വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ പദ്ധതി തയ്യാറാക്കും

Posted on: February 22, 2015 11:40 am | Last updated: February 22, 2015 at 11:40 am

മലപ്പുറം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല കര്‍മ പദ്ധതി തയ്യാറാക്കുന്നതിനായി തദേശഭരണസ്ഥാപനങ്ങള്‍ മാര്‍ച്ച് 15 നകം പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.
പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പകരം നിലവിലുള്ള ജല സ്രോതസ്സുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുക. വരള്‍ച്ച രൂക്ഷമായി അനുഭവപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോടുകള്‍ ആഴം കൂട്ടുന്നതിനും ഭിത്തി നിര്‍മിക്കുന്നതിനും പദ്ധതികള്‍ നിര്‍ദേശിക്കാം.
പ്ലാന്‍-തനത് ഫണ്ടുകള്‍ വിനിയോഗിക്കാം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടിലോ തനത് ഫണ്ടിലോ 10 ശതമാനം തുക വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
വാട്ടര്‍ കിയോസ്‌കുകള്‍: ജില്ലയില്‍ 34 വാട്ടര്‍ കിയോസ്‌കുകള്‍ കഴിഞ്ഞ വേനലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിക്കും. മറ്റ് പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കും. എന്നാല്‍ ഒരു ജല സ്രോതസ്സില്‍ നിന്ന് മാത്രം കൂടുതല്‍ വെള്ളം എടുക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
തോടുകളില്‍ വി സി ബികള്‍: തോടുകളില്‍ വെള്ളം കെട്ടി നിര്‍ത്താനായി വിയെര്‍ കം ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിക്കാം. വാട്ടര്‍ അതോറിറ്റി-ജലസേചന വകുപ്പുകള്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാവര്‍ത്തികമാണോയെന്ന് ഉറപ്പാക്കും. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പ്രവര്‍ത്തന സജ്ജമാകുന്ന പ്രവൃത്തികള്‍ ഉടന്‍ നടത്തണം.
താത്കാലിക തടയണ: 2013 ല്‍ ജില്ലയില്‍ നടപ്പാക്കി ഫലപ്രദമായ താത്ക്കാലിക തടയണകള്‍ നിര്‍മിക്കാന്‍ അനുമതി ലഭ്യമാക്കണമെന്ന് തദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി താത്ക്കാലിക സംവിധാനങ്ങള്‍ നിര്‍മിക്കരുതെന്ന ഉത്തരവിന് ഭേദഗതി വരുത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. മലകളില്‍ നിന്നും സ്ഥിരം നീരുരവയുണ്ടാവുന്ന കരുളായി, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ തടയണകള്‍ ഫലപ്രദമായിരുന്നു. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 25 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിക്കും.