നിതീഷ്‌കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു

Posted on: February 22, 2015 3:02 pm | Last updated: February 24, 2015 at 11:28 am

nitishപട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് അഞ്ചിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തും. ഇത് നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

മുഖ്യമന്ത്രിയായിരുന്ന ജിതന്‍ റാം മാഞ്ചി വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചതോടെയാണ് നിതീഷിന് മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുങ്ങിയത്. ഇതോടെ ബിഹാറില്‍ അരങ്ങേറിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അന്ത്യമായി..

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മികച്ച വിജയം നേടിയതിനെത്തുടര്‍ന്ന് നിതീഷായിരുന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് രാജിവയ്ക്കുകയായിരുന്നു. അതിന് ശേഷം വിശ്വസ്തനായ ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഈയിടെ നിതീഷിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ജെഡിയു തീരുമാനിച്ചതോടെ മാഞ്ചി രാജിവയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് രാഷ്ട്രീയ അനിശ്ചിതാവസ്ഥയുണ്ടായത്.