വി എസ് തിരുവനന്തപുരത്ത്‌; കേന്ദ്രനേതൃത്വം അനുനയ ശ്രമങ്ങള്‍ തുടരുന്നു

Posted on: February 22, 2015 10:18 am | Last updated: February 24, 2015 at 11:27 am

vsതിരുവനന്തപുരം: സിപിഎം നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍ നിന്നും മടങ്ങിയ വി എസ് തിരുവനന്തപുരത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വി എസ് തന്റെ വിശ്വസ്തരുമായി ചര്‍ച്ച നടത്തുകയാണ്. വി എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുന്നമെന്നതുള്‍പ്പെടെയുള്ള അഭ്യൂഹമാണ് ഇപ്പോള്‍ ഉള്ളത്.
അതേസമയം പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രനേതൃത്വം ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആലപ്പുഴയില്‍ നിന്ന് അദ്ദേഹം തിരിച്ചത്. തന്റെ ഉപാധികളില്‍ കേന്ദ്ര നേതൃത്വം നിലപാട് അറിയിക്കാന്‍ വി എസ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ വി എസ് സംസ്ഥാന സമ്മേളനത്തില്‍ ഇനി പങ്കെടുത്തേക്കില്ല.
സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കണമെങ്കില്‍ നാല് ഉപാധികളാണ് വി എസ് മുന്നോട്ട് വച്ചിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടി വേണം, പൊതുചര്‍ച്ചയില്‍ ഏകപക്ഷീയ വിമര്‍ശനം അവസാനിപ്പിക്കണം, തനിക്കെതിരെ അവതരിപ്പിച്ച സെക്രട്ടേറിയറ്റ് പ്രമേയം മരവിപ്പിക്കണം, സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ നീക്കാനുള്ള നീക്കം തടയണം എന്നിവയാണ് വി എസ് മുന്നോട്ട് വച്ച ഉപാധികള്‍.