Connect with us

Ongoing News

ചരിത്ര ജയം; മെല്‍ബണില്‍ ഇന്ത്യന്‍ കാര്‍ണിവല്‍

Published

|

Last Updated

മെല്‍ബണ്‍: ആര്‍ത്തിരമ്പിയ മെല്‍ബണിലെ കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യക്ക് ചരിത്രജയം. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം വഴിമാറിയ മത്സരത്തില്‍ 130 റണ്‍സിനാണ് ഇന്ത്യ സ്വപ്‌നജയം സ്വന്തമാക്കിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ടീം ഇന്ത്യ കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ കരുത്തുറ്റ പേസ് ബൗളിംഗിനെ നെഞ്ചുവിരിച്ച് നേരിട്ട് തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ മാച്ച്. കളികാണാന്‍ മെല്‍ബണിലെത്തിയ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുള്‍ക്കറിനും ടീം ഇന്ത്യയുടെ പ്രകടനം വിരുന്നായി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നീലപ്പടയുടെ ആധിപത്യമായിരുന്നു കളിയുടനീളം. ലോകകപ്പില്‍ മുമ്പ് മൂന്ന് തവണ ഏറ്റമുട്ടിയെങ്കിലും ഒരു ജയംപോലും ഇന്ത്യക്കൊപ്പം നിന്നിരുന്നില്ല.
ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സെന്ന് മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177ന് എല്ലാവരും പുറത്തായി. വെടിക്കെട്ട് വീരന്‍ ഡിവില്ലിയേഴ്‌സും മില്ലറും ഡുമിനിയും അംലയുമടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ പുകള്‍പെറ്റ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. തുടക്കം മുതല്‍ക്കെ മനോഹരമായി പന്തെറിഞ്ഞ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും ആര്‍ അശ്വിനും ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിച്ചു. ഇന്ത്യക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ചരിത്രമുള്ള ഓപണര്‍ ഡികോക്ക് (ഏഴ്) ആണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ കോഹ്‌ലി പിടിച്ച് പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 12. പിന്നീട് അഷിം അംല പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 22 റണ്‍സെടുത്ത് പുറത്തായി. മോഹിത് ശര്‍മയുടെ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം മുഹമ്മദ് ഷമിയുടെ കൈയിലാണ് അവസാനിച്ചത്.
ഡുപ്ലെസിസും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും അത് തുടരാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിയാതിരുന്ന ഡിവില്ലിയേഴ്‌സ് (22) റണ്ണൗട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്ക 22.5 ഓവറില്‍ മൂന്നിന് 108. 71 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 55 റണ്‍സെടുത്ത ഡുപ്ലസിസിനെ ധവാന്റെ കൈകളിലെത്തിച്ച് മോഹിത് ദക്ഷിണാഫ്രിക്കക്ക് അടുത്തപ്രഹരം നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. അശ്വിനെ റിവേഴ്‌സ് സീപ്പ് ചെയ്യാനുള്ള ഡുമിനി (6)യുടെ ശ്രമം റെയ്‌നയുടെ കൈകളില്‍ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വേട്ടക്കാരനായ മില്ലര്‍ റണ്ണൗട്ടായി. ഫിന്‍ലാന്‍ഡറിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്റ്റെയ്‌നിനെയും (1) മോര്‍ക്കലിനെയും (2) ബൗളര്‍മാര്‍ നിലംതൊടാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഇമ്രാന്‍ താഹിറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ജഡേജ ആഫ്രിക്കന്‍ പതനം പൂര്‍ത്തിയാക്കി. കളിയുടനീളം മികച്ച ഫീല്‍ഡിംഗാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. രണ്ട് പേരെ റണ്ണൗട്ടാക്കിയത് ഇതിന് ഉദാഹരണമാണ്.
നേരത്തെ, ടോസ് നേടിയ ഇന്ത്യക്ക് ബാറ്റിംഗ് തിരിഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സ്റ്റെയ്ന്‍ എറിഞ്ഞ ആദ്യ ഓവറില്‍ റണ്ണൊന്നും നേടാനായില്ല. രണ്ടാം ഓവറില്‍ ബൗണ്ടറി നേടി ധവാനാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ആദ്യ മത്സരത്തിലേതെന്ന പോലെ തുടക്കത്തിലെ രോഹിത് ശര്‍മയുടെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. ഇല്ലാത്ത റണ്‍സിനോടിയ ശര്‍മയെ ഡിവില്ലിയേഴ്‌സ് നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി. കോഹ്‌ലിയും ധവാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. സ്റ്റെയ്‌നിനും ഫിന്‍ലാന്‍ഡറിനും അര്‍ഹിക്കുന്ന ബഹുമാനം കൊടുത്ത ഇരുവരും മോശം പന്തുകളെ ശിക്ഷിക്കാനും മറന്നില്ല.
79 പന്തുകളിലാണ് ഇന്ത്യ 50 പിന്നിട്ടത്. 70 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ ധവാന്‍ അര്‍ധ സെഞ്ച്വറി തികച്ചു. 23 ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറുകടന്നു. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം 136ല്‍ നില്‍ക്കെ കോഹ്‌ലി പുറത്തായി. താഹിറിന്റെ പന്തില്‍ ഡുപ്ലെസിസിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 60 പന്തി ല്‍ 40 റണ്‍സായിരുന്നു കോഹ്‌ലിക്ക്. തുടര്‍ന്ന് ധവാന് പിന്നാലെ രഹാനെ എത്തിയതോടെ കളിയുടെ ഗതിമാറി. ധവാനും രഹാനെയും ചേര്‍ന്ന് ആക്രമണ ശൈലിയിലേക്ക് നീങ്ങിയതോടെ ബൗണ്ടറികള്‍ യഥേഷ്ടം പിറന്നു. ഗ്യാലറിയുടെ നാല് ഭാഗത്തേക്കും പന്തുകള്‍ പായിച്ച ഇവര്‍ സ്‌കോറിംഗിന് വേഗത കൂട്ടി. ഇതിനിടെ 122 പന്തില്‍ പതിനാല് ബൗണ്ടറികള്‍ സഹിതം ധവാന്‍ സെഞ്ച്വറി നേടി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പം ധവാനെത്തി. ഇതിന് മുമ്പ് സച്ചിന്‍ മാത്രമായിരുന്നു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയിട്ടുളള ഏക ബാറ്റ്‌സ്മാന്‍. കട്ടുകളും പുള്‍ഷോട്ടുകളും അപ്പര്‍ക്കട്ടും പരീക്ഷിച്ച ധവാന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ധവാനും രഹാനെയും മൂന്നാം വിക്കറ്റില്‍ 125 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഓപ്പണറായി എത്തിയ ധവാന്‍ 44ാം ഓവറില്‍ പുറത്താകുമ്പോള്‍ ഏകദിന കരിയറിലെ തന്റെ തന്റെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. ആറ് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കക്ക് എതിരെ ലോകകപ്പിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡ് കൂടി ധവാന്‍ ഇതോടെ തന്റെ പേരിലാക്കി. 2003ല്‍ സ്റ്റീഫന്‍ ഫ്‌ളമിംഗ് നേടിയ 134 ആയിരുന്നു മുമ്പത്തെ വലിയ സ്‌കോര്‍. ധവാന് പിന്നാലെ രഹാനെ വീണു. തന്റെ തലക്ക് മുകളിലൂടെ സിക്‌സര്‍ പറത്തിയ രഹാനെയെ തൊട്ടടുത്ത പന്തില്‍ സ്റ്റെയ്ന്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കി. 60 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും അടക്കം 79 റണ്‍സ് നേടിയാണ് രഹാനെ പുറത്തായത്.
മധ്യഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് അവസാന ഓവറില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടിന് 261 എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്ന ഇന്ത്യക്ക് ധവാനെയും രഹാനെയെയും നഷ്ടപ്പെട്ട ശേഷം സ്‌കോറിംഗ് വേഗം കുറഞ്ഞു. അവസാന ഓവറുകളില്‍ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മധ്യനിരക്ക് അടിപതറി. കൂറ്റനടിക്കിടെ ഒരു തവണ ജീവന്‍ കിട്ടിയ സുരേഷ് റെയ്‌ന(6), രവീന്ദ്ര ജഡേജയും (2), ആര്‍ അശ്വിന്‍ (5) ഷമി (4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ധോണി 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 18 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കായി മോര്‍ക്കല്‍ രണ്ടും സ്‌റ്റെയ്ന്‍, ഇമ്രാന്‍ താഹിര്‍, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഒമ്പത് ഓവര്‍ ബൗള്‍ ചെയ്ത പാര്‍നെല്‍ 85 റണ്‍സ് വഴങ്ങി. നാലോവര്‍ മാത്രം ചെയ്ത് വെര്‍ണന്‍ ഫിലാന്‍ഡര്‍ പരുക്കേറ്റ് പുറത്ത് പോയതും ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

shikhar

---- facebook comment plugin here -----

Latest