Connect with us

Malappuram

കൊളത്തൂര്‍ ബ്ലാക്ക് മെയിലിംഗ് കേസ്: പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുത്തു

Published

|

Last Updated

പെരിന്തല്‍മണ്ണ: കൊളത്തൂരിലെ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കൊണ്ടോട്ടി തുറക്കല്‍ സ്വദേശി നസീമ മന്‍സിലിലെ നിസാര്‍ ബാബു എന്ന ബാബു, ചേകനൂര്‍ വട്ടംകുളം മുതുമുറ്റത്ത് ബശീര്‍ എന്ന മുത്തു എന്നിവരെയാണ് സി ഐ കെ എം ബിജുവും അന്വേഷണ സംഘവും ചേര്‍ന്ന് തെളിവെടുപ്പ് നടത്തിയത്.
കൊളത്തൂര്‍ സ്വദേശിയായ പരാതിക്കാരനെ സ്ത്രീകളെ മുന്‍നിര്‍ത്തി പ്രലോഭിപ്പിച്ച് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും വീടും പണവും ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയെന്നതാണ് ഇവരുടെ പേരിലുള്ള കേസ്. കഴിഞ്ഞയാഴ്ചയാണ് അങ്ങാടിപ്പുറം കോട്ടപ്പുറം വെച്ച് പ്രതികളെ പോലീസ് പിടികൂടിയിരുന്നത്. പിന്നീട് കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്ത ഇവരെ പരാതിക്കാരനെ ബ്ലാക്ക്‌മെയിലിംഗ് നടത്തി കൈവശപ്പെടുത്തിയ കൊളത്തൂര്‍ ഓണപ്പുടയിലുള്ള സ്ഥലത്തും പ്രതികള്‍ പരാതിക്കാരനെ കാറില്‍ കയറ്റി മഞ്ചേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഭീഷണിപ്പെടുത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി.
ഈ കേസിലെ മറ്റു മൂന്നു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള ബാക്കി പ്രതികള്‍ക്കായി മുഖ്യ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായും സി ഐ കെ എം ബിജു അറിയിച്ചു.
പ്രതികളെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പി എന്‍ മോഹനകൃഷ്ണന്‍, ടി ശ്രീകുമാര്‍, സി പി മുരളി, പി മോഹന്‍ദാസ്, ഗ്രേഡ് എസ് ഐ സൈത്, ടി കുഞ്ഞയമു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.