Connect with us

Malappuram

കൊണ്ടോട്ടി മണ്ഡലത്തില്‍ ലീഗ്-കോണ്‍ഗ്രസ് പോര് പുതിയ തലത്തിലേക്ക്

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ലീഗ് നടപടിയില്‍ പ്രതിഷേധം പുകയുന്നു. ഇതോടെ മണ്ഡലത്തിലെ ലീഗ്- കോണ്‍ഗ്രസ് പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് കൊണ്ടോട്ടി പഞ്ചായത്തില്‍ മാത്രമായിരുന്നു ലീഗും കോണ്‍ഗ്രസും ഒന്നിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരുന്നത്.
എന്നാല്‍ ഏതാനും വാര്‍ഡുകളില്‍ ഇരു പാര്‍ട്ടികളിലേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ മറു കക്ഷിയിലെ റിബല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങുകയും റിബലുകള്‍ വിജയിക്കുകയും ചെയ്തിരുന്നു. കൊണ്ടോട്ടി മണ്ഡലത്തില്‍ പെടുന്ന വാഴക്കാട്, നെടിയിരുപ്പ്, പുളിക്കല്‍, വാഴയൂര്‍ തുടങ്ങി പഞ്ചായത്തുകളിലെല്ലാം ലീഗും കോണ്‍ഗ്രസും നല്ല സ്വരച്ചേര്‍ച്ചയിലല്ല തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. നെടിയിരുപ്പില്‍ ലീഗിനെതിരെ സി പി എം- കോണ്‍ഗ്രസ് സഖ്യമായിരുന്നു രംഗത്തുണ്ടായിരുന്നത്.
മുതുവല്ലൂര്‍ പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നതെങ്കിലും ഭരണത്തില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കിയിട്ടില്ല. വാഴക്കാട് പഞ്ചായത്തിലും സമാന സ്ഥിതിയായിരുന്നതിനാല്‍ തങ്ങള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കില്ലെന്ന കോണ്‍ഗ്രസ് ഭീഷണിയെ തുടര്‍ന്ന് ഭരണ സമിതിയില്‍ പ്രാതിനിധ്യം നല്‍കുകയായിരുന്നു.
അതെ സമയം, മുനിസിപ്പാലിറ്റിയായി ഉയരുന്ന കൊണ്ടോട്ടിയില്‍ ഭരണം ഒറ്റക്ക് കൈയാളാനുള്ള അണിയറ നീക്കങ്ങളാണ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നിലെ മറ്റൊരു ലക്ഷ്യമെന്നും പറയപ്പെടുന്നു. നെടിയിരുപ്പ് പഞ്ചായത്തില്‍ നിലവില്‍ ലീഗ് തനിച്ചാണ് ഭരണം നടത്തുന്നത്. ഇവിടെ ലീഗും കോണ്‍ഗ്രസും മുഖ്യ ശത്രുക്കളായാണ് മത്സര രംഗത്തുണ്ടായിരുന്നത്.
മുനിസിപ്പാലിറ്റിയാകുന്ന കൊണ്ടോട്ടിയിലേക്ക് നെടിയിരുപ്പ് പഞ്ചായത്ത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. കൊണ്ടോട്ടിയിലും നെടിയിരുപ്പിലും ലീഗ് തനിച്ചു ഭരണം കൈയാളുന്നത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെടുമ്പോഴും തനിച്ച് ഭരിക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. അതെ സമയം നെടിയിരുപ്പിലെ പോലെ കൊണ്ടോട്ടി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സി പി എം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായാല്‍ പോലും ലീഗിന് ഭയപ്പെടേണ്ടതില്ലെന്നാണ് ഇരു പഞ്ചായത്തുകളിലേയും പ്രാദേശിക നേതാക്കള്‍ പറയുന്നത്. ഏതായാലും മണ്ഡലത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ലീഗ് കോണ്‍ഗ്രസ് ശീത സമരം അടുത്ത തിരഞ്ഞെടുപ്പില്‍ കത്തിപടരുമെന്നത് തീര്‍ച്ചയാണ്. കെ പി സി സിയല്ല ഹൈക്കമാന്റ് പറഞ്ഞാലും അടുത്ത തിരഞ്ഞെടുപ്പില്‍ ലീഗുമായി സഖ്യമുണ്ടാക്കാന്‍ തങ്ങളെ കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഏതു ചെകുത്താനുമായി കൂട്ടു കൂടിയാലും മണ്ഡലത്തില്‍ ലീഗിനെ ഒന്നും ചെയ്യാനാകില്ലെന്ന് ലീഗ് പ്രവര്‍ത്തകരും പറയുന്നു.

Latest