സമ്മേളന പ്രചാരണവുമായി ബഹുജന സംഘടനകളും

Posted on: February 22, 2015 11:42 am | Last updated: February 22, 2015 at 11:42 am

sys logoകോട്ടക്കല്‍: നാടും നഗരവും എസ് വൈ എസ് സമ്മേളനാരവം നെഞ്ചേറ്റിയിരിക്കെ ഇതര സംഘടനാ പ്രവര്‍ത്തകരും ഇതിനോട് കൈകോര്‍ത്ത് പ്രചാരണത്തില്‍. താജുല്‍ ഉലമാ പരിസരത്താണ് വിവിധ സംഘടനകള്‍ സമ്മേളന പ്രചരണവുമായി രംഗത്തുള്ളത്.
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പരിസരവാസികളുടെയും സംഘാടകരുടെയും യോഗത്തില്‍ സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പല സമ്മേളനങ്ങള്‍ കണ്ട വിവിധ സംഘാടകര്‍ എസ് വൈ എസ് സമ്മേളന മുന്നൊരുക്കങ്ങള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. നഗരി പരിസരത്ത് വിവിധ സംഘടനകളുടെ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നു കഴിഞ്ഞു. ക്ലാരി സൗത്ത് മമ്മാലിപ്പടി യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൂറ്റന്‍ ബോര്‍ഡാണ് സമ്മേളന നഗരിയില്‍ ഉയര്‍ന്നത്. ടൗണിലും ഇവരുടെതായ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.

മലപ്പുറം സോണ്‍ ആരവവും നഗരി സന്ദര്‍ശനവും ഇന്ന്
മലപ്പുറം: ഫെബ്രുവരി 26, 27, 28 മാര്‍ച്ച് 1 തീയതികളില്‍ കോട്ടക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷികത്തിന്റെ പ്രചരണ ചൂടിലാണ് നാടും നഗരവും. രണ്ട് ഘട്ടങ്ങളിലായി നടന്ന ആകര്‍ഷകവും ശ്രദ്ധേയവുമായ ആഭ്യന്തര ബാഹ്യ പ്രചരണങ്ങളുടെ കലാശക്കൊട്ടെന്നോണം ഇന്ന് വൈകുന്നേരം 4.30ന് മലപ്പുറം കുന്നുമ്മല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമ്മേളനാരവം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭവന സന്ദര്‍ശനത്തിലൂടെയും മറ്റും ലഘുലേഖ, ക്ഷണക്കത്ത് നല്‍കി നേരിട്ട് സമ്മേളനത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിറ്റ് സര്‍ക്കിള്‍ തലങ്ങളില്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും
സോണിലെ ആറ് സര്‍ക്കിളുകളിലെ പതാക വാഹകരായ പ്രവര്‍ത്തകര്‍ മുഴുവന്‍ യൂനിറ്റുകളിലൂടെയും ബൈക്കുകളില്‍ ഉച്ചയോടെ പ്രകടനമായി മലപ്പുറത്തേക്ക് പുറപ്പെടും. മലപ്പുറം സര്‍ക്കിളിലെ പ്രവര്‍ത്തകര്‍ പാണക്കാട് നിന്നാരംഭിച്ച് കോട്ടപ്പടി ഇശാഅത്ത് ക്യാമ്പസിന്റെ സമീപത്തും പൊന്മള, കോഡൂര്‍ സര്‍ക്കിളുകളിലെ പ്രവര്‍ത്തകര്‍ യഥാക്രമം പള്ളയാലി, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട് വടക്കേമണ്ണയില്‍ സംഗമിച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും പൂക്കോട്ടൂര്‍ സര്‍ക്കിള്‍ റാലി പുല്ലാരയില്‍ നിന്നാരംഭിച്ച് വാദിസലാം പരിസരത്തും മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി സര്‍ക്കിളുകളിലെ റാലികള്‍ വടക്കാങ്ങര, വള്ളിക്കാപ്പറ്റ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് കൂട്ടിലങ്ങാടിയില്‍ സംഗമിച്ച് എം എസ് പി പരിസരത്തും 4.30 ഓടെ എത്തിച്ചേരും.
പിന്നീട് നാല് ഭാഗങ്ങളില്‍ നിന്ന് പ്രകടനമായി അഞ്ച് മണിയോടെ കെ എസ് ആര്‍ ടി സി പരിസരത്ത് എത്തി സമ്മേളന ചത്വരം തീര്‍ത്ത് സമ്മേളന സന്ദേശം കൈമാറി പിരിയും. തുടര്‍ന്ന് പ്രവര്‍ത്തകരൊന്നിച്ച് ബൈക്ക് റാലിയായി ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനിരിക്കുന്ന എടരിക്കോട് താജുല്‍ ഉലമാ നഗരി സന്ദര്‍ശന പ്രയാണം നടത്തി വൈകുന്നേരം 6.30 ഓടെ എടരിക്കോട് സമാപിക്കും. മേല്‍മുറി ഇബ്‌റാഹിം ബാഖവി, സുബൈര്‍ കോഡൂര്‍, നജ്മുദ്ദീന്‍ സഖാഫി, ഹബീബ് പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ബദ്‌റുദ്ദീന്‍ കോഡൂര്‍, അബ്ദുല്‍അസീസ് സഖാഫി പുല്ലാര, അബ്ദുന്നാസിര്‍ സഖാഫി, മുസ്ഥഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, അഹ്മദ് മാസ്റ്റര്‍ കോഡൂര്‍, ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, സൈതലവി കൂട്ടിലങ്ങാടി, മുജീബുറഹ്മാന്‍ സഖാഫി, മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുസ്സലാം കോഡൂര്‍, ഹൈദരലി സഖാഫി നേതൃത്വം നല്‍കും.