ല.