കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ഉയര്‍ന്ന വാടക കര്‍ഷകരെ വലയ്ക്കുന്നു

Posted on: February 22, 2015 11:24 am | Last updated: February 22, 2015 at 11:24 am

ചിറ്റൂര്‍: കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ഏകീകരിച്ച വാടക നിശ്ചയിച്ച് ചൂഷണത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി കലക്ടര്‍ക്കു നിവേദനം നല്‍കി.
താണിയമ്പാടം പാടശേഖര സമിതി സെക്രട്ടറി ആര്‍. ഗോപിയുടെ നേതൃത്വത്തിലുള്ള കര്‍ഷകരാണ് നിവേദനംനല്‍കിയത്. ജില്ലയില്‍ രണ്ടാം വിള കൊയ്ത്ത് ആരംഭിച്ചു. തൊഴിലാളി ലഭ്യത കുറവുകാരണം കൊയ്ത്തു യന്ത്രങ്ങളെയാണ് മിക്ക കര്‍ഷകരും ആശ്രയിച്ചു പോരുന്നത്. ഒന്നാം വിളക്കാലത്ത് കൊയ്ത്തു യന്ത്രങ്ങള്‍ക്ക് മണിക്കൂറിനു 1700 രൂപ വാടകയിനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം വിള സീസണില്‍ കൊയ്ത്ത് യന്ത്ര വാടക മണിക്കൂറിനു 2300 മുതല്‍ 2500 രൂപ വരെ കര്‍ഷകരില്‍ നിന്നു ഈടാക്കി വരികയാണ്. ഡീസലിനു 12 രൂപ കുറവുവന്നിട്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് 1300 രൂപയാണ് വാടക നിശ്ചയിച്ചിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന സ്വകാര്യ കൊയ്ത്തു യന്ത്രങ്ങള്‍ക്ക് ഏകീകരിച്ച വാടക നിശ്ചയിച്ച് കര്‍ഷകരെ ചൂഷണത്തില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും രക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയിലെ താണിയമ്പാടം പാടശേഖര സമിതിയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.