Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം വീണ്ടും അനിശ്ചിതത്വത്തില്‍

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം വീണ്ടും ഇഴഞ്ഞുനീങ്ങുമെന്ന് ആശങ്ക. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്കായി നാട്ടുകാരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അടുത്തിടെ സജീവ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പദ്ധതിക്കായുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 25 കോടി രൂപ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളും പിന്നീടുള്ള നിലപാട് മാറ്റവും സര്‍ക്കാറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും നോക്കിയാല്‍ നിശ്ചിത തീയതിക്കുള്ളില്‍ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പോലും നടക്കില്ലെന്നാണ് ആരോപണം.
2008ല്‍ മന്ത്രിസഭ നല്‍കിയ ഭരണാനുമതി 2015 ഏപ്രിലില്‍ റദ്ദാവുമെന്നതാണ് പ്രധാനമായും ആശങ്ക വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ 22ന് മുമ്പ് സ്ഥലമെടുപ്പ് പൂര്‍ത്തിയാകേണ്ടതുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 25 കോടി കൊണ്ട് കാര്യമായി ഒന്നും നടക്കില്ലെന്നതാണ് വസ്തുത. ഈ ഫണ്ട് പോലും നിശ്ചിത കാലയളവിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഭിക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. പദ്ധതി റദ്ദാവുകയാണെങ്കില്‍ പീന്നിട് ആദ്യം മുതലേ പുതിയ പദ്ധതിയായി തുടങ്ങേണ്ടിവരും.
പാറോപ്പടി, എരഞ്ഞിപ്പാലം പ്രദേശങ്ങളിലെ റോഡരികിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ കലക്ടറേറ്റില്‍ നിന്ന് കാണാതായതോടെ പ്രവൃത്തി പലതവണ അനിശ്ചിതത്വത്തിലായിരുന്നു. ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ 2014 ജൂലൈ അഞ്ചിന് നടന്ന കൂട്ട ഉപവാസ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഫയലുകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിടുകയായിരുന്നു. പദ്ധതി സമര്‍പ്പണത്തിന്റെ ഉദ്ഘാടനം നടത്തിയ വേളയില്‍ മുഖ്യമന്ത്രി ആദ്യ ഗഡുവായി 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ വകുപ്പിനോട് ആലോചിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാറിന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് പിന്നീട് പണം അനുവദിച്ചില്ല.
ഫെബ്രുവരിയില്‍ സപ്ലിമെന്ററി ബജറ്റിലൂടെ 100 കോടിയും പിന്നിട് ബജറ്റില്‍ ബാക്കി തുകയും നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ മാസം സപ്ലിമെന്റ് ബജറ്റ് പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 13നുളള ബജറ്റില്‍ പണം അനുവദിച്ചാല്‍ തന്നെ ഏപ്രിലിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുളള സാധ്യതയില്ല. പദ്ധതി യഥാര്‍ഥ്യമാകണമെങ്കില്‍ റോഡ് വികസനത്തിനുളള ഭരണാനുമതി നീട്ടിക്കൊടുക്കുകയാണ് വേണ്ടത്.
അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കുകയും പ്രാരംഭ പ്രവൃത്തിക്കായി 25 കോടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാംഘട്ട ഉപവാസ സമരം ഇക്കഴിഞ്ഞ 11ന് എം ജി എസും ആക്ഷന്‍ സമിതിയും അവസാനിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും പിന്നീട് നടപടികളൊന്നും നടന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാറിന്റെ നഗരപാത വികസന പദ്ധതിയില്‍പ്പെട്ട കോഴിക്കോട്ടെ പ്രധാനപ്പെട്ട റോഡാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്. അപകടങ്ങള്‍ തുടര്‍ക്കഥയായ ഇടുങ്ങിയ റോഡിലെ 8.4 കിലോമീറ്റര്‍ ദൂരം 24 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി.

---- facebook comment plugin here -----

Latest