പട്ടാമ്പി താലൂക്ക് ഓഫീസില്‍ ഓണ്‍ ലൈന്‍ സംവിധാനമായില്ല; ജനങ്ങള്‍ ദുരിതത്തില്‍

Posted on: February 22, 2015 11:04 am | Last updated: February 22, 2015 at 11:04 am

കൊപ്പം : പട്ടാമ്പി താലൂക്ക് ഓഫീസില്‍ ഓണ്‍ലൈന്‍ സംവിധാനമായില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകള്‍ ശരിയാക്കിക്കിട്ടുന്നതിന് കാലതാമസം നേരിടുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. തലൂക്കുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനും മറ്റു സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനമില്ലാത്തത് കാലതാമസത്തിനിടയാക്കുന്നുവെന്നാണ് പരാതി.സര്‍ട്ടിഫിക്കററുകള്‍ ഒറ്റപ്പാലത്തോ ജില്ലാ കലക്ടറേറ്റിലോ എത്തി ആവശ്യക്കാര്‍ക്ക് ലഭിക്കുമ്പോഴേക്കും കാര്യ സാധ്യത്തിന് സമയം വൈകിയിരിക്കും.
ഓണ്‍ ലൈന്‍ വഴി അപേക്ഷിച്ച് എളുപ്പത്തില്‍ ലഭിക്കേണ്ട പലസര്‍ട്ടിഫിക്കറ്റുകളും ഇ- സംവിധാനം വരാത്തതാണ് വൈകുന്നത്. താലൂക്ക് ഷൂട്ട്, ഇ-സേവനങ്ങളാണ് താലൂക്കില്‍ അടിയന്തിരമായി വരേണ്ടത്. താലൂക്ക് സംവിധാനം വന്നിട്ട് ഒരു വര്‍ഷമായിട്ടും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കംപ്യൂട്ടറുകള്‍ക്ക് വേണ്ട യുപിഎസ്സുകള്‍ താലൂക്കില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വേണ്ട ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് വയറിംങ്ങ് നടത്താത്തതാണ് പ്രശ്‌നം.
താലൂക്കിനെ ജില്ലാ കലക്ടറേറ്റ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഷൂട്ട് എന്ന് പറയുന്നത്. താലൂക്ക് ഓഫീസിലെ വിവിധ വകുപ്പുകള്‍ക്കുള്ള ഫയലുകള്‍ ഓണ്‍ലൈന്‍ വഴി കലക്ടറേറ്റില്‍ നിന്ന് ലഭ്യമാക്കാന്‍ സഹായിക്കുന്നതിനാണ് ഇ- സംവിധാനം. ഇവരണ്ടും ഇവിടെയില്ല. നിലവില്‍ തപാല്‍ വഴിയാണ് ഫയലുകള്‍ നീക്കുന്നതെന്ന് താലൂക്ക് ഓഫീസ് അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി സംവിധാനമില്ലാത്തതിനാല്‍ ഒറ്റ കഌക്കില്‍ ല’ിക്കേണ്ട വിവരങ്ങള്‍ക്ക് ദിവസങ്ങള്‍ വേണ്ടി വരും. താലൂക്കില്‍ നിന്ന് ലഭിക്കേണ്ട ജാതിസര്‍ട്ടിഫിക്കറ്റ് പോലുള്ളവ ഓണ്‍ലൈന്‍ വഴിയാക്കുന്നതകിനുള്ള സംവിധാനമാണ് ഇ-ഡിസ്ട്രിക്.
വില്ലേജ് ഓഫീസ് മുഖേനെ താലൂക്കിലേക്ക് നല്‍കേണ്ട അപേക്ഷകള്‍ കംപ്യൂട്ടര്‍ വഴി താലൂക്കിലെത്തിക്കാനുള്ള സംവിധാനമാണിത്. നിലവില്‍ ഇവയെല്ലാം കഌക്കുമാര്‍ എഴുതി നല്‍കുകയാണ്. ഓരോ ദിവസവും ഒരുപാട് അപേക്ഷകള്‍ എത്തുന്നതോടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വൈകുന്നതിന് ഇത് കാരണമാകുന്നു. പട്ടാമ്പി താലൂക്ക് സ്ഥിപിച്ചതോടെ ദീര്‍ഘദൂരം സഞ്ചരിച്ച് ഒറ്റപ്പാലത്ത് എത്തി കാര്യനിര്‍വഹണം നടത്തേണ്ട ഗതികേട് മാറിയെങ്കിലും ഓണ്‍ലൈന്‍ ഉള്‍പ്പെടെ മതിയായ സൗകര്യമില്ലാത്തതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനും മറ്റും കാലതാമസം നേരിടുന്നത് നാട്ടുകാര്‍ക്ക് പ്രയാസമാകുന്നുണ്ട്. സ്‌പ്ലൈ ഓഫീസ് പട്ടാമ്പിയില്‍ തുടങ്ങാത്തതിനാല്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും താലൂക്കുകാര്‍ക്ക് ഇന്നും ഒറ്റപ്പാലത്ത് എത്തേണ്ട അവസ്ഥയാണുള്ളത്.