Connect with us

Ongoing News

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വിജയം

Published

|

Last Updated

ഡുണ്ടെയ്ന്‍: പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ലങ്കയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. തോല്‍വിയുടെ വക്കില്‍നിന്ന് മഹേല ജയവര്‍ധനയുടെ സെഞ്ച്വറിയാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പത്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടക്കുകയായിരുന്നു. ജയവര്‍ധനയാണ് മാന്‍ ഓഫ് ദ മാച്ച്.
233 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ അഫ്ഗാനിസ്ഥാന്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. അക്കൗണ്ട് തുറക്കുംമുമ്പെ ഓപ്പണര്‍ തിരുമനെയുടെ വിക്കറ്റ് ലങ്കക്ക് നഷ്ടമായി. ദൗലത്ത് സദ്‌റാന്റെ പന്തില്‍ ബൗള്‍ഡ്. തൊട്ടുപിന്നാലെ തിലകരത്‌ന ദില്‍ഷനെയും ആദ്യ പന്തില്‍ തന്നെ പുറത്താക്കിയ ഷാപ്പൂര്‍ സദ്‌റാന്‍ ലങ്കക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. ലങ്ക രണ്ട് റണ്‍സിന് രണ്ട്. തൊട്ടുപിന്നാലെ സംഗക്കാര (7)യും കരുണരത്‌ന (23) യും പുറത്തായതോടെ ലങ്ക തകര്‍ന്നടിഞ്ഞു. 12 ഓവറില്‍ 51 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ലങ്കയെ പിന്നീട് ജയവര്‍ധന, എയ്ഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. പാറപോലെ ഉറച്ചുനിന്ന ജയവര്‍ധനെയുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 120 പന്തില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സും നേടി 100 റണ്‍സെടുത്ത ജയവര്‍ധനയെ ഹാമിദ് ഹസ്സനാണ് പുറത്താക്കിയത്. 81 പന്തുകളില്‍ നിന്ന് എയ്ഞ്ചലോ മാത്യൂസ് 44 റണ്‍സെടുത്തു. 26 പന്തുകളില്‍ നിന്ന് പുറത്താകാതെ 47 റണ്‍സെടുത്ത തിസര പെരേര ലങ്കയുടെ വിജയം ഉറപ്പാക്കി. അഫ്ഗാന് വേണ്ടി ഹമീദ് ഹസന്‍ മൂന്നും ദൗലത്ത് സദ്‌റാന്‍, ഷാപ്പൂര്‍ സദ്‌റാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാന്‍ 49.4 ഓവറില്‍ 232ന് ആള്‍ഔട്ടാകുകയായിരുന്നു. ലങ്കന്‍ ബൗളര്‍മാരെ അനായാസമായി നേരിട്ട അസ്ഗര്‍ സ്താനിസയി (54), സമിയുള്ള ഷെന്‍വാരി (38), മിര്‍വെയ്‌സ് അശ്‌റഫ് (28), ജാവേദ് അഹമാദി (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കക്കായി ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സുരംഗ ലക്മല്‍ രണ്ട് വിക്കറ്റും തിസാര പെരേര, ഹെരാത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഈ ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ലങ്ക പരാജയപ്പെട്ടിരുന്നു. ലോകകപ്പിലെ കന്നിക്കാരായ അഫ്ഗാനിസ്ഥാന് ഇത് രണ്ടാം തോല്‍വിയാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടാണ് അവര്‍ തോറ്റത്.